അപ്പുറത്തുള്ള വ്യക്തിയെ അവരായി സ്വീകരിക്കുക; ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുന്നതുമാണ് റിലേഷൻഷിപ്പ്: ഇന്ദ്രജിത്ത്
ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുന്നതുമാണ് റിലേഷൻഷിപ്പെന്ന് നടൻ ഇന്ദ്രജിത്ത്. വിവാഹം കഴിഞ്ഞ് ഇത്രയും വർഷങ്ങൾക്കിപ്പുറവും സന്തോഷകരമായി കുടുംബം ജീവിതം നയിക്കുന്നതിനെക്കുറിച്ചും ഒരു അഭിമുഖത്തിൽ ഇന്ദ്രജിത്ത് സംസാരിച്ചത്.
അപ്പുറത്തുള്ള വ്യക്തിയെ അവരായി സ്വീകരിക്കുക. ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുന്നതുമാണ് റിലേഷൻഷിപ്പ്. നമ്മുടെ കൂടെയുള്ള വ്യക്തി എന്താണോ അങ്ങനെ തന്നെ അംഗീകരിച്ച് അവരെ അങ്ങനെ ജീവിക്കാൻ അനുവദിക്കുക. ഒരുമിച്ച് ഒരു വീടിനകത്ത് നിൽക്കുമ്പോൾ പരസ്പരം മനസിലാക്കേണ്ടതും അഡ്ജസ്റ്റ് ചെയ്യേണ്ടതുമുണ്ട്. അങ്ങനെ ചെയ്താൽ ഒരു വലിയ അളവ് വരെ റിലേഷൻഷിപ്പ് വിജയകരമായി മുന്നോട്ട് പോകുമെന്നും ഇന്ദ്രജിത്ത് വ്യക്തമാക്കി.
പൂർണിമ ഇനി ഒരിക്കലും ചെയ്യരുതെന്ന് പറഞ്ഞ കാര്യം എന്താണെന്ന ചോദ്യത്തിന് ഇന്ദ്രജിത്ത് മറുപടി നൽകി. അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. എന്തെങ്കിലും അഭിപ്രായങ്ങൾ പറയാറേയുള്ളൂയെന്നും നടൻ വ്യക്തമാക്കി. മക്കളെക്കുറിച്ചും ഇന്ദ്രജിത്ത് സംസാരിച്ചു. ഇന്നത്തെ യുവ തലമുറ വളരെ ഒപീനിയേറ്റഡ് ആണ്. അവർക്ക് ഒരുപാട് കാര്യങ്ങളെക്കുറിച്ച് വായിച്ചറിവും കണ്ടറിവും ഉണ്ട്. എന്ത് കാര്യത്തെക്കുറിച്ചും അവരോട് സംസാരിക്കുമ്പോൾ വ്യക്തമായ അഭിപ്രായം അവർക്കുണ്ട്.
ഒരു കാര്യം അവരോട് ചെയ്യാൻ പറയുമ്പോൾ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് ചോദിക്കും. നമുക്കവരെ പറഞ്ഞ് കൺവിൻസ് ചെയ്യാൻ പറ്റണം. അങ്ങനെ ചെയ്താൽ അവർ സ്വീകരിക്കും. വളരെ പ്രോഗ്രസീവാണ് ഇന്നത്തെ തലമുറ. പ്രാർത്ഥനയോടും നക്ഷത്രയോടും എന്ത് കാര്യവും അച്ഛനെന്ന നിലയിൽ തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കാറുണ്ടെന്നും ഇന്ദ്രജിത്ത് വ്യക്തമാക്കി.
പൊസസീവ്നെസ് കൊണ്ട് പ്രശ്നമുണ്ടാകാറുണ്ടോ എന്ന ചോദ്യത്തിനും ഇന്ദ്രജിത്ത് മറുപടി നൽകി. പൊസസീവ്നെസ് സ്നേഹത്തിന്റെ ഒരു ഭാഗമാണ്. അത് എല്ലാ പങ്കാളികൾക്കും ഉണ്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനപ്പുറം ഒരു പോയ്ന്റ് വരുമ്പോഴാണ് നമുക്ക് ശ്വാസം മുട്ടൽ വരുന്നത്. അവിടെയെത്താതെ നോക്കേണ്ടത് ആ റിലേഷൻഷിപ്പിലുള്ളവരുടെ തന്നെ ഉത്തരവാദിത്വമാണ് സാമ്പത്തിക
കാര്യങ്ങൾക്ക് പിറകെ മാത്രം പോകുന്ന ആളല്ലെന്നും ഇന്ദ്രജിത്ത് പറയുന്നു. ഇപ്പോഴുള്ള സാഹചര്യത്തിൽ സംതൃപ്തനായി ജീവിക്കുന്ന ആളാണ്. വന്നെത്തുന്ന ബാക്കിയെല്ലാം അനുഗ്രഹമായി കാണുന്നു. നെറ്റ്വർത്ത് എന്ന് പറയാൻ മാത്രം ഒന്നുമില്ല. പുതിയ വീടിന്റെ നിർമാണം നടക്കുന്നുണ്ട്. 2019 ൽ തുടങ്ങിയതാണ്. കൊറോണ വന്ന് ഒന്നര വർഷത്തോളം മുടങ്ങി. ഇപ്പോൾ പണി ഏകദേശം പൂർത്തിയായി. ഏപ്രിലിൽ പാല് കാച്ചാമെന്ന് കരുതുന്നെന്നും ഇന്ദ്രജിത്ത് വ്യക്തമാക്കി.
അമ്മ മല്ലിക സുകാരനെക്കുറിച്ചും ഇന്ദ്രജിത്ത് സംസാരിച്ചു. കാറിൽ വരുമ്പോൾ സൂക്ഷിച്ച് വരണേ എന്ന് അമ്മ പറയും. എല്ലാ അമ്മമാരും അങ്ങനെയാണല്ലോ. റോഡിലോട്ട് ഇറങ്ങുമ്പോൾ നീ നന്നായിട്ട് ഓടിക്കുമായിരിക്കും, പക്ഷെ എതിരെ വരുന്ന വണ്ടിയെങ്ങനെയാണെന്ന് നമുക്ക് അറിയില്ലല്ലോ. ഞാൻ പൊതുവെ വളരെ സേഫ് ആയി വണ്ടി കൈകാര്യം ചെയ്യുന്ന വ്യക്തിയാണെന്നും ഇന്ദ്രജിത്ത് പറഞ്ഞു.