ഇശൽ ഇമ്പം ഗ്രാൻഡ് ഫിനാലെ; റാഫി മഞ്ചേരിയ്ക്ക് ഒന്നാം സ്ഥാനം
റേഡിയോ കേരളം സംഘടിപ്പിച്ച ഇശൽ ഇമ്പം ഗ്രാൻഡ് ഫിനാലെയിൽ റാഫി മഞ്ചേരിയ്ക്ക് (അബുദാബി) ഒന്നാം സ്ഥാനം. റാഫിയ്ക്ക് ഒരു ലക്ഷം ഇന്ത്യൻ രൂപ സമ്മാനമായി ലഭിച്ചു. ഇന്നലെ (ഏപ്രിൽ 13 ശനിയാഴ്ച) യു.എ.ഇ സമയം വൈകുന്നേരം 7ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിലാണ് ഗ്രാൻഡ് ഫിനാലെ അരങ്ങേറിയത്.
ഫൈനലിൽ ഇല്യാസ് എസ്.കെ (അജ്മാൻ) രണ്ടാംസ്ഥാനത്തെത്തി. മുഹമ്മദ് റിസ്വാനാണ് (മസ്കറ്റ്) മൂന്നാം സ്ഥാനം. ഇരുവർക്കും യഥാക്രമം 75000 രൂപ, 50000 രൂപ എന്ന ക്രമത്തിൽ സമ്മാനം ലഭിച്ചു. മുഹമ്മദ് നിസാർ (ദമ്മാം), ജലീൽ പയ്യോളി (ബഹ്റൈൻ), അലീന മജീദ് (ഷാർജ) എന്നിവരാണ് ഫൈനൽ റൗണ്ടിൽ എത്തിയ ബാക്കി മൂന്ന് മത്സരാർഥികൾ. മൂവർക്കും 25000 രൂപ വീതം സമ്മാനമായി ലഭിച്ചു. ഫൈസൽ എളേറ്റിൽ, യൂസഫ് കാരയ്ക്കാട്, നസീർ മുഹമ്മദ് എന്നിവരായിരുന്നു വിധികർത്താക്കൾ.
ഗ്രാൻഡ് ഫിനാലെ വേദിയിൽ ജി.ശ്രീറാം, ഗായത്രി അശോകൻ, യൂസഫ് കാരയ്ക്കാട്, രവിശങ്കർ, നസീർ മുഹമ്മദ്, അപർണ്ണ രാജീവ്, റിഷാം റസാഖ് എന്നിവർ ചേർന്നൊരുക്കിയ മജ്‌ലിസ്, M80 മൂസ ഫെയിം വിനോദ് കോവൂർ അവതരിപ്പിച്ച ചിരിയരങ്ങ് എന്നിവ ശ്രദ്ധേയമായി.
യു.എ.ഇയിൽ എമ്പാടുമുള്ള നൂറുകണക്കിന് റേഡിയോ കേരളം ശ്രോതാക്കൾ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തു. കാണികൾക്കായി ഒരുക്കിയ സെൽഫി മത്സരത്തിനും മികച്ച പ്രതികരണം ലഭിച്ചു. ലോകമെമ്പാടുമുള്ള മത്സരാർഥികളെ ഉൾപ്പെടുത്തി 'ഇശൽ ഇമ്പം സീസൺ 2' ഓഗ്മെൻ്റഡ് റിയാലിറ്റി സങ്കേതത്തിൽ ഒരുക്കുമെന്ന് ടീം റേഡിയോ കേരളം അറിയിച്ചു.