'ആ സീനില്‍ മുരളിയെന്ന കഥാപാത്രം മരിക്കുമ്പോള്‍ നരേന് പകരം മറ്റൊരാള്‍, കുറ്റബോധത്താല്‍ ചെയ്തത്'; ലാല്‍ ജോസ് പറയുന്നു
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമകള്‍ നല്‍കിയ സംവിധായകനാണ് ലാല്‍ ജോസ്. നിരവധി സിനിമകള്‍ ലാല്‍ ജോസ് സംവിധാനം ചെയ്തു. ലാല്‍ ജോസിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. ഒരു കാലത്ത് കാമ്പസുകള്‍ ഏറ്റെടുത്ത ചിത്രം പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവന്‍, നരേന്‍ തുടങ്ങി നിരവധി പേര്‍ അണിനിരന്ന ചിത്രം ഇന്നും മലയാളി യുവത്വം നെഞ്ചേറ്റിയ സിനിമ കൂടിയാണ്. ഇപ്പോഴിതാ പുതിയ ചിത്രമായ മന്ദാകിനിയില്‍ ഒരു വേഷം ലാല്‍ ജോസും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ലാല്‍ ജോസ് പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താന്‍ ക്ലാസ് മേറ്റ്‌സില്‍ ആദ്യം നരേന് പകരം കാസ്റ്റ് ചെയ്തിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നുവെന്ന് ലാല്‍ജോസ് പങ്കുവെക്കുന്നു. ചിത്രത്തില്‍ മുരളിയെന്ന കഥാപാത്രം മരിക്കുമ്പോള്‍ നരേന് പകരം മറ്റൊരാളെയാണ് ആ സീനില്‍ അഭിനയിപ്പിച്ചതെന്നും ലാല്‍ ജോസ് പറഞ്ഞു.
'ക്ലാസ് മേറ്റ്‌സില്‍ നരേന്റെ റോളിലേക്ക് കാസ്റ്റ് ചെയ്തത് കുഞ്ചാക്കോ ബോബനാണ്. ചാക്കോച്ചനോട് പറഞ്ഞ ഡേറ്റ് ആ പറഞ്ഞ ഡേറ്റില്‍ ചെയ്യാന്‍ പറ്റാതെ കുറഞ്ഞത് ആറ് മാസത്തോളം മാറി. അങ്ങനെ ചാക്കോച്ചന്റെ ഡേറ്റ് മിസ്സായി. അദ്ദേഹം അന്ന് എന്തോ വിദേശ ട്രിപ്പ് ഒക്കെ പോയി. ചാക്കോച്ചന്‍ ഇല്ലാതായപ്പോള്‍ പിന്നെ നമ്മള്‍ നേരെ ആലോചിച്ചത് നരേനെയാണ്,' ലാല്‍ ജോസ് പറഞ്ഞു.
ക്ലാസ്‌മേറ്റ്‌സില്‍ നരേന്റെ കാരക്ടറെ പൃഥ്വിരാജിന്റെ സുകുമാരന്‍ എന്ന കഥാപാത്രം കൊലപ്പെടുത്തുന്ന സീനില്‍ അയാളാണെന്ന് തോന്നാതിരിക്കാന്‍ നരേന് പകരം മറ്റൊരാളെയാണ് കാസ്റ്റ് ചെയ്തത്. അത് ലൈറ്റ് അപ്പ് ചെയ്യാന്‍ നന്നായി ബുദ്ധിമുട്ടിയിട്ടുണ്ടെന്നും ലാല്‍ജോസ് പറഞ്ഞു. അന്ന് അവിടെ സ്റ്റുഡന്‍സില്‍ അഭിനയിക്കാന്‍ വന്ന ഒരു പയ്യനെയാണ് നരേന് പകരം ആ സീനില്‍ വെച്ചത്. നരേന്റെ ഒരു രൂപം ഒക്കെ അവന് ഉണ്ടായിരുന്നു. എന്റെ ഒരു കുറ്റബോധം കാരണം ആണ് അത് ചെയ്തത്.
കാരണം മുരളിയും സുകുവും അടുത്ത സുഹൃത്തുക്കളാണ്. ഇരുട്ടാണെങ്കിലും അടുത്ത സുഹൃത്തിനെ തിരിച്ചറിയാന്‍ പറ്റില്ലേ എന്ന ചോദ്യം വരുമല്ലോ. ആ ചോദ്യത്തിനെ വ്യക്തിപരമായി മറികടക്കാന്‍ വേണ്ടിയാണ് ആ സീനില്‍ നരേന് പകരം ഏകദേശം അയാളെ പോലെ തോന്നിക്കുന്ന ഒരാളെ തന്നെ വെച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരും തന്നോട് അങ്ങനെ ചോദിച്ചില്ലെന്നും ലാല്‍ജോസ് പറഞ്ഞു. അതു മാത്രമല്ല. ആള്‍ക്കാര്‍ക്ക് ആ മൊമന്റില്‍ അത് നരേന്റെ കഥാപാത്രമാണെന്ന് മനസിലാക്കാനും പാടില്ലായിരുന്നു. അതുകൊണ്ട് കൂടിയാണ് താന്‍ അങ്ങനെ ഒരു ആളെ തെരഞ്ഞെടുത്തതെന്നും ലാല്‍ ജോസ് പറഞ്ഞു.