Begin typing your search...

മലയാളത്തിലെ ഒരു പ്രമുഖ നടന് വേണ്ടി കാത്തിരുന്നു;  ആകെ ബ്ലാങ്കായി പോയി; കമൽ

മലയാളത്തിലെ ഒരു പ്രമുഖ നടന് വേണ്ടി കാത്തിരുന്നു;  ആകെ ബ്ലാങ്കായി പോയി; കമൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒരുപാട് നല്ല സിനിമകൾ സംഭാവന ചെയ്ത സംവിധായകനാണ് കമൽ. 2019-ൽ പുറത്തിറങ്ങിയ 'പ്രണയമീനുകളുടെ കടൽ' എന്ന ചിത്രമാണ് കമലിന്റെ അവസാനം പുറത്തിറങ്ങിയ മലയാള സിനിമ. നീണ്ട ഇടവേളയ്ക്ക് ശേഷം ഷൈൻ ടോം ചാക്കോയെ നായകനാക്കി വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രവുമായി കമൽ വീണ്ടുമെത്തുകയാണ്. 'വിവേകാനന്ദൻ വൈറലാണ്' എന്ന സിനിമയ്ക്കു മുമ്പ് മറ്റൊരു സിനിമ പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ ഒരു പ്രമുഖ നടന്റെ ഡേറ്റിനു വേണ്ടി കാത്തിരുന്ന് അത് ചെയ്യാൻ സാധിക്കാതെ വന്നെന്നും കമൽ പറഞ്ഞു . സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഈ ദിവസത്തിന് എന്നെ സംബന്ധിച്ച് വളരെയധികം പ്രത്യേകത ഉണ്ട്. നാലര വർഷങ്ങൾക്കു ശേഷമാണ് ഞാനൊരു സിനിമ ചെയ്യുന്നത്. കരിയറിൽ ആദ്യമായാണ് ഇങ്ങനെയൊരു ഇടവേള വരുന്നത്. ഞാൻ സംവിധായകനായി 38 വർഷമായി. എന്റെ കൂടെ സഹകരിച്ചിട്ടുള്ള ഒരുപാടുപേരുണ്ട്, സാങ്കേതിക പ്രവർത്തകർ, അഭിനേതാക്കൾ, മലയാള സിനിമയിലെ കുലപതികൾ ആയിട്ടുള്ള എല്ലാവരെയും വച്ച് സിനിമ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അതൊക്കെ വലിയ ഭാഗ്യമായിട്ട് കണക്കാക്കുകയാണ്. കഴിഞ്ഞ 38 വർഷങ്ങൾക്കിടയിൽ 48 സിനിമകൾ ചെയ്തു.

'എന്നെക്കാളും മുതിർന്ന സംവിധായകരായ സിബിയെപ്പോലെയുള്ളവരൊക്കെ ഇവിടെ ഇരിക്കുന്നുണ്ട്. എന്നേക്കാൾ കൂടുതൽ സിനിമ ചെയ്തിട്ടുള്ള സംവിധായകർ ഒരുപാടുണ്ട്. പുതിയ കാലത്ത് ഒരു സിനിമ ചെയ്യാൻ തന്നെ വലിയ ബുദ്ധിമുട്ടുണ്ട്. പുതിയ കുട്ടികളൊക്കെ ഒരു സിനിമ ചെയ്തിട്ട് ഒന്നോ രണ്ടോ വർഷം കഴിഞ്ഞാണ് അടുത്ത സിനിമ ചെയ്യുന്നത്. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഗ്യാപ് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. കോവിഡ് വന്നതോടെ സിനിമാ തിയേറ്ററുകൾ അടച്ചുപൂട്ടി. പിന്നീട് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വന്നു. സിനിമയുടെ സാങ്കേതിക തലങ്ങൾ തന്നെ മാറി, സിനിമ പുതിയ ഒരു തലത്തിലെത്തി. 2021 ഡിസംബറിലാണ് ഞാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറുന്നത്. അതിന് ശേഷം എന്തുചെയ്യണമെന്നറിയാതെ ആകെ ബ്ലാങ്കായി പോയി.

