സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയില്ല; കങ്കണയുടെ 'എമർജൻസി' റിലീസ് അനിശ്ചിതത്വത്തിൽ
കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തിലെത്തുന്ന 'എമർജൻസി'യുടെ റിലീസ് അനിശ്ചിതത്വത്തിൽ. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതാണ് പ്രശ്നത്തിന് കാരണം. സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന ചിലർ ചേർന്ന് എമർജൻസിയുടെ പ്രദർശനം പൂർണമായി തടയണമെന്നാവശ്യപ്പെട്ട് പരാതിയുമായി രംഗത്തെത്തിയിരുന്നു. സിഖ് മതത്തെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു എന്നാണ് പരാതിയുടെ അടിസ്ഥാനം. ചിത്രത്തിൽ ഇന്ദിരാഗാന്ധിയായാണ് കങ്കണയെത്തുന്നത്.
അനിശ്ചിതത്വങ്ങൾ തീർത്ത് സിനിമ എത്രയും പെട്ടന്ന് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കങ്കണയും അണിയറപ്രവർത്തകരും. പത്തു ദിവസത്തിനുശേഷം ചിത്രം തിയേറ്ററുകളിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കങ്കണയുടെ ടീം ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. സെൻസർഷിപ്പ് പ്രശ്നങ്ങളും നടിക്കുനേരെയുണ്ടായ വധഭീഷണികളും കാരണമാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത്. കൂടുതൽ കാലതാമസം കൂടാതെ ചിത്രം എത്രയും വേഗം റിലീസ് ചെയ്യണമെന്നാണ് താരത്തിന്റെ ആഗ്രഹമെന്നും അവർ അറിയിച്ചു. അതേസമയം ചിത്രത്തിന്റെ എഡിറ്റ് ചെയ്യാത്ത പതിപ്പിറക്കുമെന്ന് കങ്കണ വ്യക്തമാക്കി.
'എമർജൻസി എന്നുപേരുള്ള എന്റെ ചിത്രത്തിനുമേൽ അടിയന്തരാവസ്ഥ ചുമത്തിയിരിക്കുകയാണ്. ഇതൊരു ഭീകരമായ അവസ്ഥയാണ്. നമ്മുടെ രാജ്യത്തെക്കുറിച്ചും ഇവിടെ കാര്യങ്ങൾ എങ്ങനെ വികസിക്കുന്നുവെന്നുമോർത്ത് ഞാൻ വളരെ നിരാശയിലാണ്.' കങ്കണ പറഞ്ഞു.
രാജ്യത്തെ അടിയന്തരാവസ്ഥയെ തിരശ്ശീലയിലെത്തിക്കുന്ന ആദ്യത്തെ സിനിമയല്ല എമർജൻസിയെന്ന് കങ്കണ ചൂണ്ടിക്കാട്ടി. മധുർ ഭണ്ഡാർക്കറുടെ ഇന്ദു സർക്കാർ, മേഘ്നാ ഗുൽസാറിന്റെ സാം ബഹാദൂർ എന്നീ ചിത്രങ്ങൾ ഇതേ പ്രമേയം പശ്ചാത്തലമാക്കി വന്നവയാണെന്നും കങ്കണ ചൂണ്ടിക്കാട്ടി. ആദ്യം സർട്ടിഫിക്കറ്റ് നൽകിയതിന് ശേഷം സിനിമയ്ക്കെതിരെ ഏതാനും വ്യക്തികൾ നൽകിയ ഹർജിയെ തുടർന്ന് സെൻസർ ബോർഡ് അത് റദ്ദാക്കിയതിനെയും കങ്കണ ചോദ്യം ചെയ്തു.
'ഞാൻ വളരെ ആത്മാഭിമാനത്തോടെയാണ് ഈ സിനിമ നിർമ്മിച്ചത്. അതുകൊണ്ടാണ് സിബിഎഫ്സിക്ക് ഒരു തർക്കവും ചൂണ്ടിക്കാണിക്കാൻ കഴിയാത്തത്. അവർ എന്റെ ചിത്രത്തിന്റെ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് മരവിപ്പിച്ചിരിക്കുന്നു, പക്ഷേ ചിത്രത്തിന്റെ അൺകട്ട് പതിപ്പ് പുറത്തിറക്കാൻ ഞാൻ തീരുമാനിച്ചു. 'ഇന്ദിരാഗാന്ധി സ്വന്തം വീട്ടിൽ വെച്ച് പെട്ടെന്ന് മരിച്ചുവെന്ന് കാണിക്കാൻ കഴിയില്ല. ഞാൻ കോടതിയിൽ പോരാടി ചിത്രത്തിന്റെ എഡിറ്റ് ചെയ്യാത്ത പതിപ്പ് പുറത്തിറക്കും. കങ്കണ പറഞ്ഞു.
സിനിമയുടെ ഉള്ളടക്കത്തിനെതിരെ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി നേരത്തെ രംഗത്തെത്തിയിരുന്നു. 'എമർജൻസി'യെ സിഖ് വിരുദ്ധ സിനിമ എന്നാണ് അവർ വിശേഷിപ്പിച്ചത്. കങ്കണ പലപ്പോഴും സിഖുകാരുടെ വികാരം വ്രണപ്പെടുത്തുന്ന പദപ്രയോഗങ്ങൾ മനഃപൂർവ്വം നടത്തിയിട്ടുണ്ട് എന്ന് സിഖ് സമുദായത്തെ പ്രതിനിധീകരിക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റ് ഹർജീന്ദർ സിംഗ് ധാമി ഓഗസ്റ്റ് 21 ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെഴുതിയ കുറിപ്പിൽ ആരോപിച്ചിരുന്നു.