'നീ ഒരു നടനായാലേ അത് നിനക്ക് മനസിലാകൂ', അന്ന് മമ്മൂക്ക ദേഷ്യപ്പെട്ടു: ലാൽ ജോസ് പറയുന്നു
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. ഇപ്പോഴിതാ സിനിമ ഷൂട്ട് ചെയ്യുമ്പോൾ ഷോട്ട് എടുത്തു കഴിഞ്ഞാൽ ഓകെ ആണെന്ന് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന് ഇഷ്ടപ്പെടില്ലെന്ന് പറയുകയാണ് സംവിധായകരായ ലാൽ ജോസും അജയ് വാസുദേവും. മന്ദാകിനി എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് അജയ് വാസുദേവും ലാൽ ജോസും ഇക്കാര്യങ്ങൾ പറഞ്ഞത്.
അജയ് വാസുദേവും ലാൽ ജോസും ജൂഡ് ആന്തണി ജോസഫും ജിയോ ബേബിയും സുപ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അൽത്താഫ് സലിമും അനാർക്കലി മരിക്കാറുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. കോമഡി ത്രില്ലർ ആണ് ചിത്രം.
സിനിമയുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്. ഏറ്റവും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്ന നടനായി തോന്നിയിട്ടുള്ളത് മമ്മൂക്കയെയാണ്. ഇത്രയും കാലത്തെ പരിചയം കൊണ്ട് അദ്ദേഹത്തെ ഏതാണ്ട് ഊഹിക്കാൻ പറ്റുന്നതേ ഉള്ളു. സീൻ എക്സ്പ്ലൈൻ ചെയ്യുമ്പോൾ പുള്ളി സംശയങ്ങൾ ചോദിക്കും.
അപ്പോൾ കൃത്യമായി മറുപടി പറയണം. അല്ലാതെ ബ്ബ ബ്ബ ബ്ബ അടിക്കുകയോ ഉത്തരവാദിത്തം സ്‌ക്രിപ്റ്റ് എഴുതിയ ആളുടെ തലയിൽ ഇടുകയോ ചെയ്ത് കഴിഞ്ഞാൽ അദ്ദേഹത്തിന്റെ വിധം മാറും. തനിക്കും അതേ സ്വഭാവം ആയതുകൊണ്ട് അദ്ദേഹത്തെ പെട്ടെന്ന് മനസിലാകുമെന്നും ലാൽ ജോസ് പറയുന്നു.
ഡയരക്ട് ചെയ്യുന്ന സമയത്ത് എനിക്ക് ചീത്ത കേട്ടിട്ടുള്ളത് ഷോട്ട് എടുത്ത് കഴിഞ്ഞാൽ ഓക്കെ ആണെങ്കിൽ അടുത്ത പരിപാടിക്ക് പോകും. അത് ഓകെ ആണെന്ന് പറയാൻ വിട്ടു പോകും. അതിന് ചീത്ത കേട്ടിട്ടുണ്ട്. ഇത് ഓകെ ആണെങ്കിൽ പറഞ്ഞുകൂടെ എന്ന് മമ്മൂക്ക ചോദിക്കും.
ഒരു ദിവസം ഇങ്ങനെ പോകുന്ന സമയത്ത് അദ്ദേഹം വിളിച്ച് ചീത്ത പറഞ്ഞു, ഓകെ ആണെങ്കിൽ പറഞ്ഞൂടെ, നീ ആക്ടേഴ്സിനെ മതിക്കാത്ത സംവിധായകനാണ് എന്നൊക്കെ പറഞ്ഞു. ഇതേ പ്രശ്നം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് സംവിധായകൻ അജയ് വാസുദേവും പറഞ്ഞു. അസോസിയേറ്റ് ഡയറക്ടർമാരായി സംവിധാന രംഗത്തേക്ക് വന്ന എല്ലാവർക്കും ഉണ്ടാകുന്ന പ്രശ്നമാണിത്. നമുക്ക് സമയത്തിന്റെ കുറച്ച് കൂടുതൽ ശ്രദ്ധയാണ്. അത് വേസ്റ്റ് ചെയ്യാൻ കഴിയില്ല.
ഒരു ദിവസം തന്നെ മമ്മൂക്ക വിളിച്ച് പറഞ്ഞു തന്നു, നീ ഒരു നടനായാലേ അത് നിനക്ക് മനസിലാകൂ. ചെറിയ ആളായിക്കോട്ടെ, വലിയ ആളായിക്കോട്ടെ, നമ്മൾ ഷോട്ട് നന്നായി എന്നൊക്കെ കേൾക്കാനാണ് ആക്ടർമാർ ആഗ്രഹിക്കുക. അത് അവർക്ക് കിട്ടുന്ന ആദ്യത്തെ അവാർഡ് ആണ്. അതാണ് നീ നിഷേധിക്കുന്നത്. അത് വലിയ ക്രൂരതയാണെന്നും മമ്മൂട്ടി പറഞ്ഞതായി ലാൽജോസ് പറഞ്ഞു.
ഇപ്പോൾ ഞാൻ ഏത് ആക്ടർ ആയാലും ജൂനിയർ ആർടിസ്റ്റ് ആയാൽ പോലും ഷോട്ട് കഴിഞ്ഞാൽ നന്നായിരുന്നു കേട്ടോ എന്ന് പറയാറുണ്ട്. പിന്നെ ഞാൻ ക്യാമറയുടെ മുന്നിൽ വന്ന് നിൽക്കുമ്പോൾ എനിക്ക് അത് മനസിലാകാൻ തുടങ്ങിയെന്നും ലാൽ ജോസ് പറഞ്ഞു.
അജയ് വാസുദേവും സമാനമായ അനുഭവമാണ് പറഞ്ഞത്. ഷോട്ട് ഓക്കെ ആണെങ്കിൽ അത് പറഞ്ഞൂടെ, ഒന്നുകൂടെ എടുക്കാനാണെങ്കിൽ വൺസ്മോർ പറയാൻ മറക്കാറില്ലല്ലോ എന്നാണ് തന്നോട് മമ്മൂക്ക പറഞ്ഞതെന്നാണ് അജയ് വാസുദേവ് പറഞ്ഞത്.