ബിരിയാണി കഴിക്കാന്‍ ഇഷ്ടമാണ്; പക്ഷേ ഉണ്ടാക്കാനറിയില്ല: അനുസിതാര
മലയാളിയുടെ പ്രിയ നായികയാണ് അനുസിതാര. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ, അഭിനയമുഹൂര്‍ത്തങ്ങളിലൂടെ മലബാറിന്റെ സുന്ദരി, അനുസിതാര പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി താരം കൂടിയാണ് അനുസിതാര. അടുത്തിടെ അഭിമുഖത്തില്‍ തനിക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ബിരിയാണിയെന്ന് താരം പറഞ്ഞു.
എനിക്ക് ബിരിയാണിയാണ് ഏറെ ഇഷ്ടം. എന്റെ വീട്ടില്‍ ഉണ്ടാക്കുന്ന ബിരിയാണിയെ എനിക്ക് ഇഷ്ടമുള്ളൂ. ഹോട്ടലുകളില്‍ നിന്ന് ബിരിയാണി കഴിക്കാറേയില്ല. വീട്ടില്‍ ഉണ്ടാക്കുന്ന ബിരിയാണിയുടെ ടേസ്റ്റ് വേറെ എവിടെയും കിട്ടില്ല. വിഷ്ണുവേട്ടന്റെ വീട്ടിലും എന്റെ അമ്മയും ചെറിയമ്മയും ഒക്കെ ഉണ്ടാക്കുന്ന ബിരിയാണി. അത് വേറെ എവിടെയും കിട്ടില്ല. ഏറെ സ്‌പൈസിയായ ബിരിയാണി ഇഷ്ടമല്ല. വീട്ടില്‍ എസന്‍സൊന്നും ചേര്‍ക്കാതെ നാടന്‍ ബിരിയാണി ഉണ്ടാക്കും. അതാണ് എനിക്കിഷ്ടം. പക്ഷേ, എനിക്ക് ബിരിയാണി ഉണ്ടാക്കാനറിയില്ല.
വീട്ടിലുണ്ടെങ്കില്‍ ഇഫ്താര്‍ വിരുന്നുകളില്‍ പങ്കെടുക്കും. അയല്‍വാസികളും കുടുംബക്കാരും ക്ഷണിക്കും. അച്ഛന്റെ കുടുംബക്കാരൊക്കെ മലപ്പുറത്താണ്. ഇവിടെ വയനാട്ടില്‍ അച്ഛന്റെ രണ്ട് അനിയന്മാരുണ്ട്. അവരുടെ വീടുകളില്‍ പോകും. പിന്നെ സുഹൃത്തുക്കളുടെ വീടുകളിലും പോകും. പക്ഷേ, ഇപ്പോള്‍ വീട്ടില്‍ അധികം ഉണ്ടാവാറില്ല. അതിനാല്‍, പഴയ പോലെ നോമ്പുതുറയ്‌ക്കൊന്നും പോകാന്‍ കഴിയാറില്ല. വീട്ടില്‍ത്തന്നെ വീട്ടിലെത്തിയാല്‍ എപ്പോഴും ഫ്രീയായി ഇരിക്കാനാണ് ഇഷ്ടം. എവിടെയും പോകില്ല.
പെരുന്നാള്‍ ഗംഭീരമായി ആഘോഷിക്കും. ബന്ധുക്കളെ വീട്ടിലേക്കു ക്ഷണിക്കും. അച്ഛന്റെയും അമ്മയുടെയും സുഹൃത്തുക്കളും ഉണ്ടാവും. അച്ഛന്റെ കുടുംബക്കാര്‍ക്കൊപ്പം എന്റെ അമ്മമ്മയും ചെറിയമ്മയും വിഷ്ണുവേട്ടന്റെ അച്ഛനും അമ്മയും ഒക്കെയുണ്ടാവും. മലയാളികള്‍ ജാതിയും മതവും ഇല്ലാതെ ആഘോഷങ്ങള്‍ കൊണ്ടാടും എന്നാണല്ലോ പറയാറ്. പലപ്പോഴും അതു പറയുക മാത്രമേ ചെയ്യാറുള്ളൂ. ഞങ്ങളുടെ വീട്ടില്‍ മിക്ക ആഘോഷങ്ങള്‍ക്കും അത് അങ്ങനെ തന്നെയാണ്. ഓണം വന്നാലും പെരുന്നാള്‍ വന്നാലും ഞങ്ങളുടെ വീട്ടില്‍ സദ്യയും ബിരിയാണിയും ഉണ്ടാക്കുന്നത് ഉമ്മയും അമ്മമ്മയും ചേര്‍ന്നാണ്. അങ്ങനെയൊരു ഒത്തൊരുമ ഞങ്ങളുടെ കുടുബത്തില്‍ വന്നാല്‍ കാണാന്‍ പറ്റും. എനിക്ക് ഭയങ്കര അഭിമാനമുള്ള കാര്യമാണതെന്നും അനുസിതാര പറഞ്ഞു.