ഖുശ്ബുവിനുപോലും ധൈര്യമില്ല, തമിഴ്സിനിമയിലെ അണിയറക്കഥകൾ തുറന്നുപറയാൻ ഒരു നടിയും തയാറാകില്ല: കസ്തൂരി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമാ ലോകത്ത് നേരിടുന്ന ചൂഷണങ്ങൾ തുറന്ന് പറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ഞെട്ടിക്കുന്ന വെളിപ്പെടത്തലുമായി എത്തിയിരിക്കുകയാണ് നടി കസ്തൂരി. മോശം അനുഭവങ്ങളെ തുടർന്നാണ് താൻ മലയാള സിനിമയിൽ അഭിനയിക്കുന്നതു നിർത്തിയതെന്നാണു കസ്തൂരി വെളിപ്പെടുത്തിയിരിക്കുന്നത്.
മോശമായി പെരുമാറിയതിനു താൻ പ്രൊഡക്ഷൻ മാനേജരുടെ കരണത്ത് അടിച്ചുവെന്നാണ് കസ്തൂരി വെളിപ്പെടുത്തുന്നത്. ഇൻഡസ്ട്രിയിൽ ചില വിവരദോഷികളെ എനിക്കു നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ചും മലയാളത്തിൽ. അതുകൊണ്ടാണ് ഞാൻ മലയാളത്തിൽ അഭിനയിക്കുന്നത് നിർത്തിയത്. വളരെ മോശം സമീപനമായിരുന്നു. പ്രൊഡക്ഷൻ ടീമിലുള്ള നിരവധി പേർ മോശമായി പെരുമാറിയിട്ടുണ്ട്. ഒരു പ്രൊഡക്ഷൻ മാനേജരുടെ കരണത്തടിച്ചു കൊണ്ടാണ് ഒരു സിനിമയുടെ സെറ്റിൽ നിന്ന് ഇറങ്ങിയത്. പിന്നീട് ആ സിനിമയിലും മലയാളത്തിലും അഭിനയിച്ചിട്ടേയില്ല. സംവിധായകനും മോശമായി പെരുമാറി. അയാൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല.
ഞാൻ വളരെ ബോൾഡാണ്. പ്രതികരിക്കും. എന്നാലും ശ്രമിച്ചു നോക്കാം എന്നു കരുതിയാണ് അവർ സമീപിക്കുന്നത്. കേരളത്തിലെ സ്ത്രീകൾ കാണിച്ച ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു. ഇവിടെ തമിഴ്നാട്ടിൽ ഒരാളും സംസാരിക്കാനുള്ള ധൈര്യം പോലും കാണിക്കുന്നില്ല. അവർക്ക് സംസാരിക്കാൻ ഭയമാണ്. ഖുശ്ബുവിനെ പോലുള്ളവർക്കും സംസാരിക്കാൻ ഭയമാണ്. തമിഴിലും ഇത്തരം ഇടപെടലുകളുണ്ടാകണം.
മലയാളത്തിലും തമിഴിലും ഒരു പോലെ നിറഞ്ഞ് നിന്ന താരമാണ് കസ്തൂരി. കസ്തൂരിയെ മലയാളികൾക്ക് പരിചയം അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെയാണ്. ചക്രവർത്തി, അഗ്രജൻ, രഥോത്സവം, മംഗല്യ പല്ലക്ക്, സ്നേഹം, പഞ്ച പാണ്ടവർ, അഥീന തുടങ്ങിയ മലയാളം ചിത്രങ്ങളിലും നടി അഭിനയിച്ചു.