'പ്രശസ്തരായ റൈറ്റേഴ്സാണ് അവർ, ഇങ്ങനാണോ അവരുടെ മുന്നിൽ പറയുന്നത്'; രാജുവിനോട് ഞാൻ പറഞ്ഞത്; ലാൽ ജോസ്
ലാൽ ജോസ്- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് അയാളും ഞാനും തമ്മിൽ. 2012ലാണ് സിനിമ റിലീസ് ചെയ്തത്. പ്രതാപ് പോത്തൻ, കലാഭവൻ മണി, നരേൻ, സംവൃത സുനിൽ, രമ്യ നമ്പീശൻ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിലെ അഴലിന്റെ ആഴങ്ങളിൽ എന്ന ഗാനം ഇപ്പോഴും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. സിനിമയുമായി ബന്ധപ്പെട്ട് ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ലാൽ ജോസ്. ചില നിർബന്ധങ്ങൾക്ക് വഴങ്ങാതിരുന്നിട്ടും 'അയാളും ഞാനും തമ്മിൽ' സൂപ്പർ ഹിറ്റായതിന് പിന്നിലെ കഥ.
ലാൽ ജോസിന്റെ വാക്കുകൾ
'അയാളും ഞാനും ചെയ്യുന്ന സമയത്ത് രാജു സോഷ്യൽ മീഡിയയിൽ ഒരുപാട് അറ്റാക്ക് നേരിടുന്ന കാലഘട്ടമാണ്. ഞാൻ ആ സമയത്ത് കസിൻസ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ഇവന്റെയും ലാലേട്ടന്റെയും പിറകെ നടക്കുന്ന സമയമാണ്. ഒരു ദിവസം രാജു എന്നെ വിളിച്ചിട്ട് പറഞ്ഞു; ലാലേട്ടാ ഞനൊരു കഥ കേട്ടു. എനിക്ക് കഥ ഇഷ്ടമായി. അവർ അഡ്വാൻസൊക്കെയായിട്ടാണ് വന്നത്. പക്ഷേ, ലാലുച്ചേട്ടൻ ഡയറക്ട് ചെയ്യുവാണെങ്കിൽ അഭിനയിക്കാം എന്നു പറഞ്ഞു. ലാലുച്ചേട്ടൻ കഥ കേട്ടിട്ട് ഓകെ ആണെങ്കിൽ ഞാൻ അഡ്വാൻസ് വാങ്ങാം.
ഏതോ പുതിയ ആൾക്കാർ വന്ന് കഥ പറഞ്ഞതാകാം എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ വന്നത് ബോബി സഞ്ജയ് ആയിരുന്നു. ടാ അവർ പ്രശസ്തരായ റൈറ്റേഴ്സ് ആണ്. നീ ഇങ്ങനെയാണോ അവരുടെ മുമ്പിൽ വച്ച് പറയുന്നത് എന്ന് പൃഥ്വിരാജിനോട് ഞാൻ ചോദിച്ചു. അങ്ങനെയല്ല ചേട്ടാ, അതിലൊരു കാര്യമുണ്ട്, കഥ കേട്ടാൽ മനസിലാകുമെന്ന് രാജു പറഞ്ഞു. അതാണ് അയാളും ഞാനും തമ്മിൽ.
എന്നാൽ, ഇന്ന് കാണുന്ന സിനിമ ആയിരുന്നില്ല കഥ. ചില ഏരിയകളിൽ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അതിലെ പ്രണയം എന്റെ നിർബന്ധത്തിൽ വന്നതാണ്. സിനിമ റീലിസ് ചെയ്യുന്ന സമയത്ത് പൃഥ്വിരാജിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ അറ്റാക്ക് നടക്കുകയാണ്. രായപ്പൻ എന്നൊക്കെ വിളിച്ചാണ് പരിഹാസം മുഴുവൻ. സെന്റിമെന്റ്‌സൊക്കെയുള്ള ഈ സിനിമ അവനെ വച്ച് ചെയ്യണോ എന്ന് പലരും എന്നെ വിളിച്ച് പറഞ്ഞു. പിന്തിരിപ്പിക്കാൻ നോക്കി. തിയേറ്ററിൽ കോമഡി ആയിപ്പോകുമെന്നൊക്കെ അവർ സംശയം പ്രകടിപ്പിച്ചു. പക്ഷേ തരകനെ (പൃഥ്വിരാജിന്റെ കഥാപാത്രം) ആദ്യത്തെ സീക്വൻസിൽ തന്നെ ജനങ്ങൾ ഏറ്റെടുത്തു.'