നല്ലൊരാൾ വന്നാൽ വിവാഹം കഴിക്കും; എനിക്ക് ചേരുന്ന ഒരാളാകണം: വിവാഹ സങ്കൽപ്പങ്ങൾ വെളിപ്പെടുത്തി ഹണി റോസ്
ഭാവി പങ്കാളിയെക്കുറിച്ചുളള സങ്കൽപ്പങ്ങൾ തുറന്നുപറഞ്ഞ് നടി ഹണി റോസ്. ഒരു ദിവസം ഒന്നിലധികം ഉദ്ഘാടനങ്ങൾ ചെയ്തിട്ടുണ്ടെന്നും താരം പറഞ്ഞു. സോഷ്യൽമീഡിയയിലെ മോശം കമന്റുകൾക്ക് മറുപടി കൊടുക്കാൻ താൽപര്യമില്ലെന്നും ഹണി വ്യക്തമാക്കി. താരസംഘടനയായ അമ്മയുടെ യൂട്യൂബ് ചാനലിലൂടെയാണ് നടി ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'ഞാൻ സിനിമയിൽ വന്ന കാലം മുതൽക്കേ ഉദ്ഘാടനങ്ങൾക്ക് പോകുമായിരുന്നു. കൊവിഡ് കഴിഞ്ഞതിന് ശേഷമാണ് ഏറ്റവും അധികം ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത്. യൂട്യൂബ് ചാനലുകൾ കാരണമാണ് കൂടുതൽ പ്രശസ്തി ലഭിച്ചത്. ജുവലറികളും തുണിക്കടകളും മാത്രമല്ല ഉദ്ഘാടനം ചെയ്തിട്ടുളളത്. പെട്രോൾ പമ്പ് ഉദ്ഘാടനം ചെയ്യാനും എനിക്ക് കോൾ വന്നിട്ടുണ്ട്. അത് എന്തിനാണെന്ന് അറിയില്ല. ഞാൻ ഉദ്ഘാടന വേദിയിലെത്തുന്ന വീഡിയോകൾ പല യൂട്യൂബ് ചാനലുകളും കൊടുക്കാറുണ്ട്.
അതിന് മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അത് ശ്രദ്ധിക്കാറില്ല. അതൊക്കെ ഓരോ ആളുകളുടെ മനോഭാവമല്ലേ? അതൊക്കെ എങ്ങനെയാണ് മാറ്റാൻ സാധിക്കുന്നത്. നേരിട്ട് യാതൊരു മോശം അനുഭവവും ഉണ്ടായിട്ടില്ല, ഒരു ദിവസം രാവിലെയും ഉച്ചയ്ക്കും രാത്രിയുമൊക്കെ ഉദ്ഘാടനം ചെയ്യാൻ പോയിട്ടുണ്ട്. അതൊക്ക നല്ല അനുഭവങ്ങളായിരുന്നു'- ഹണി പറഞ്ഞു.
പങ്കാളിയെക്കുറിച്ചുളള സങ്കൽപ്പങ്ങളും ഹണി വെളിപ്പെടുത്തി. 'ഒരു പ്രണയം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ആരെയും പ്രണയിക്കുന്നില്ല. നല്ലൊരാൾ വന്നാൽ വിവാഹം കഴിക്കും. എനിക്ക് ചേരുന്ന ഒരാളാകണം. ആ വ്യക്തിയെ കാണുമ്പോൾ എനിക്ക് മനസിലാകും. ഒരു വൈബുണ്ടാകണം. വീട്ടുകാർ കണ്ടുപിടിച്ചാൽ നല്ലതാണ്. വലിയ സങ്കൽപ്പങ്ങളൊന്നുമില്ല. കുട്ടിക്കാലത്ത് സങ്കൽപ്പങ്ങൾ ഒരുപാടുണ്ടായിരുന്നു. നമ്മുടെ ആഗ്രഹങ്ങൾക്ക് തടസം നിൽക്കുന്ന ഒരു വ്യക്തിയായിരിക്കരുത്. സ്വാർത്ഥത ഉണ്ടാകരുത്.
സൗന്ദര്യരഹസ്യങ്ങൾ എന്നുപറയാൻ വലുതായിട്ടൊന്നുമില്ല. ഷൂട്ടിംഗും ഉദ്ഘാടനങ്ങളൊന്നുമില്ലെങ്കിൽ നേരത്തെ എഴുന്നേൽക്കും, കൂടുതലും മുറിയിലായിരിക്കും സമയം ചെലവഴിക്കുന്നത്. കുറച്ച് ചെടികൾ വളർത്തുന്നുണ്ട്. അതിനെ പരിപാലിക്കും. തൊടുപുഴയിൽ ചെറിയൊരു പഴത്തോട്ടമുണ്ട്. അവിടെ പോകും. വർക്കൗട്ട് ചെയ്യുന്നത് വൈകുന്നേരമാണ്. വീട്ടിൽ ജിമ്മിലുളള മിക്ക സാധനങ്ങളുമുണ്ട്. അധികം ജിമ്മിൽ വർക്കൗട്ടിന് പോകാറില്ല'- താരം പറഞ്ഞു.