മമ്മൂക്കയുടെ കാലിൽ തൊട്ടപ്പോൾ അദ്ദേഹം വളരെ സ്നേഹത്തോടെ ഇടപെട്ടു; എൻറെ ടെൻഷൻ എവിടെയോ പോയിമറഞ്ഞു; മഹിമ നമ്പ്യാർ
2010ൽ പുറത്തിറങ്ങിയ കാര്യസ്ഥൻ എന്ന ദിലീപ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് മഹിമ. 2012ൽ സട്ടൈ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്രരംഗത്ത് അരങ്ങേറി. തുടർന്നു 14 തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിനിടെ, മാസ്റ്റർപീസ്, മധുരരാജ എന്നീ മമ്മൂട്ടി ചിത്രങ്ങളിലും മഹിമ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ഓണക്കാലത്തു തിയറ്റിൽ എത്തിയ ആർഡിഎക്സിൽ യുവതാരം ഷെയിൻ നിഗമിൻറെ ജോഡി ആയാണ് താരം എത്തിയത്.
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നതെന്ന് മഹിമ. ഒരു മാഗസിനിൽ വന്ന എൻറെ ഫോട്ടോ കണ്ടിട്ടാണ് ദിലീപേട്ടൻ നായകനാകുന്ന കാര്യസ്ഥനിൽ അവസരം ലഭിക്കുന്നത്. അദ്ദേഹത്തിൻറെ സഹോദരിയുടെ വേഷമായിരുന്നു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞാണ് പുതിയൊരു അവസരം വരുന്നത്. കാര്യസ്ഥനിലെ പ്രൊഡക്ഷൻ കൺട്രോളർ ആണ് പിന്നീട് ആദ്യ തമിഴ് സിനിമയിലേക്ക് ഫോട്ടോ അയച്ചുകൊടുക്കുന്നത്. 2012ൽ പുറത്തുവന്ന സട്ടൈ ആണ് ആദ്യ തമിഴ് ചിത്രം. പിന്നീട് വിജയ് സേതുപതിയുടെ സിനിമയിൽ നല്ലൊരു വേഷംചെയ്തു.
സട്ടൈ എന്ന എന്ന തമിഴ് ചിത്രം ചെയ്ത് അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് മലയാളത്തിൽ തിരിച്ചെത്തുന്നത്. മാസ്റ്റർപീസിൽ അഭിനയിച്ചെങ്കിലും മമ്മൂക്കയ്ക്കൊപ്പം കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നില്ല. മധുരരാജയിലാണ് ആദ്യമായി മമ്മൂക്കയുടെ കൂടെ അഭിനയിച്ചത്.
മധുരരാജയിൽ എന്റെ ആദ്യ സീൻ മമ്മൂക്കയ്ക്ക് ഒപ്പമായിരുന്നു. വലിയ ടെൻഷനിൽനിന്ന എന്നോടു സംവിധായകൻ വൈശാഖേട്ടനാണ് പോയി മമ്മൂക്കയുടെ അനുഗ്രഹമൊക്കെ വാങ്ങാൻ പറഞ്ഞത്. ഞാൻ പോയി മമ്മൂക്കയുടെ കാലിൽ തൊട്ടപ്പോൾ അദ്ദേഹം വളരെ സ്നേഹത്തോടെ ഇടപെട്ടു. അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ എന്റെ ടെൻഷൻ എവിടെയോ പോയിമറഞ്ഞു- മഹിമ പറഞ്ഞു.