4 ദിവസംകൊണ്ട് 32 കോടി നേടി '2018'; ആദ്യ ദിനം 1.85 കോടി
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018'ന് റെക്കോർഡ് കളക്ഷൻ. നാലുദിവസം കൊണ്ട് ചിത്രം നേടിയത് 32 കോടി രൂപയാണ്. ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. രണ്ടാം ദിവസം ഏകദേശം 3.5 കോടി രൂപയും. രണ്ടാം ദിനം അർധരാത്രി മാത്രം 67 സ്‌പെഷ്യൽ ഷോകളാണ് കേരളത്തിലുടനീളം നടന്നത്. മൂന്നാംദിനം 90 ശതമാനം ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് 2018 പോകുന്നതെന്ന് ബോക്‌സ് ഓഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരെയ്ൻ, അപർണ ബാലമുരളി, അജു വർഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്. ഇടവേളയ്ക്ക് ശേഷം തിയേറ്ററുകൾ സജീവമായതിന്റെ ആഹ്ലാദത്തിലാണ് തിയേറ്റർ ഉടമകൾ.
അഖിൽ പി ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അഖിൽ ജോർജാണ്. ചമൻ ചാക്കോ ചിത്രസംയോജനം. നോബിൻ പോളിന്റേതാണ് സംഗീതം. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈൻ. ക്യാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിട്ടുള്ളത്.