'സൂര്യ അത് നിരസിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി; പക്ഷേ, ആ സിനിമ ഞാന്‍ പൂര്‍ത്തിയാക്കി'; ഗൗതം മേനോൻ
ഗൗതം മേനോന്റെ സംവിധാനത്തില്‍ 2013ല്‍ പ്രഖ്യാപിച്ച ചിത്രമാണ് ധ്രുവ നച്ചത്തിരം. സൂര്യയെ നായകനാക്കി ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രം പിന്നീട് ചിയാന്‍ വിക്രമിലേക്ക് എത്തുകയായിരുന്നു. 2017ല്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ചിത്രം റിലീസ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാവുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഒരഭിമുഖത്തിൽ ഗൗതം വാസുദേവ് മേനോൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
'ധ്രുവ നച്ചത്തിരം ചെയ്യുന്നതിന് സൂര്യ രണ്ടാമതൊന്ന് ആലോചിക്കില്ല എന്നാണ് ഞാൻ കരുതിയിരുന്നത്. കാരണം കാക്ക കാക്ക, വാരണം ആയിരം എന്നീ സിനിമകൾ അങ്ങനെയാണ് ഉണ്ടായത്. ഞങ്ങളുടെ കയ്യിൽ ഒരു ഐഡിയ ഉണ്ടായിരുന്നു. പിന്നീട് ഞങ്ങൾ അത് വർക്ക് ചെയ്തു. വാരണം ആയിരം എന്ന സിനിമയിലെ അച്ഛൻ കഥാപാത്രത്തിനായി ആദ്യം നാന പടേക്കർ, മോഹൻലാൽ എന്നിവരെയാണ് സമീപിച്ചത്. സൂര്യ അത് ചെയ്യാമെന്ന് പറയുകയായിരുന്നു.
ഒരു വൃദ്ധനായ കഥാപാത്രം ചെയ്യാനുള്ള ധൈര്യം അദ്ദേഹം കാണിച്ചു. എന്നാൽ ധ്രുവ നച്ചത്തിരത്തിലേക്ക് വന്നപ്പോൾ അദ്ദേഹം അത് സ്വീകരിച്ചില്ല,' - ഗൗതം മേനോൻ പറഞ്ഞു.
'ഐഡിയ കേട്ട്, പല തവണ ചർച്ചകൾ ചെയ്തു. റഫറൻസ് എന്തെന്ന് അദ്ദേഹം പല തവണ ചോദിച്ചു. എന്നാൽ റഫറൻസ് ഇല്ല, എനിക്ക് ഒരു ഐഡിയ ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ ആ സിനിമയെ അദ്ദേഹം പിക്ക് ചെയ്തില്ല. കാക്ക കാക്ക, വാരണം ആയിരം എന്നീ സിനിമകൾ ചെയ്ത സംവിധായകനെ അദ്ദേഹത്തിന് വിശ്വസിക്കാമായിരുന്നു. ഒരു സഹായം എന്ന നിലയിലല്ല, എന്നെ വിശ്വസിക്കാനാണ് ഞാൻ പറഞ്ഞത്. എന്ത് സംഭവിക്കാനാണ്.
അടുത്ത സിനിമ വരാതിരിക്കുമോ? ഞാനല്ലേ നിർമിക്കുന്നത്, എനിക്കല്ലേ പ്രശ്നം എന്ന് പറഞ്ഞു വിളിച്ചു. എന്നാൽ അത് സംഭവിച്ചില്ല. സൂര്യ ആ സിനിമ ഉപേക്ഷിച്ചു എന്നത് ഏറെ നിരാശയുണ്ടാക്കിയ കാര്യമാണ്. പക്ഷേ, ആ സിനിമ ഞാന്‍ പൂര്‍ത്തിയാക്കി. എനിക്കറിയാം, ഇത്രയും വര്‍ഷത്തിന് ശേഷം ആ സിനിമയ്ക്ക് എന്താകും പ്രസക്തിയെന്ന്?. ആ സിനിമ റിലീസാകുമ്പോള്‍ നിങ്ങള്‍ കണ്ടോളൂ, 13 വര്‍ഷം മുൻപുള്ള സിനിമയാണെന്ന് പറയുകയേ ഇല്ല. ഇപ്പോള്‍ മദഗജരാജ എന്ന സിനിമയ്ക്ക് നല്ല പ്രശംസ കിട്ടുകയാണല്ലോ. അതുപോലെ തന്നെയാകും ധ്രുവ നച്ചത്തിരവും ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.