എന്റെ പരാജയപ്പെട്ട സിനിമകളെല്ലാം പ്രിയ വേണ്ടെന്നു പറഞ്ഞവയാണ്: ചാക്കോച്ചൻ
മലയാളികളുടെ പ്രിയ നടൻ ചാക്കോച്ചൻ എന്നു വിളിക്കുന്ന കുഞ്ചാക്കോ ബോബന് വിശേഷണങ്ങൾ ആവശ്യമില്ല. സിനിമാകുടുംബത്തിൽ നിന്നെത്തിയ ചാക്കോച്ചൻ വളരെ പെട്ടെന്നു ജനഹൃദയങ്ങളിൽ റൊമാന്റിക് ഹീറോ ആയി മാറി. പെൺകുട്ടികളുടെ സ്വപ്ന നായകനായി. വിജയകൊടുമുടിയേറി നിന്ന സമയത്തുതന്നെ പരാജയത്തിന്റെ രുചികളും തിരിച്ചറിഞ്ഞു. കുറച്ചുനാൾ സിനിമയിൽ നിന്നു വിട്ടുനിന്നു. തിരച്ചെത്തിയ ചാക്കോച്ചൻ കാമ്പുള്ള കഥാപാത്രങ്ങൾ ചെയ്തു വ്യത്യസ്തമായ നടനവഴിയിൽ സഞ്ചരിക്കുന്നു. ഭാര്യ പ്രിയയെക്കുറിച്ച് ചാക്കോച്ചൻ പറഞ്ഞത് വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
'പ്രിയ വളരെ സപ്പോർട്ടീവാണ്. ഞാൻ സിനിമ വേണ്ട എന്നു പറഞ്ഞിരുന്ന സമയത്ത് അഭിനയത്തിലേക്കു തിരിച്ചുവരണം, വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണം എന്നൊക്കെ എന്നെ നിർബന്ധിച്ചത് പ്രിയയാണ്. പിന്തുണ മാത്രമല്ല നല്ല വിമർശക കൂടിയാണ് പ്രിയ. കഥ കേട്ടു കഴിയുമ്പോൾ അവളുമായി ഡിസ്‌കസ് ചെയ്യും. ചിലതു കേൾക്കുമ്പോഴേ അവൾ ചോദിക്കും ഈ സിനിമ വേണോ എന്ന്. എനിക്കിഷ്ടപ്പെട്ടു എന്നു പറയുമ്പോൾ പിന്നെ ഒന്നും മിണ്ടില്ല. പക്ഷേ, സിനിമകൾ വൻ പരാജയമായിരിക്കും. അവളുടെ വിമർശനങ്ങൾ കേട്ട സിനിമയേതൊക്കെയാണെന്ന് ചോദിച്ചാൽ എന്റെ പരാജയപ്പെട്ട സിനിമകളെല്ലാം അവൾ വേണ്ടെന്നു പറഞ്ഞവയാണ്' ചാക്കോച്ചൻ പറഞ്ഞു.