'നീ സിനിമയിൽ പോയാൽ ഞാൻ മരിക്കും എന്നാണ് അച്ഛൻ എന്നോടു പറഞ്ഞത്': ഗായത്രി സുരേഷ്
ജമ്‌നപ്യാരിയിലൂടെ ചലച്ചിത്രലോകത്ത് കടന്നുവന്ന നടിയാണ് ഗായത്രി സുരേഷ്. നിരവധി വിവാദങ്ങളിൽ അകപ്പെട്ടിട്ടുള്ള താരത്തിനെതിരേ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. അടുത്തിടെ തൻറെ സിനിമയിലേക്കുള്ള വരവിനെ അച്ഛൻ എതിർത്തിരുന്നതായി തുറന്നുപറഞ്ഞിരുന്നു.
'അഭിനേത്രിയാവുക എന്ന ആഗ്രഹത്തിന് അച്ഛൻ എതിരായിരുന്നു. സിനിമയിലേക്കു വരുമ്പോൾ അമ്മ നല്ല സപ്പോർട്ട് ആയിരുന്നു. എന്നാൽ അച്ഛന് ഒട്ടും താത്പര്യം ഇല്ലായിരുന്നു. സിനിമാ മേഖലയെക്കുറിച്ച് അക്കാലത്തൊക്കെ മോശം അഭിപ്രായങ്ങളല്ലേ കേട്ടിരുന്നത്. പെൺകുട്ടികൾക്കു സുരക്ഷിതമല്ല എന്നാണ് അച്ഛൻ കരുതിയിരുന്നത്. നീ സിനിമയിൽ പോയാൽ ഞാൻ മരിക്കും എന്നാണ് അച്ഛൻ എന്നോടു പറഞ്ഞത്. അതേസമയം അതൊന്നും അച്ഛൻ ചെയ്യില്ലെന്ന് തനിക്ക് അറിയാമായിരുന്നു.
ജമ്നപ്യാരിയിലേക്ക് അവസരം വന്നപ്പോൾ ഞാനും അമ്മയും കുറേ പറഞ്ഞു. അച്ഛാ എനിക്ക് ഒരു സിനിമയിൽ അഭിനയിച്ചാൽ മതി. ഇതെന്താണെന്ന് ഒന്നു അറിയാനാണ് എന്നൊക്കെ പറഞ്ഞ് സമ്മതിപ്പിച്ചു. സെറ്റിലേക്ക് അച്ഛനും അമ്മയും വരാറുണ്ടായിരുന്നു. സിനിമ റിലീസ് ആയപ്പോൾ എൻറെ സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും കുടുംബ സുഹൃത്തുക്കൾക്കും ഒക്കെ വേണ്ടി ആദ്യ ദിവസം അച്ഛൻ തൃശൂരിലെ ഒരു തിയറ്റർ ഹാൾ മുഴുവനായി ബുക്ക് ചെയ്തു. അച്ഛനു സിനിമ ഇഷ്ടപ്പെട്ടു. പിന്നെ മനസിലായി കൂടെ നിൽക്കുന്നതാണു നല്ലതെന്ന്. ഇവളെന്തായാലും ഇതുമായി മുന്നോട്ടു പോകും എന്ന് അച്ഛനു മാനസിലായി' ഗായത്രി പറഞ്ഞു.