കാര്യങ്ങള്‍ തുറന്നുപറയുന്ന പെണ്ണ് എങ്ങനെ താന്തോന്നിയാകും..?
മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമകളിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുന്നു ഐശ്വര്യലക്ഷ്മി. മണിരത്‌നം സംവിധാനത്തില്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗമാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ പൂങ്കുഴലീ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത് ബോള്‍ഡായ ഒരു കഥാപാത്രത്തെയാണ് ഐശ്വര്യ ചിത്രത്തില്‍ കൈകാര്യം ചെയ്തത്. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ യാതൊരു മടിയും കാണിക്കാത്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. അക്കാര്യത്തില്‍ ചില വിവാദങ്ങളിലൊക്കെ താരം ഉള്‍പ്പെട്ടിട്ടുണ്ട്. ഐശ്വര്യ അവതരിപ്പിക്കുന്ന മിക്ക കഥാപാത്രങ്ങള്‍ക്കും അങ്ങനെയൊരു ബോള്‍ഡ്‌നെസ് കടന്നു വരാറുണ്ട്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഐശ്വര്യ ഇക്കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞിരുന്നു. കൂടാതെ താന്‍ സിനിമയിലേക്ക് വന്നശേഷം ജീവിതത്തില്‍ ഉണ്ടായ മറ്റാങ്ങളെക്കുറിച്ചും നടി സംസാരിച്ചിരുന്നു.
തന്റെയും കഥാപാത്രങ്ങളുടെയും ബോള്‍ഡ്‌നെസിനെപ്പറ്റി ചോദിച്ചപ്പോള്‍ ഐശ്വര്യയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു. സ്വന്തം കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ കഴിയുന്ന പെണ്ണിനെയാണ് ബോള്‍ഡ് എന്നതുകൊണ്ട് സമൂഹം ഉദ്ദേശിക്കുന്നത്. ബോള്‍ഡ് പെണ്‍കുട്ടി എന്ന് എടുത്തു പറയുന്നതില്‍നിന്നു സമൂഹത്തിലെ ഒരു സാധാരണ കാര്യമായി മാറണം. സ്വന്തമായി അഭിപ്രായമുള്ള സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ഒരു പെണ്ണ് താന്തോന്നിയല്ല, സ്‌നേഹമില്ലാത്തവളല്ല എന്റെ ബോള്‍ഡ് കഥാപാത്രങ്ങളെല്ലാം എന്റെ അഭിപ്രായത്തെ വിലമതിക്കുന്നതിനൊപ്പം കുടുംബത്തെ സ്‌നേഹിക്കുന്ന, ഭര്‍ത്താവിനെ സ്‌നേഹിക്കുന്ന, കാമുകനെ സ്‌നേഹിക്കുന്ന അലിവുള്ള സ്ത്രീ കഥാപാത്രങ്ങള്‍ ആയിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു.
ഒട്ടും പ്രതീക്ഷിക്കാതെ ഞാന്‍ എത്തിപ്പെട്ട മേഖലയാണ് സിനിമ. ഇവിടെ എനിക്ക് കിട്ടിയതെല്ലാം ലാഭങ്ങളാണ്. നല്ല സംവിധായകരോടൊപ്പം ജോലി ചെയ്യാനായി. മായാനദി എന്ന സിനിമയില്‍ എന്നെ വിശ്വസിച്ച് ആഷിഖ് അബു വലിയൊരു കഥാപാത്രം നല്‍കി. അന്നു മുതല്‍ ഓരോ കഥാപാത്രവും കൂടുതല്‍ മെച്ചപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് തന്റെ വിശ്വാസമെന്നും താരം പറഞ്ഞു.