'അതിനിടെ എല്ലാ ഭാഷകളിലെയും സിനിമകൾ കാണാറുണ്ടായിരുന്നു. മലയാളത്തിൽ ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളും കാണും. സിനിമ പുതിയ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതും സിനിമയുടെ സ്വഭാവം മാറുന്നതും അഭിനേതാക്കളും സാങ്കേതികവിദഗ്ധരും സിനിമയുടെ ഭാഷ തന്നെയും മാറിപ്പോകുന്നതും ശ്രദ്ധിച്ചു കൊണ്ടിരുന്നു. നമ്മളെ അതിശയിപ്പിക്കുന്ന രീതിയിലാണ് മലയാള സിനിമ മാറുന്നത്, മനോഹരമായ സിനിമകൾ വരുന്നത്. ഇനിയെന്ത് എന്നൊരു ചോദ്യം കുറെക്കാലം എന്നെ അലട്ടിയിരുന്നു. പലതരം സിനിമകളെക്കുറിച്ച് ആലോചിച്ചു. ഒന്നും സാധിക്കുന്നില്ല. എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് അറിയില്ല.

'ഇതിനിടയിൽ ഞാനൊരു തിരക്കഥ എഴുതി. മലയാളത്തിലെ ഒരു പ്രമുഖ നടനെയാണ് സമീപിച്ചത്. അദ്ദേഹത്തിന്റെ പേര് ഞാൻ ഇവിടെ പറയുന്നില്ല. ആ വ്യക്തിയ്ക്ക് വേണ്ടി കുറെ നാൾ കാത്തിരുന്നു. അതിന്റെ നിർമാതാക്കൾ ഡോൾവിനും ജിനു എബ്രഹാമും ഇപ്പോൾ ഇവിടെ ഇരിക്കുന്നുണ്ട്. അതായിരുന്നു ഞാൻ ആദ്യം ചെയ്യേണ്ടിയിരുന്ന സിനിമ. അവിടെയും മുന്നോട്ട് പോകാൻ പറ്റാതിരുന്ന സമയത്താണ് പെട്ടെന്ന് ഈ ഒരു സിനിമയുടെ തിരക്കഥ മനസ്സിൽ വരുന്നത്. പുതിയ കാലത്തെ അഡ്രസ്സ് ചെയ്യുന്ന, വളരെ സാമൂഹിക പ്രസക്തിയുള്ള, പുതിയ തലമുറയ്ക്ക് വളരെ പെട്ടെന്ന് ഐഡന്റിഫൈ ചെയ്യാൻ പറ്റുന്ന ഒരു കഥാപാത്രമാണ് ഇതിലെ വിവേകാനന്ദൻ എന്ന് തോന്നി. ആ കഥാപാത്രവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് പെട്ടെന്ന് മനസ്സിൽ തെളിഞ്ഞു വന്നത്.

'മനസ്സ് ബ്ലോക്ക് ആയിരിക്കുന്ന സമയത്ത് എനിക്ക് പിന്തുണ തന്നത് ഭാര്യയും മക്കളും സുഹൃത്തുക്കളും ആണ്. എന്റെ സുഹൃത്തുക്കൾ ഇപ്പോൾ ഇവിടെ വന്നിട്ടുണ്ട്. അതിൽ എന്നെ പ്രചോദിപ്പിച്ച ഒന്ന് രണ്ടു പേരെ പറ്റി പറയാതിരിക്കാനാവില്ല. ഒന്ന് അഷ്റഫ് ആണ്. നീ ഇനിയും സിനിമ ചെയ്യണം എന്ന് എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ച ആളാണ് അഷ്റഫ് ഇക്ക. പിന്നെ ഒന്ന് എന്റെ ഒരു സുഹൃത്ത് കെ.ആർ. സുനിൽ ആണ്. സുനിൽ മിക്കവാറും ദിവസങ്ങൾ എന്റെ അടുത്ത് വരും. ഞാൻ അദ്ദേഹത്തോട് കഥകൾ സംസാരിക്കും. അങ്ങനെ സംസാരിച്ചു വന്നപ്പോഴാണ് ഈ കഥ പൂർണമായ രൂപത്തിലേക്ക് വന്നതും തിരക്കഥ എഴുതിയതും.

