'ചുമ്മാ ഷൂട്ടിംഗ് കാണാന്‍ പോയതാണ്, എന്നെ സിനിമയിലെടുത്തെന്ന് നാട്ടില്‍ പാട്ടായി': ഹണിറോസ്
ഹണിറോസിന് ആമുഖം ആവശ്യമില്ല. സിനിമയിലും സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും മിന്നിത്തിളങ്ങുന്ന സ്വപ്‌നതാരം. ഹണിറോസിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ദിനംപ്രതി ഉയരാറുണ്ട്. കൂടുതലും താരത്തിന്റെ രൂപത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചുമാണ്. എന്നാല്‍ എത്ര പ്രശ്‌നങ്ങള്‍ ഉണ്ടായാലും താരത്തിന്റെ പ്രതികരണം മനോഹരമായ പുഞ്ചിരി മാത്രമാണ്.
20 വര്‍ഷത്തോളമായി സിനിമയില്‍ എത്തിയിട്ട്. എന്നാല്‍ ഇന്നും ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. സിനിമാമോഹം തലയില്‍ കയറിയപ്പോള്‍ ഏഴാം ക്ലാസില്‍ പഠിക്കുകയാണ്. വിനയന്‍ സാര്‍ സംവിധാനം ചെയ്ത മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമ ഷൂട്ട് ചെയ്യുന്നത് മൂലമറ്റത്ത് എന്റെ വീടിനടുത്തായിരുന്നു. ഞങ്ങള്‍ക്ക് ആ സമയത്ത് ചെറിയ ബിസിനസ് ഉണ്ടായിരുന്നു. അവിടെ വര്‍ക്ക് ചെയ്ത ചേച്ചിയുടെ വീട്ടിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്. അങ്ങനെ ഷൂട്ട് കാണാന്‍ പോയപ്പോള്‍ സെറ്റില്‍ വച്ച് ആരോ അഭിനയിക്കുമോ എന്ന് ചോദിച്ചു. അത് പെട്ടെന്ന് നാട്ടില്‍ പ്രചരിച്ചു.
ആളുകള്‍ പറഞ്ഞു നടന്നത് എന്നെ സിനിമയില്‍ എടുത്തു എന്നായിരുന്നു. അന്നാണ് സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം മനസില്‍ കയറിയത്. പക്ഷേ ആ സിനിമയുടെ സെറ്റില്‍ തന്നെ വിനയന്‍ സാറിനെ പോയി കണ്ടു സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ അന്ന് ഞാന്‍ കുഞ്ഞായിരുന്നു. അതിനാല്‍ അദ്ദേഹം സമ്മതിച്ചിരുന്നില്ല. പിന്നീട് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ കുറച്ച് ഫോട്ടോസ് എടുത്ത് അച്ഛന്‍ വിനയന്‍ സാറിനെ കാണാന്‍ പോയി. ആ സമയത്ത് ബോയ്ഫ്രണ്ട് സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്ന സമയമായിരുന്നു. അങ്ങനെ ഫോട്ടോസ് കണ്ടതിനു ശേഷം അദ്ദേഹം വിളിച്ചു, അതിലൂടെയാണ് ബോയ്ഫ്രണ്ടിലേക്ക് അവസരം എത്തിയത്- ഹണി റോസ് പറഞ്ഞു.