ബാലതാരമായെത്തിയ ഖുശ്ബു 35 വർഷത്തിനു ശേഷം വീണ്ടും ബോളിവുഡിൽ
ഇന്ത്യൻ വെള്ളിത്തിരയിലെ അസാമാന്യപ്രതിഭയുള്ള അഭിനേത്രിയാണ് ഖുശ്ബു. നിരവധി ഹിറ്റ് മലയാള സിനിമകളിലും ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി ഹിന്ദിയിലെത്തിയ ഖുശ്ബു 35 വർഷത്തിനു ശേഷം വീണ്ടും ബോളിവുഡിൽ എത്തുകയാണ്. ലക്ഷക്കണക്കിന് ആരാധകരുള്ള താരം കൂടിയാണ് ഖുശ്ബു.
തമിഴ്നാട്ടിൽ അവരുടെ പേരിൽ ക്ഷേത്രം വരെയുണ്ട്. സിനിമയ്ക്ക് പുറമെ സീരിയലുകളും ടെലിവിഷന്‍ ഷോകളും താരം ചെയ്തിട്ടുണ്ട്. നിലവില്‍ രാഷ്ട്രീയത്തിലും സജീവമാണു താരം. ശ്രദ്ധയോടെ സിനിമകൾ തെരഞ്ഞെടുക്കുന്ന താരം വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്.
1992 ല്‍ പുറത്തെത്തിയ പ്രേം ദാന്‍ എന്ന ചിത്രമാണ് ഹിന്ദിയില്‍ താരത്തിന്റേതായി അവസാനം പുറത്തെത്തിയത്. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത് 1989 ല്‍ ആയിരുന്നു. അതായത് താരത്തെ സംബന്ധിച്ച് ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നത് 35 വര്‍ഷങ്ങള്‍ക്ക് ശേഷം. ബോക്സ് ഓഫീസില്‍ തരംഗം തീര്‍ത്ത ഗദര്‍ ഫ്രാഞ്ചൈസി അടക്കം സംവിധാനം ചെയ്ത അനില്‍ ശര്‍മയാണ് ഖുശ്ബു തിരിച്ചുവരുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. നാന പടേക്കറാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
1980 ലാണ് ഖുശ്ബു സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ബി.ആര്. ചോപ്ര നിര്‍മിച്ച് രവി ചോപ്ര സംവിധാനം ചെയ്ത ദി ബേണിംഗ് ട്രെയിന്‍ ആയിരുന്നു ആദ്യ ചിത്രം. ബാലതാരമായിത്തന്നെ ഹിന്ദിയില്‍ പത്തോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. തെലുങ്ക് സിനിമയാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.