'കൂട്ടുകാർ മദ്യം തലയിലൂടെ വരെ ഒഴിച്ചിട്ടുണ്ട്, എന്നിട്ടും മദ്യപിച്ചിട്ടില്ല': ഇടവേള ബാബു
വർഷങ്ങളായി സിനിമയിലുള്ള ഇടവേള ബാബു താരംസംഘടനയായ അമ്മയുടെ പ്രധാന പ്രവർത്തകരിലൊരാളാണ്. സ്വഭാവം കൊണ്ടും മറ്റുള്ളവരോടുള്ള പെരുമാറ്റം കൊണ്ടും ബാബു വ്യത്യസ്തനാണ്. അടുത്തിടെ ഇൻറർവ്യൂവിൽ മദ്യപാനത്തെക്കുറിച്ചുള്ള ചോദ്യത്തിനു താരം പറഞ്ഞ മറുപടി ഇങ്ങനെയാണ്:
'ഞാൻ മദ്യപിക്കാറില്ല. ഇത് വലിയ ക്രെഡിറ്റ് ആയി പറയുന്നതല്ല. ഞാൻ മദ്യപിക്കാറില്ല. എൻറെ അച്ഛൻ മദ്യപിക്കാത്ത ആളായിരുന്നു. പോലീസിൽ ആയിരുന്നു അച്ഛൻ. പക്കാ വെജിറ്റേറിയൻ. കുറെയധികം ക്വാളിറ്റിയുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. ബസിൽ മാത്രമേ അദ്ദേഹം യാത്ര ചെയ്യുകയുള്ളൂ. അത് എവിടെയൊക്കെയോ എൻറെ മനസിലും കയറിയിട്ടുണ്ട്, അത് ഇപ്പോഴും ഫോളോ ചെയ്യുന്നുവെന്ന് മാത്രം.
മദ്യപാനം തെറ്റാണെന്നല്ല. നിൻറെ സ്വന്തം പൈസകൊണ്ട് നിനക്ക് മദ്യപിക്കാം, സിഗരറ്റ് വലിക്കാം എന്നാണ് അച്ഛൻ പറയാറുള്ളത്. പിന്നെ സ്വന്തം പൈസ ആയപ്പോഴും എനിക്കു മദ്യപിക്കാൻ ഇതുവരെ തോന്നിയിട്ടില്ല. എൻറെ മിക്ക സുഹൃത്തുക്കളും മദ്യപിക്കുന്നവരാണ്. ഞാൻ അവർക്കൊപ്പം ബാറിലും കയറും. അവിടെ പോയി നല്ല ഭക്ഷണമോ, സോഡയോ ഒക്കെ കഴിക്കും. എന്നെ കുടിപ്പിക്കാൻ വേണ്ടി എൻറെ തലയിലൂടെ മദ്യം ഒഴിച്ചിട്ടുണ്ട് കൂട്ടുകാർ. എന്നിട്ടും എനിക്കു കുടിക്കാൻ തോന്നിയിട്ടില്ല, അതാണു വാസ്തവം...' ഇടവേള ബാബു പറഞ്ഞു.