ഓൺലൈനായും വോട്ട് ചെയ്യാൻ അവസരമില്ലേ എന്ന പരാമർശം; നടി ജ്യോതികയ്‌ക്കെതിരെ ട്രോൾ
വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടി ജ്യോതികയുടെ പരാമർശങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നു. തുഷാർ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ശ്രീകാന്ത് എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ജ്യോതിക. രാജ്കുമാർ റാവു നായകനായെത്തുന്ന ഈ ബോളിവുഡ് ചിത്രത്തിൽ ജ്യോതിക, അലായ എഫ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ജ്യോതിക നൽകിയ മറുപടിയാണ് വലിയ ചർച്ചയായി മാറിയിരിക്കുന്നത്. വോട്ട് ചെയ്ത് എല്ലാവർക്കും മുന്നിൽ മാതൃക സൃഷ്ടിച്ചുകൂടേ എന്നതായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. എല്ലാ വർഷവും വോട്ട് ചെയ്യാറുണ്ടെന്നുപറഞ്ഞാണ് ഇതിനുള്ള മറുപടി ജ്യോതിക ആരംഭിച്ചത്.
എന്നാൽ തൊട്ടുപിന്നാലെ എല്ലാ വർഷവും എന്ന പരാമർശം ജ്യോതിക എല്ലാ അഞ്ചു വർഷവും എന്നു തിരുത്തി. തുടർന്ന് ഇങ്ങനെ പറഞ്ഞു. 'ചില സമയങ്ങളിൽ നമ്മൾ നാട്ടിലുണ്ടാകില്ല. ചിലപ്പോൾ ജോലി സംബന്ധമായി പുറത്തായിരിക്കും. അല്ലെങ്കിൽ അസുഖം വന്നിരിക്കുകയായിരിക്കും. അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. ചില അവസരങ്ങളിൽ രഹസ്യമായി വോട്ട് ചെയ്യും. ഓൺലൈനിൽ കൂടെയെല്ലാം അവസരമില്ലേ'- ജ്യോതിക പറഞ്ഞു.
ഓൺലൈനിലൂടെ വോട്ട് ചെയ്യാം എന്ന ജ്യോതികയുടെ പരാമർശമാണ് ചർച്ചയ്ക്ക് കാരണമായത്. ഓൺലൈനായി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കുമെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും എങ്ങിനെയാണെന്ന് ജ്യോതിക പറഞ്ഞു തരണമെന്നുമാണ് പലരുടെയും ആവശ്യം.
വിദേശത്ത് ജീവിക്കുന്ന തങ്ങളിൽ പലർക്കും വലിയ വിമാനക്കൂലി നൽകി യാത്ര ചെയ്ത് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ ഓൺലൈൻ വോട്ടിങ് സഹായകരമാകുമെന്നും ജ്യോതിക മാർഗനിർദ്ദേശം നൽകണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.