മോഹൻലാൽ പെർഫെക്ട് ഡ്രൈവറാണ്, അന്ന് ഡ്രൈവിങ് കണ്ട് അന്തംവിട്ടു; മണിയൻപിള്ള രാജു
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് മണിയൻപിള്ള രാജു. വർഷങ്ങളായി സിനിമയിൽ തുടരുന്ന അദ്ദേഹത്തിന് സിനിമയിൽ നിന്നും നിരവധി സൗഹൃദങ്ങളുമുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരൊക്കെയായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് മണിയൻപിള്ള രാജു. ഇതിൽ മോഹൻലാലുമായി സിനിമയിൽ എത്തുന്നതിന് മുന്നേയുള്ള സൗഹൃദമാണ് നടന്റെത്. സ്‌കൂൾ കാലഘട്ടത്തിൽ മോഹൻലാലിനെ ആദ്യമായി നാടകത്തിൽ അഭിനയിപ്പിച്ചത് മണിയൻപിള്ള രാജുവാണ്. പിന്നീട് സിനിമയിൽ എത്തിയപ്പോഴും ആ സൗഹൃദം തുടർന്നു നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ചു.
മമ്മൂട്ടിയുമായും ഏറ്റവും അടുത്ത ബന്ധമാണ് നടന്റെത്. മമ്മൂട്ടിയുടെ മുറിയിൽ തട്ടാതെ കയറി ചെല്ലാൻ കഴിയുന്ന രണ്ടുപേരിൽ ഒരാളാണ് താനെന്ന് മണിയൻപിള്ള രാജു മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ രണ്ടു പ്രിയ സുഹൃത്തുക്കളുടെയും ഡ്രൈവിങിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് മണിയൻപിള്ള രാജു മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഡ്രൈവിങിനെ കുറിച്ച് വാചാലനായത്.
മമ്മൂട്ടിയുടെ വണ്ടി ഭ്രാന്തിനെ കുറിച്ചും ഡ്രൈവിങ്ങിനോടുള്ള ഇഷ്ടത്തെ കുറിച്ചുമൊക്കെ കേരളത്തിലെ കൊച്ചു കുട്ടികൾക്ക് പോലും അറിയുന്നതാണ്. അതേസമയം സിനിമയിൽ അല്ലാതെ മോഹൻലാലിനെ വണ്ടിയോടിച്ച് കാണാറില്ല. എന്നാൽ അധികം ഡ്രൈവ് ചെയ്യാറിലെങ്കിലും മോഹൻലാൽ പെർഫെക്ട് ഡ്രൈവറാണ് എന്ന് പറയുകയാണ് മണിയൻപിള്ള രാജു.
'വണ്ടി ഓടിക്കുന്നതിൽ എൻജോയ്‌മെന്റ് കണ്ടെത്താത്ത, അങ്ങനെ വണ്ടി ഓടിക്കാറില്ലാത്ത ഒരാളാണ് മോഹൻലാൽ. പക്ഷെ പെർഫെക്ട് ഡ്രൈവറാണ്. നമ്പർ 20 മദ്രാസ് മെയിലിൽ അഭിനയിക്കുമ്പോൾ തിരക്കുള്ള ചെന്നൈയിലൂടെ അവിടുത്തെ ടാക്സി കാർ, കറുപ്പും മഞ്ഞയും നിറത്തിലുള്ള ഫിയറ്റിന്റെ വണ്ടി അദ്ദേഹം ഓടിച്ചിട്ടുണ്ട്. പരിചയമില്ലാത്ത വണ്ടിയാണ്, അത് മോഹൻലാലിന്റെ അടുത്ത് കൊടുത്തിട്ട് ചെന്നൈയിലെ ട്രാഫിക്കിലൂടെ സ്പീഡായിട്ട് ഓടിക്കണം എന്ന് പറഞ്ഞു',
'ഞാനും ജഗദീഷും ആ വണ്ടിയിലുണ്ട്. ഞങ്ങൾ അന്തം വിട്ടുപോയി. ഷോട്ട് കഴിഞ്ഞ് ഇറങ്ങി വന്നപ്പോൾ ജോഷി സാർ ചോദിച്ചു, ഇതെങ്ങനെ കൺട്രോൾ ചെയ്തെന്ന്. വേഗം വേഗം ഗിയർ മാറ്റി ആ ഒരു മാനുവൽ ഓപ്പറേഷൻ കൃത്യമായി ചെയ്താണ് മോഹൻലാൽ അന്ന് ഓടിച്ചത്', മണിയൻപിള്ള രാജു പറഞ്ഞു. മമ്മൂട്ടിയുടെ വാഹന കമ്പത്തെ കുറിച്ചും അദ്ദേഹം വാചാലനായി.
'അതേസമയം വണ്ടി ഓടിക്കുന്ന കാര്യത്തിൽ അന്നും ഇന്നും എൻജോയ്‌മെന്റ് കണ്ടെത്തുന്ന ആളാണ് മമ്മൂട്ടി. ഞാൻ അക്കാലത്ത് മമ്മൂട്ടിയോട് ചോദിച്ചു, നിങ്ങൾ എല്ലാ വണ്ടിയും വാങ്ങുന്നില്ലേ ഒരു കാരവാൻ വാങ്ങിക്കൂടേയെന്ന്. ഞാൻ വാങ്ങിക്കില്ല എന്നായിരുന്നു മറുപടി. കാരണം ചോദിച്ചപ്പോൾ എനിക്ക് ഓടിക്കാൻ പറ്റില്ലല്ലോ, വേറെ ആളല്ലേ കാരവൻ ഓടിക്കുന്നതെന്ന്. മമ്മൂട്ടിക്ക് വണ്ടിയോട് ഭയങ്കര ക്രേസാണ്', മണിയൻപിള്ള രാജു പറഞ്ഞു.