'ഞാൻ നോർമൽ അല്ല, എല്ലാവരും നോർമലാകണമെന്ന് നിർബന്ധിക്കാൻ പറ്റില്ല, ആൾക്കാർ വട്ടെന്ന് വിളിക്കും'; ലെന
നടി ലെന കുറേ വർഷങ്ങളായി ആത്മീയതയുടെ പാതയിലാണ്. അടുത്തിടെ ഓട്ടോബയോഗ്രഫി എന്ന പുസ്തകം പുറത്തിറക്കുകയും ചെയ്തു നടി. ആഴത്തിലുള്ള ആത്മീയ കാര്യങ്ങളാണ് പുസ്തകത്തിൽ വിവരിക്കുന്നത്. പുസ്തക പ്രകാശനത്തോട് അനുബന്ധിച്ച് നൽകിയ അഭിമുഖങ്ങളിൽ ലെന നടത്തിയ പരാമർശങ്ങൾ വലിയ തോതിൽ ചർച്ചയായി.
ലെനയുടെ പ്രസ്താവനകളെക്കുറിച്ച് പല അഭിപ്രായം വന്നു. ലെന സ്വബോധത്തോടെയല്ല സംസാരിക്കുന്നതെന്ന് വരെ അഭിപ്രായങ്ങൾ വന്നു. ഇതിന് ലെന നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. താൻ നോർമൽ അല്ലെന്ന് നടി തുറന്ന് പറഞ്ഞു. എല്ലാവരും നോർമലാകണമെന്ന് നിർബന്ധിക്കാൻ പറ്റില്ലെന്നും ലെന പറഞ്ഞു.
ആവറേജിന് സ്റ്റാറ്റിറ്റിഷ്യൻസ് വിളിക്കുന്ന ഓമനപ്പേരാണ് നോർമൽ. നിങ്ങൾക്ക് നോർമലായിയിരിക്കണമെങ്കിൽ ആവറേജാകുക. ഞാൻ കുട്ടിക്കാലം മുതൽ ഇത്തിരി അപ്‌നോർമലാണ്. സ്‌കൂളിൽ റാങ്ക് ഹോൾഡറായിരുന്നു. സൈക്കോളജി പഠിച്ചപ്പോൾ കേരള സ്റ്റേറ്റ് റാങ്ക് ഹോൾഡറായി. 25 വർഷമായി സിനിമയിൽ വർക്ക് ചെയ്യുന്നു. 20 വർഷത്തോളം ഇന്റർവ്യൂകളിൽ വരുമ്പോൾ നോർമലായി അഭിനയിച്ചു. 20 വർഷം കഴിഞ്ഞപ്പോൾ എനിക്കങ്ങ് ബോറടിച്ചു. ഈ പുസ്തകത്തിൽ എല്ലാം പറഞ്ഞിട്ടുണ്ട്, എന്നാൽ പിന്നെ ഇന്റർവ്യൂകളിലും പറഞ്ഞേക്കാമെന്ന് കരുതി. ഞാൻ നോർമൽ അല്ല.
ഞാൻ എപ്പോഴും എബോവ് ആവറേജ് ആയിരുന്നു. നോർമലായും ആവറേജായും ഇരിക്കുന്നതിൽ സന്തോഷമില്ലെങ്കിൽ ഫ്രീയാവുക. ആൾക്കാർ നമ്മളെ വട്ടെന്ന് വിളിക്കും. വട്ടിന്റെ അർത്ഥമെന്താണ്. ഒരാൾ വന്ന് നമ്മളോട് എന്തോ പറഞ്ഞു, നമുക്ക് മനസിലായില്ലെങ്കിൽ അവനെന്തോ പറഞ്ഞിട്ട് പോയി, അവന് വട്ടാണെന്ന് പറയും. എനിക്ക് മനസിലാകാത്തത് കാരണം അവന് വട്ടാണെന്ന്.
എനിക്കൊരു കുഴപ്പവുമില്ല. ഞാൻ അടിപൊളിയാണ്. അവർക്ക് മനസിലാകാത്ത ആൾ നോർമലായിരിക്കും. അവൻ ആവറേജാണ്. ആവറേജ് മനുഷ്യൻമാരെ ചൊറിയാൻ നിൽക്കരുത്. പറയാനുള്ളത് പറയുക. അവർക്ക് പറയാനുള്ളത് അവർ തിരിച്ച് പറയും. തിരിച്ച് വീണ്ടും മറുപടി കൊടുക്കാതിരിക്കുക. മറുപടി കൊടുക്കുന്നവൻ നോർമലാണ്.
മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഉത്തരവാദിത്വത്തോടെ താന്തോന്നിത്തരം കാണിക്കണം. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ തീർച്ചയായും സൈക്കോളിസ്റ്റിനും സൈക്യാട്രിസ്റ്റിനുമടുത്ത് ആളുകൾ കൊണ്ട് പോകും. അതിന്റെ എല്ലാ ചിട്ട വട്ടങ്ങളും ഫോളോ ചെയ്യേണ്ടി വരും. ഞാനത് ഫോളോ ചെയ്ത ആളാണ്.
ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയത് കൊണ്ടല്ല. എന്റെ വീട്ടുകാർക്ക് ഞാൻ പറയുന്നത് മനസിലായില്ല. ഇവളെ രക്ഷിക്കണമെന്ന് വീട്ടുകാർ. വട്ടാണെന്ന് വീട്ടുകാർ പറഞ്ഞു. ഇപ്പോൾ പൊതുസമൂഹത്തിലിറങ്ങി സംസാരിച്ചപ്പോഴാണ് ഇതിങ്ങനെയൊക്കെ ആണോയെന്ന് വീട്ടുകാർക്ക് പോലും തോന്നിയത്. ആവറേജായ ആൾക്കാരെ ബുദ്ധിമുട്ടിക്കാതെ താൻ 20 കൊല്ലം സുഖമായി ജീവിച്ചെന്നും ലെന വ്യക്തമാക്കി.