'അയാൾ കൈപിടിച്ച് തിരിച്ചതോടെ മോഹൻലാലിന് ദേഷ്യം വന്നു'; കമൽ
രഞ്ജിത്ത് കഥയെഴുതിയ ചിത്രമായിരുന്നു മോഹൻലാലും നെടുമുടി വേണുവും പ്രധാന വേഷങ്ങൾ ചെയ്ത ഓർക്കാപ്പുറത്ത് എന്ന സിനിമ. ഫോർട്ട് കൊച്ചിയിൽ ഷൂട്ട് ചെയ്ത സിനിമയിൽ നായിക രമ്യ കൃഷ്ണനായിരുന്നു. കോമഡിക്കും ആക്ഷനും പ്രാധാന്യം നൽകി കമൽ സംവിധാനം ചെയ്ത ഈ ചിത്രം കമലിന്റെ മറ്റ് ചിത്രങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്തവുമാണ്. മോഹൻലാലിനെ ആ കാലഘട്ടത്തിൽ ഇത്രയും സ്‌റ്റൈലിഷും ഫ്രീക്കായിട്ടും കണ്ട മറ്റൊരു ചിത്രമില്ല.
മലയാളത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ സിനിമകളിൽ അണ്ടറേറ്റഡായ ഒന്നാണ് ഓർക്കാപ്പുറത്ത്. കമലും മോഹൻലാലും ഒന്നിച്ചപ്പോഴെല്ലാം പിറന്നത് വ്യത്യസ്തമായ സിനിമകളായിരുന്നു. അതിൽ ഒന്നാണ് ഓർക്കാപ്പുറത്ത്. വെറും 28 വയസ് പ്രായമുള്ളപ്പോഴാണ് ഫ്രെഡ്ഡി നിക്കോളാസ് എന്ന പഞ്ച ഗുസ്തക്കാരനായി ഓർക്കാപ്പുറത്തിൽ മോഹൻലാൽ വിലസിയത്.
ഒരു ജോലി കിട്ടിയിരുന്നെങ്കിൽ കുറച്ചുനാൾ ലീവെടുത്തു വീട്ടിൽ ഇരിക്കാമായിരുന്നുവെന്ന മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ഡയലോഗും ഓർക്കാപ്പുറത്ത് സിനിമയിലാണ്. കാക്കോത്തിക്കാവിലെ അപ്പൂൻത്താടികൾക്കുശേഷം കമൽ സംവിധാനം ചെയ്ത സിനിമ കൂടിയാണ് ഓർക്കാപ്പുറത്ത്. മോഹൻലാലും സെഞ്ച്വറി ഫിലിംസും ചേർന്നാണ് സിനിമ നിർമ്മിച്ചത്.
ഇതിന്റെ തിരക്കഥ എഴുത്ത് നടക്കുന്ന സമയത്ത് ഒരു ഘട്ടത്തിൽ കഥയെ മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത തരത്തിൽ റൈറ്റർ ബ്ലോക്കുണ്ടായപ്പോൾ തങ്ങളെ സഹായിച്ചത് പ്രിയദർശനാണെന്ന് പറയുകയാണ് ഇപ്പോൾ സംവിധായകൻ കമൽ. പ്രിയദർശൻ പറഞ്ഞ ഐഡിയ തിരക്കഥ തന്നെ മാറ്റിമറിച്ചുവെന്നും കമൽ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഫ്രെഡ്ഡിയായി അഭിനയിക്കാൻ ശ്രമിച്ചപ്പോൾ മോഹൻലാലിനുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ചും കമൽ വെളിപ്പെടുത്തി. 'ഇങ്ങനൊരു കഥയുമായി രണ്ടുപേർ വന്നിട്ടുണ്ടെന്ന് പറഞ്ഞ് കുഞ്ഞുമോൻ വിളിച്ചപ്പോൾ ജനറൽ ടിക്കറ്റ് എടുത്താണ് ഞാൻ ചെന്നൈയിലേക്ക് ട്രെയിൻ കേറിയത്. അവിടെ ചെന്നശേഷം മോഹൻലാലിന് ത്രെഡ് ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞ് തിരക്കഥ എഴുതാൻ തുടങ്ങി.'
'പക്ഷെ ട്രെഷർ ഹണ്ടിന്റെ ഭാഗം എത്തിയപ്പോൾ കഥയെ മുന്നോട്ട് കൊണ്ടുപോകുന്ന നല്ല ഐഡിയകളൊന്നും ഞങ്ങൾക്ക് കിട്ടാതെയായി. അപ്പോഴേക്കും മോഹൻലാൽ ഫ്രെഡ്ഡിയാകാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചിരുന്നു. കണ്ണിൽവെക്കുന്ന ലെൻസ് അടക്കം വരുത്തിച്ചിരുന്നു. സിനിമ ഉപേക്ഷിക്കേണ്ടി വരുമെന്ന സ്ഥിതിയായപ്പോൾ തിരക്കഥ എഴുതുന്നതിൽ വന്ന ബുദ്ധിമുട്ടുകൾ ഞങ്ങൾ മോഹൻലാലിനോട് പറഞ്ഞു.'
'എല്ലാം തിരുവനന്തപുരത്തെ തന്റെ വീട്ടിലേക്ക് വരാൻ മോഹൻലാൽ ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ അവിടെ ചെന്നപ്പോൾ പ്രിയദർശനും മോഹൻലാലിനൊപ്പം വന്നു. അങ്ങനെ പ്രിയനാണ് പിയാനോയ്ക്ക് ഉള്ളിൽ നിന്നും നിധി കണ്ടെത്തുന്നുവെന്ന ത്രെഡ് പറഞ്ഞത്. അതോടെ തിരക്കഥയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ മാറി സ്‌ക്രിപ്റ്റ് പൂർത്തിയാക്കി. ഷൂട്ടിങ് തുടങ്ങിയശേഷം ലെൻസ് ഉപയോഗിച്ച് ഇൻഫെക്ഷൻ വന്ന് മോഹൻലാലിന് കണ്ണ് തുറക്കാൻ പറ്റാത്ത സ്ഥിതിയായി.'
'അതിനുശേഷം മോഹൻലാൽ ഒരു ഐ സ്‌പെഷ്യലിസ്റ്റായ ഡോക്ടറെ സെറ്റിൽ ഷൂട്ടിങ് തീരും വരെ വെച്ചു. അതുപോലെ പഞ്ച ഗുസ്തി ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു ഫൈറ്റർ അഭിനയിക്കുന്നതിന് പകരം മോഹൻലാലിന്റെ കൈ അമർത്തി പിടിച്ച് തിരിച്ചു. അന്ന് മോഹൻലാലിന് ശരിക്കും ദേഷ്യം വന്നു. ശേഷം ലാലിന്റെ കൈ കുഴയ്ക്ക് നീരുവെച്ച സ്ഥിതിയുമുണ്ടായി.'
'അതുപോലെ ഒരു ജോലി കിട്ടിയിരുന്നെങ്കിൽ കുറച്ചുനാൾ ലീവെടുത്തു വീട്ടിൽ ഇരിക്കാമായിരുന്നുവെന്ന ഡയലോഗ് മോഹൻലാൽ സ്വയം കയ്യിൽ നിന്നും ഇട്ട് പറഞ്ഞതാണ്', എന്നാണ് കമൽ ഓർക്കാപ്പുറത്ത് സിനിമയുടെ ഷൂട്ടിങ് അനുഭവം പങ്കിട്ട് പറഞ്ഞത്.