'കണ്‍മണി അൻപോട്' തർക്കത്തിന് പരിഹാരം; ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി
ഗുണ എന്ന ചിത്രത്തിലെ 'കണ്‍മണി അൻപോട്' എന്ന ഗാനം 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന സിനിമയില്‍ ഉപയോഗിച്ചതിന്‍റെ പേരില്‍ നിര്‍മ്മാതാക്കളും സംഗീത സംവിധായകന്‍ ഇളയരാജയും തമ്മിലുള്ള വിവാദം ഒത്തുതീര്‍ന്നു.
മഞ്ഞുമ്മല്‍ നിർമ്മാതാക്കള്‍ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നല്‍കിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
തന്റെ അനുമതിയില്ലാതെ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയില്‍ കണ്‍മണി അൻപോട് ഗാനം ഉപയോഗിച്ചു എന്നാരോപിച്ച് ഇളയരാജ മെയ് മാസമായിരുന്നു വക്കീല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ ചിത്രത്തിന്‍റെ മ്യൂസിക്ക് റൈറ്റ്സ് കൈവശമുള്ളവരില്‍ നിന്നും അവകാശം കരസ്ഥമാക്കിയിരുന്നു എന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ പറഞ്ഞത്.
മഞ്ഞുമ്മല്‍ ബോയ്സ് വലിയ വിജയം നേടിയ സാഹചര്യത്തില്‍ രണ്ടുകോടിയാണ് ഇളയരാജ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. ചർച്ചകള്‍ക്കൊടുവില്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെ നിർമ്മാതാക്കള്‍ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നല്‍കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
1991-ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസൻ ചിത്രമായ 'ഗുണ' യ്ക്ക് വേണ്ടി ഇളയരാജ ഈണം നല്‍കിയ ഗാനമാണ് 'കണ്‍മണി അൻപോട് കാതലൻ നാൻ' എന്ന ഗാനം. ചിദംബരം സംവിധാനം ചെയ്ത ഗുണ കേവ് പാശ്ചത്തലമായി വരുന്ന 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന ചിത്രത്തില്‍ ഈ ഗാനം ഉപയോഗിച്ചിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് റിലീസിന് ശേഷം കണ്‍മണി അൻപോട് വീണ്ടും മലയാളത്തിലും തമിഴിലും വീണ്ടും ഹിറ്റായിരുന്നു ഇതോടെയാണ് ഇളയരാജ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ചത്.
ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്നുവെന്ന നിലയില്‍ ശ്രദ്ധനേടിയ സിനിമ ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. യഥാർത്ഥ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം തിയറ്ററുകളില്‍ എത്തിയപ്പോള്‍ പ്രേക്ഷകരുടെ മനവും കണ്ണും ഒരുപോലെ നിറഞ്ഞിരുന്നു.
ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ചു. തമിഴ്, തെലുങ്ക് തുടങ്ങി ഭാഷകളിലും ഡബ്ബ് ചെയ്ത് ചിത്രം റിലീസ് ചെയ്തു. മെയ് 5ന് ചിത്ര ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. തിയറ്ററില്‍ 73 ദിവസം പൂർത്തിയാക്കിയാണ് ചിത്രം ഒടിടിയില്‍ എത്തിയത്. ഫെബ്രുവരി 22ന് ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്സ് റിലീസ് ചെയ്തത്. ആകെ മൊത്തം 242.3 കോടിയാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ കളക്ഷൻ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അന്ന് റിപ്പോർട്ട് ചെയ്തിരുന്നത്.