'ഈ സിനിമയുടെ തിരക്കഥയെഴുതാൻ അധികം സമയം എടുത്തില്ല. എന്റെ മനസ്സിൽ വിവേകാനന്ദൻ ആയി ഷൈൻ ടോം ചാക്കോ അല്ലാതെ വേറൊരു നടൻ വന്നില്ല എന്നുള്ളതാണ് സത്യം. കുഞ്ചാക്കോ ബോബൻ ഈ റോളിൽ അഭിനയിക്കില്ല എന്ന് ഉറപ്പാണ്. ചാക്കോച്ചനോട് ഈ കഥാപാത്രത്തെപ്പറ്റി പറഞ്ഞാൽ എന്നെ എപ്പോൾ ഓടിച്ചെന്ന് ചോദിച്ചാൽ മതി. പിന്നെ സൗബിൻ ആണ്. സൗബിൻ സംവിധാനവുമായി വളരെ തിരക്കിലാണ്. മലയാളത്തിൽ യുവാക്കളായ ഒരുപാട് ഹീറോസ് ഉണ്ട്. ആരുടെ അടുത്ത് ചെന്നാലും ഈ റോൾ അവരാരും അഭിനയിക്കില്ല. ഇത് അഭിനയിക്കുമെന്ന് ധൈര്യമായി എനിക്ക് പറയാൻ കഴിയുന്നത് ഷൈനിനെയാണ്. ഷൈനോട് ഞാൻ ഒരു സിനിമ പ്ലാൻ ചെയ്യുന്നുണ്ട്, നിനക്ക് എപ്പോഴാണ് സൗകര്യം എന്ന് ചോദിച്ചു. ഷൈൻ പറഞ്ഞത് സാറ് പ്ലാൻ ചെയ്തോളൂ, ഒരു മാസം മുന്നേ എന്നോട് ഒന്നു പറഞ്ഞാൽ മതി, ഞാൻ ഏത് പടം ഉണ്ടെങ്കിലും ഒഴിവാക്കിയിട്ട് വരാം എന്നാണ്. ആ ആത്മവിശ്വാസമാണ് പെട്ടെന്ന് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കാരണം.

'ഇക്കാലത്ത് നിർമാതാവൊരു പ്രശ്നമാണ്. പണ്ട് നമ്മുടെ അടുത്ത് നിർമാതാക്കൾ ക്യൂ നിൽക്കുന്ന ഒരു കാലമുണ്ടായിരുന്നു. സിനിമ ഏതു ചെയ്യും എന്നൊരു സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ താരത്തിന്റെ ഡേറ്റ് കിട്ടി, എല്ലാം ശരിയായാൽ മാത്രമേ നിർമാതാവ് ധൈര്യമായി സിനിമ ചെയ്യാൻ വരൂ. എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത മറ്റൊരാളാണ് പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ. ഗിരീഷാണ് എന്നോട് പറഞ്ഞത്, സാറേ നമുക്ക് ഒരു പാർട്ടിയുണ്ട് അദ്ദേഹവുമായി സംസാരിക്കാം എന്ന്. ഗിരീഷാണ് നസീബ് റഹ്‌മാനെയും ഷെല്ലി രാജിനെയും കൂട്ടി എന്റെ അടുത്തേക്ക് വരുന്നത്. അവർ പറഞ്ഞത്, എന്ത് കഥയായാലും കുഴപ്പമില്ല സാറിനോടൊപ്പം ഒരു പടം ചെയ്യണം അത്ര മാത്രമേയുള്ളൂ എന്നാണ്. പിന്നെ കാര്യങ്ങളൊക്കെ പെട്ടെന്ന് സംഭവിച്ചു. തിരക്കഥ പൂർത്തിയാക്കി. ഷൈനിന്റെ ഡേറ്റ് ഒക്കെയായി. പിന്നെ ഗ്രേസ് ആന്റണി, സ്വാസിക, മെറീന തുടങ്ങിയ ആർട്ടിസ്റ്റുകളെ എല്ലാം വളരെ പെട്ടെന്ന് കിട്ടി. ഞാൻ തിരക്കഥയിൽ ഉദ്ദേശിച്ച താരങ്ങളെല്ലാം നമുക്ക് വളരെ പെട്ടെന്ന് കിട്ടി എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം. ഞാൻ എഴുതിവച്ച കഥാപാത്രങ്ങളെ ഒന്നും പിന്നെ മാറ്റേണ്ടി വന്നില്ല.' കമൽ പറയുന്നു.

WEB DESK
Next Story
Share it