എനിക്കു തോന്നുന്ന കാര്യങ്ങളാണ് പറയുന്നത്; അപ്പപ്പോള്‍ തോന്നുന്ന കാര്യങ്ങള്‍: ഷെയ്ന്‍ നിഗം
യുവനിരയിലെ ശ്രദ്ധേയനായ നടനാണ് ഷെയിന്‍ നിഗം. വിവാദങ്ങളിലകപ്പെടുമ്പോഴും താരം തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇത്രയേറെ വിമര്‍ശനങ്ങളേറ്റു വാങ്ങിയ താരങ്ങള്‍ വിരളമാണ്. താരം നേരത്തെ നല്‍കിയ ഇന്റര്‍വ്യൂവിലെ വെളിപ്പെടുത്തലുകള്‍ വൈറലാകുകയാണ്.
ചില കഥകള്‍ കേള്‍ക്കുമ്പോള്‍ ഇഷ്ടം തോന്നില്ല. നല്ല കഥയായിരിക്കും. പക്ഷേ, എനിക്ക് ഒരു കഥാപാത്രം അല്ലെങ്കില്‍ കഥ എക്‌സൈറ്റിങ് ആവണം. എങ്കില്‍ മാത്രമേ അഭിനയിക്കുമ്പോള്‍ ഒരു ഫീലില്‍ ഉണ്ടാവൂ. ആ ഫീല്‍ ഉണ്ടെങ്കിലേ നന്നായി പെര്‍ഫോം ചെയ്യാനാവൂ. പിന്നെ ഹൃദയത്തില്‍ തൊടുന്ന കഥയാണെങ്കിലേ അതിനൊരു ഡെപ്തുള്ളൂ. അതെത്രത്തോളം ചെയ്തുവരും എന്നുള്ളത് എല്ലാം കൂടി കൂടിയിട്ടുള്ളൊരു കാര്യമാണ്. അതു കറക്ടായി വരണം, സംഭവിക്കണം. പിന്നെ അടിപൊളി കഥയാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, അതു ചെയ്തു വരുമ്പോള്‍ ചിലപ്പോള്‍ നന്നാവില്ല. ഈ എല്ലാ ഘടകങ്ങളും നന്നായി വരണം.
എന്റെ മുന്നിലുള്ളതെല്ലാം ഞാന്‍ കാണുന്നു. എന്നാല്‍, പ്രത്യേകമായി ഒന്നും വിലയിരുത്താറില്ല. എനിക്ക് അത് അറിയില്ല എന്നുപറയുന്നതാവും ശരി. ഒരു സിനിമ കാണുമ്പോള്‍, ചിലത് നല്ല പടമായിരിക്കും. പക്ഷേ, എനിക്ക് ഇഷ്ടപ്പെടില്ല. പക്ഷേ, ചില സിനിമകളില്‍ എന്തൊക്കെയോ ചില പോരായ്മകള്‍ ഉണ്ടാവും. എന്നാല്‍, എനിക്ക് ഇഷ്ടപ്പെടും. അത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. വിലയിരുത്തല്‍ തികച്ചും വ്യക്തിപരമാണ്.
ഞാനങ്ങനെ വ്യത്യസ്തമായി ചിന്തിക്കുന്നു എന്ന് എനിക്കു തോന്നിയിട്ടില്ല. എനിക്കു തോന്നുന്ന കാര്യങ്ങളാണ് പറയുന്നത്. അപ്പപ്പോള്‍ തോന്നുന്ന കാര്യങ്ങള്‍. പിന്നെ, എനിക്ക് അങ്ങനെ പ്രത്യേകതകളൊന്നുമില്ല. അതുകൊണ്ടായിരിക്കും നിങ്ങള്‍ക്കത് വ്യത്യസ്തമായി തോന്നുന്നത്- ഷെയിന്‍ പറഞ്ഞു.