കാറളം : ഗ്രാമത്തിലെ ജാനകിയുടെ കഥ ഹൃദയസ്പർശിയാണ് .....
കെ.സി മധു
ജനകൻ്റെ മകൾ ജാനകി , ജാനകിയുടെ പ്രിയതമൻ ശ്രീ രാമചന്ദ്രൻ . ഇരിഞ്ഞാലക്കുടക്കടുത്ത് കാറളം എന്ന സുന്ദരമായ ഗ്രാമത്തിലുമുണ്ട് ഒരു ചെറുപ്പക്കാരി ജാനകി. അവൾ ഒരു അച്ചടി ശാലയിൽ ജോലി ചെയ്യുന്നു. അച്ഛനും അമ്മയുമായി ഒരു കൊച്ചു വീട്ടിലാണവൾ താമസിക്കുന്നത്. സുന്ദരിയാണവൾ ,പക്ഷെ അവൾക്കൊരസുഖമുണ്ട് . ഇരുട്ടിനെ ഭയമാണവൾക്ക് . ശബ്ദത്തെ ഭയമാണവൾക്ക്. കണ്ടിഷ്ടപ്പെട്ട് അവളെ കല്യാണം കഴിക്കുന്നത് സുന്ദരനും സുമുഖനായ ഉണ്ണി മുകുന്ദൻ എന്ന സബ് കോൺട്രാക്ടറാണ് . അങ്ങനെ ജാനകിക്കും നാഥനായി ഒരു രാമാനുണ്ടാകുന്നു. ജാനകി ജാനേ ... നാട്ടിൽ തെരഞ്ഞെടുപ്പിന്റെ കാലത്താണ് അപ്രതീക്ഷിതമായി ഒരു സംഭാവമുണ്ടാകുന്നത് . നിസ്സാരമെന്നു കണ്ട് തള്ളിക്കളയാവുന്ന ആ ചെറിയ സംഭവത്തെ രാഷ്ട്രീയക്കാർ ഊതിവീർപ്പിച്ചു ഒരു കൊടുങ്കാറ്റാക്കി മാറ്റുന്നു. എരിതീയിലെണ്ണയൊഴിക്കാനായി കുറെ സോഷ്യൽ മീഡിയക്കാരും. ജാനകിയും പാവം അവളുടെ രാമനായ ഉണ്ണിയുമാണ് പീഠനങ്ങൾക്കിരയാകുന്നത് . അക്ഷരാർത്ഥ ത്തിൽ ഒരു മാധ്യമ പീഡനം. സ്നേഹിതരുടെയും നല്ലവരായ പരിചയക്കാരുടെയും കാര്യമാത്ര പ്രസക്തമായ ഇടപെടലുകൾ മൂലം ജാനകിയും അവളുടെ ആത്മാരാമനും ജീവിതത്തിന്റെ പച്ചപ്പുകളിലേക്കു മടങ്ങിയെത്തുന്നതാണ് ജാനകി ജാനേ എന്ന പേരിൽ അനീഷ് ഉപാസന എഴുതി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന സിനിമ.
വലിയ ബോറടിയില്ലാതെ കണ്ടുകൊണ്ടിരിക്കാൻ പറ്റുന്ന ഒരു ക്ളീൻ സിനിമയാണിത്. എന്നാൽ കഥപറഞ്ഞു പോകുന്നതിന് വേണ്ടത്ര വേഗത പോരെന്നു തോന്നി. സിനിമയിൽ കഥാപാത്രങ്ങൾ അധികമില്ല. അഭിനയിച്ചവരെല്ലാം സ്വന്തം കഥാപത്രങ്ങളോട് നീതി പുലർത്തിട്ടുണ്ട്. ഈ സിനിമയുടെ തടസ്സമില്ലാത്ത ഒഴുക്കിൽ അവിടിവിടെയായി ചില വിഘ്‌നങ്ങൾ സംഭവിച്ചത് തിരക്കഥയിലാണോ എഡിറ്റിങ്ങിലാണോ എന്ന് സംശയം. നവ്യ നായർ, സൈജു കുറുപ്,ജോണി ആന്റണി, സുധീർ കരമന, അനാർക്കലി മരക്കാർ, സ്‌മിന് സിജോ,കോട്ടയം നസീർ,നന്ദു, ജോ ർജ് കോര,പ്രമോദ് വെളിയനാട്,ജെയിംസ് ഏലിയാസ് ,ജോർഡി പൂഞ്ഞാർ,ഷൈലജ ശ്രീധരൻ,ഷറഫ് യു ഡീവിദ്യ വിജയകുമാർ, അഞ്ജലി സത്യനാഥ്,സതി പ്രേംജി, അൻവർ ഷരീഫ് എന്നിവരാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . നവ്യാ നായരുടെ രണ്ടാം വരവിലെ രണ്ടാമത്തെ ചിത്രമാണ് ജാനകി ജാനേ. പത പക്വതയോടെ ജാനകിയെ പ്രേക്ഷക ഹൃദയത്തിൽ പതിപ്പിക്കാൻ ഈ അനുഗൃഹീത നടിക്ക് കഴിഞ്ഞിരിക്കുന്നു.സൈജുവും കഥാപാത്രത്തെ മികവുറ്റതാക്കി.
ശ്യാമപ്രകാശ് ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ .കൈലാസ് മേനോന്റേതാണ് സംഗീതം.എസ് ക്യുബ് ഫിലിംസാണ് നിർമ്മാതാക്കൾ. ഷെനുഗ,ഷെഗ്ന,ഷെർഗ എന്നിങ്ങനെ മൂന്ന് വനിതകളാണ് ജാനകി ജാനേ എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. പേര് കൊണ്ട് പുതിയവരെങ്കിലും ചലച്ചിത്ര നിർമ്മാണ രംഗത്ത് വലിയ പാരമ്പര്യം അവകാശപ്പെടാവുന്നവരാണ് ഇവർ. ഗൃഹാലക്ഷ്മി പ്രൊഡക്ഷന്സിൻ്റെ പി വി ഗംഗാധരൻ്റെയും ഷെറിൻ ഗംഗാധരൻ്റെ യും മക്കളാണിവർ. ഹരിഹരൻ്റെ യും ,ഐവി ശശിയുടെയും, സത്യൻ അന്തിക്കാടിൻ്റെ യുമൊക്കെ സംവിധാനത്തിൽ എത്രയെത്ര നല്ല ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച മഹത്തായ നിർമ്മാണക്കമ്പനിയായിരുന്നു ഗൃഹലക്ഷ്മി.അതിൻ്റെ പിന്തുടർച്ചക്കാർക്കു പക്ഷെ ജാനകി ജാനെയിലൂടെ ആ പാരമ്പര്യം നിലനിർത്താനായോ എന്ന് ഞാൻ സംശയിക്കുന്നു.