'സുപ്രിയ പറഞ്ഞത് ഞാനും സമ്മതിക്കുന്നു, ഇന്ന് അതായിരിക്കില്ല ചോദിക്കുക'; ജോൺ ബ്രിട്ടാസ്
സിനിമാ താരങ്ങളെ ജോൺ ബ്രിട്ടാസ് അഭിമുഖം ചെയ്തപ്പോഴെല്ലാം ജനശ്രദ്ധ നേടിയിട്ടുണ്ട്. കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന അഭിമുഖ പരിപാടിയിലേക്ക് നിരവധി പേരെ ജോൺ ബ്രിട്ടാസ് എത്തിച്ചു. താരങ്ങളുടെ ജീവിതത്തിലെ പല ഘട്ടങ്ങളും ഈ ഷോയിൽ ചർച്ചയായി. വിവാദമായേക്കാവുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ പല ചോദ്യങ്ങളും ജോൺ ബ്രിട്ടാസ് തന്ത്രപൂർവം ചോദിച്ചു. ജെബി ജംഗ്ഷൻ തുടങ്ങുന്നതിന് വർഷങ്ങൾക്ക് മുമ്പ് നടൻ പൃഥിരാജിനെയും ഭാര്യ സുപ്രിയ മേനോനെയും ജോൺ ബ്രിട്ടാസ് ഇന്റർവ്യൂ ചെയ്തിരുന്നു.
പൃഥിരാജും സുപ്രിയയും വിവാഹിതരായ ഘട്ടത്തിൽ നൽകിയ അഭിമുഖമാണിത്. അന്ന് പൃഥിരാജിനും സുപ്രിയക്കും നേരെ വ്യാപക ട്രോളുകൾ വന്നു. കഴിഞ്ഞ ദിവസം മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് ജോൺ ബ്രിട്ടാസ് തുറന്ന് സംസാരിക്കുകയുണ്ടായി. അഭിമുഖത്തിൽ സുപ്രിയയെക്കുറിച്ച് ജോൺ ബ്രിട്ടാസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഞാനും ഒരു ജേർണലിസ്റ്റാണ്, നിങ്ങൾ അത് മനസിലാക്കിയിട്ട് വേണം ചോദ്യം ചോദിക്കാനാണെന്ന് സുപ്രിയ പഴയ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇതേക്കുറിച്ചാണ് ജോൺ ബ്രിട്ടാസ് വിശദീകരിച്ചത്. സുപ്രിയ അതല്ല ഉദ്ദേശിച്ചത്. ഇവരുടെ വിവാഹത്തെക്കുറിച്ച് വന്ന ഗോസിപ്പുകളെയും വിവാദങ്ങളെയും മുൻനിർത്തിയാണ് സുപ്രിയ അങ്ങനെ പറയുന്നത്. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകളെ മുൻനിർത്തിയാണ് ഞാൻ ചോദിച്ചത്.
അക്കാര്യത്തിൽ സംശയം ഇല്ല. ആ വാർത്തകൾ എങ്ങനെ വരുന്നു എന്നതിനെക്കുറിച്ചാണ് സുപ്രിയ എന്ന ജേർണലിസ്റ്റ് എന്നോട് പറയുന്നത്. അവരുടെ ഭാഗത്ത് നിന്നുണ്ടായ നല്ല കമന്റാണത്. ഞാനും അത് സമ്മതിക്കുന്നു. പക്ഷെ എനിക്ക് ചോദ്യം ചോദിക്കാതിരിക്കാൻ പറ്റില്ല. ഇന്ന് അതായിരിക്കില്ല ഞാൻ ചോദിക്കുക. കാരണം സാഹചര്യം മാറി.
പൃഥിരാജിനെ ഇന്നെനിക്ക് കിട്ടിയാൽ അന്നത്തെ അഭിമുഖത്തിൽ നിന്നും എത്രയോ വ്യത്യസ്തമായിരിക്കും. അത് നൂറ് ശതമാനം ഉറപ്പാണെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. അന്ന് പൃഥിരാജിനും സുപ്രിയക്കും നേരെ വന്ന വിമർശനങ്ങളെക്കുറിച്ചും ജോൺ ബ്രിട്ടാസ് സംസാരിച്ചു. പൃഥി-സുപ്രിയ വിവാഹം വലിയ വാർത്തയായിരുന്നു. അധികമാരെയും അറിയിക്കാതെ പെട്ടന്നാണ് വിവാഹിതരായത്. അന്ന് പത്രങ്ങളിൽ വന്ന വാർത്ത കൂടി ആസ്പദമാക്കിയാണ് താൻ ചോദ്യങ്ങൾ ചോദിച്ചത്.
അഭിമുഖത്തിന് ശേഷം പൃഥിരാജിനും സുപ്രിയക്കും തനിക്കും നേരെ വിമർശനങ്ങൾ ഉണ്ടായി. തെന്നിന്ത്യയിൽ ഇംഗ്ലീഷ് പറയാൻ അറിയുന്ന നടൻ പൃഥി മാത്രമാണെന്ന തരത്തിൽ സുപ്രിയ സംസാരിച്ചു. അവർ വേറൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല. അതൊക്കെ പലരും ട്രോളാക്കി.
അഭിമുഖത്തിന് ശേഷം ഒഴിവാക്കേണ്ട ഭാഗമുണ്ടെങ്കിൽ ഒഴിവാക്കാമെന്ന് പൃഥിരാജിനോട് പറഞ്ഞു. എന്നാൽ പറഞ്ഞതെല്ലാം പറഞ്ഞതാണ്, മാറ്റേണ്ടെന്നാണ് പൃഥിരാജ് പറഞ്ഞതെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.