ഞാൻ വിചാരിച്ചത് ഇവർ മിണ്ടില്ല, ഭയങ്കര ജാഡയായിരിക്കും എന്നാണ്; തന്റെ റോൾ മോഡലാണ് ജയ ബാധുരിയെന്ന് മല്ലിക സുകുമാരൻ
താര ദമ്പതികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. അമിതാഭ് ബച്ചൻ ഇന്നും അഭിനയ രംഗത്ത് സജീവമായി തുടരുമ്പോൾ ജയ ബച്ചൻ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ നൽകുന്നു. ജനങ്ങൾക്കിടയിൽ രണ്ട് പേർക്കും രണ്ട് ഇമേജാണ്. വലിയ ദേഷ്യക്കാരിയാണ് ജയ ബച്ചനെന്ന് വിമർശകർ പറയുന്നു. പൊതുവിടങ്ങളിൽ ജയ ബച്ചൻ ദേഷ്യപ്പെട്ട ഒന്നിലേറെ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം സഹപ്രവർത്തകർക്ക് ജയ ബച്ചനെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. ഇപ്പോഴിതാ ജയ ബച്ചനും അമിതാഭ് ബച്ചനുമൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് നടി മല്ലിക സുകുമാരൻ. ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങിന് വന്ന ശേഷം അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ വീട്ടിൽ അമിതാഭ് ബച്ചനും ജയ ബച്ചനും എത്തിയപ്പോഴാണ് മല്ലിക സുകുമാരൻ ഇരുവരെയും കാണുന്നത്.
തനിക്ക് ഇഷ്ടപ്പെട്ട വ്യക്തിയാണ് ജയ ബച്ചനെന്ന് മല്ലിക സുകുമാരൻ പറയുന്നു. എന്റെ റോൾ മോഡലാണ് ജയ ബാധുരി. അഭിനയം കൊണ്ടും സ്വഭാവ രീതി കൊണ്ടുമെല്ലാം. ഇപ്പോൾ രാഷ്ട്രീയത്തിൽ തെറ്റ് കാണിച്ചാൽ കുറച്ച് ശബ്ദത്തിൽ സംസാരിച്ചെന്നിരിക്കും. അത് സ്വഭാവത്തിന്റെ കുറ്റമായി നിങ്ങൾ കാണരുത്. എല്ലാ സ്ത്രീകളും അങ്ങനെയാണ്. ക്ഷമ പരീക്ഷിക്കുന്ന സംഭവങ്ങൾ വരുമ്പോൾ ചിലപ്പോൾ പൊട്ടിത്തെറിച്ചെന്നിരിക്കും.
വെള്ളരിക്ക കൊണ്ടുള്ള കിച്ചടിയുണ്ടായിരുന്നു അവിടെ. ലോകമെമ്പാടും ആരാധിക്കുന്ന അമിതാഭ് ബച്ചൻ ഇതെന്താണെന്ന് ചോദിച്ചു. സുകുമാരൻ സാറിനോടാണ് ചോദിച്ചത്. കുക്കുമ്പർ ആണിത്, എന്താണ് വിഭവമെന്ന് എന്റെ ഭാര്യ പറഞ്ഞ് തരുമെന്ന് സുകുവേട്ടൻ. ഞാൻ അടുത്ത് ചെന്ന് പറഞ്ഞ് കൊടുത്തു. അമിതാഭ് ബച്ചനും ജയ മാഡവും എന്നോട് സംസാരിച്ചത് നല്ല സ്മരണകളോടെ ഞാൻ ഓർക്കും. കാരണം ഞാൻ വിചാരിച്ചത് ഇവർ മിണ്ടില്ല, ഭയങ്കര ജാഡയായിരിക്കും എന്നാണ്. അത്രയും വലിയ സ്ഥാനം സിനിമാ രംഗത്തുള്ളവരാണ് അവർ. പിന്നീടും താൻ ജയ ബാധുരിയെ കണ്ടിട്ടുണ്ടെന്ന് മല്ലിക സുകുമാരൻ ഓർത്തു. ആളുകൾ അറിഞ്ഞ് തരുന്ന സ്ഥാനമാണ് താരങ്ങൾക്ക് ജനത്തിനിടയിലുള്ളത്. അത് ദുരുപയോഗം ചെയ്യരുത്. ജനിച്ചപ്പോൾ ആരും താരമല്ല. എത്രയൊക്കെ വലുതായാലും പഴയ കാര്യങ്ങൾ പറയുമ്പോൾ പിന്നേ എന്ന് പറഞ്ഞ് ഓർക്കുന്നത് എന്നെ സംബന്ധിച്ച് വലിയ സന്തോഷമാണ്. ഓർത്താലും ആണോ എന്ന് ചോദിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും മല്ലിക സുകുമാരൻ പറഞ്ഞു. കൗമുദി മൂവീസിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.