നരച്ച മുടിയും മൊട്ടത്തലയുമായി ഒരു നായികയെ ചിന്തിക്കാന്‍ പറ്റില്ലായിരുന്നു, പുതിയ തലമുറ അങ്ങനെയല്ല'; ജ്യോതിര്‍മയി
സംവിധായകന്‍ അമല്‍ നീരദുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് ജ്യോതിര്‍മയി അഭിനയത്തില്‍ നിന്നും ഗ്യാപ്പ് എടുത്തത്. പതിനൊന്ന് വര്‍ഷത്തിന് ശേഷം നടിയ്ക്കുണ്ടായ മാറ്റം ഇടയ്ക്ക് സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ചര്‍ച്ച ചെയ്തിരുന്നു. മുന്‍പ് ശാലീന സുന്ദരിയാണെങ്കില്‍ ഇന്ന് തലമുടി മൊട്ടയടിച്ച് നരച്ച മുടിയുമായിട്ടാണ് നടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കാലം മാറിയത് കൊണ്ട് തന്റെ ഈ രൂപം പ്രേക്ഷകര്‍ ഏറ്റെടുത്തതെന്ന് പറയുകയാണ് ജ്യോതിര്‍മയി ഇപ്പോള്‍.
താന്‍ അഭിനയിച്ചിരുന്ന കാലഘട്ടത്തില്‍ നിന്നും സിനിമയും ആളുകളുമൊക്കെ ഒത്തിരി മാറി പോയെന്നാണ് നടിയുടെ അഭിപ്രായം. സിനിമയിലെ സിങ്ക് സൗണ്ട് ഒക്കെ താന്‍ ആദ്യമായിട്ടാണ് ഉപയോഗിക്കുന്നത്. മുന്‍പൊരിക്കലും അതിന് സാധിച്ചിട്ടില്ല. സിങ്ക് സൗണ്ട് ഉപയോഗിച്ചതോടെ നമ്മള്‍ അഭിനയിക്കുമ്പോഴുള്ള ഇമോഷന്‍ അടങ്ങിയ ശബ്ദവും കേള്‍ക്കാം. ഇതുപോലെയുള്ള ഒത്തിരി മാറ്റങ്ങള്‍ എനിക്ക് കാണാന്‍ സാധിച്ചു. പുതിയതായി സിനിമയിലേക്ക് വരുന്നവര്‍ക്ക് കാര്യങ്ങള്‍ കുറച്ചൂടി എളുപ്പമായെന്നാണ് തോന്നുന്നതെന്നും നടി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നു. സിനിമയില്‍ മാത്രമല്ല പ്രേക്ഷകരെ സംബന്ധിച്ചും ഒത്തിരി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ജോതിര്‍മയി പറയുന്നത്. പണ്ടാണെങ്കില്‍ എന്റെ ഈ രൂപത്തില്‍ നരച്ച മുടിയും മൊട്ടത്തലയുമായി ഒരു നായികയെ ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. എന്നാല്‍ പുതിയ തലമുറ അങ്ങനെയല്ല. അവര്‍ എല്ലാത്തിനെയും സ്വീകരിക്കുന്നു. പഴയ ഡാന്‍സും പുതിയതും തമ്മില്‍ ആളുകള്‍ താരതമ്യം ചെയ്യുന്നതില്‍ ഒക്കെ വലിയ സന്തോഷമാണ് ഉള്ളത്. ആളുകള്‍ എന്നെയും ശ്രദ്ധിക്കുന്നുണ്ടല്ലോ.
ഒരുപാട് നാളുകള്‍ക്കു ശേഷം ഒരു കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ മികച്ച ഒരു വേഷം തേടിയെത്തുന്നത് 'ബോഗയ്ന്‍വില്ല'യിലൂടെയാണ്. ഈ കഥാപാത്രം ചെയ്യുന്നതിനുവേണ്ടി എന്നെ ക്ഷണിച്ചത് അമലാണ്. ഷൂട്ടിംഗ് തുടങ്ങുന്നതിന് തൊട്ടുമുന്‍പും മറ്റാരെയെങ്കിലും കൊണ്ട് അഭിനയിപ്പിച്ചാല്‍ പോരെ എന്ന് ഞാന്‍ ചോദിച്ചിരുന്നു. പക്ഷേ അമല്‍ നീരദ് എന്ന സംവിധായകന് എന്നില്‍ വിശ്വാസമുണ്ടായിരു എന്നും നടി വ്യക്തമാക്കുന്നു.
ലാല്‍ ജോസും അമല്‍ നീരദും കൂടി രചന നിര്‍വഹിച്ച് അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ബോഗയ്ന്‍വില്ല. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ഷറഫൂദീന്‍, എന്നിവര്‍ക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജ്യോതിര്‍മയിയാണ്.