Begin typing your search...

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട്: ഭരണസമിതി പിരിച്ചുവിടണമെന്ന് ജില്ലാ രജിസ്ട്രാറുടെ ശുപാർശ

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട്: ഭരണസമിതി പിരിച്ചുവിടണമെന്ന് ജില്ലാ രജിസ്ട്രാറുടെ ശുപാർശ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിനിമയിലെ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലെ സാമ്പത്തിക ഇടപാടുകൾ പുറത്തുനിന്നുള്ള ഓഡിറ്ററെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ജില്ലാ രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട്. ഗുരുതരമായ നിയമലംഘനം നടത്തിയ നിലവിലുള്ള ഭരണസമിതിയെ പിരിച്ചുവിടണമെന്നും ശുപാർശചെയ്തിട്ടുണ്ട്. കോമ്പറ്റീഷൻ കമ്മിഷനിലെ കേസിനായി വിവിധ ഇനത്തിൽ 60 ലക്ഷത്തോളംരൂപ ചെലവുവന്നതായാണ് ഭരണസമിതി ബോധിപ്പിച്ചത്. എന്നാൽ, ഇതിനുള്ള രേഖകൾ ഹാജരാക്കാനായില്ല. അഭിഭാഷകഫീസ് അക്കൗണ്ട് മുഖേന നൽകിയെന്നു പറയുന്നുണ്ടെങ്കിലും അക്കൗണ്ട് നമ്പറോ മറ്റ് പണക്കൈമാറ്റ രേഖകളോ ഹാജരാക്കിയിട്ടില്ല. പ്രവർത്തനറിപ്പോർട്ടിൽ പറയുന്ന തുകയിലും അന്വേഷണസംഘത്തിന് മുമ്പാകെ നൽകിയ തുകയിലും പൊരുത്തക്കേടുണ്ട്.

പൊതുയോഗം അംഗീകരിക്കാത്ത വരവുചെലവ് കണക്കുകൾ സംബന്ധിച്ച വൗച്ചറുകളും രശീതികളും പോലുള്ള സുപ്രധാനരേഖകൾ ചിതലരിച്ചെന്നാണ് ഭാരവാഹികൾ അറിയിച്ചിട്ടുള്ളത്. എന്നാൽ, ഇതിന്റെ അവശേഷിപ്പുകൾ ഹാജരാക്കാനായിട്ടില്ല. പോസ്റ്ററുകൾ സീൽ ചെയ്തുനൽകുന്നതിന് കൊച്ചി കോർപ്പറേഷൻ ഈടാക്കിയിരുന്ന നിരക്ക് ജി.എസ്.ടി. വന്നതോടെ 2017-ൽ നിർത്തലാക്കിയിരുന്നു. എന്നിട്ടും നിർമാതാക്കളിൽനിന്ന് സംഘടന ഈ ഇനത്തിൽ പണം പിരിച്ചു. പോസ്റ്റർ സീലിങ് ചാർജ് നിർത്തലാക്കിയതായി അംഗങ്ങളെ അറിയിച്ചില്ല.

2014 മുതൽ 2022 വരെയുള്ള വർഷങ്ങളിൽ ബാക്കിപത്രവും വരവുചെലവുകണക്കും വാർഷികപൊതുയോഗത്തിൽ സമർപ്പിക്കാതെ ഭരണസമിതിയോഗങ്ങളിൽ മാത്രം അവതരിപ്പിച്ച് പാസാക്കുകയായിരുന്നു. എന്നിട്ട് പൊതുയോഗം അംഗീകരിച്ചതാണെന്ന് രജിസ്ട്രാറോഫീസിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

ജില്ലാ രജിസ്ട്രാറുടെ അന്വേഷണം നടക്കുമ്പോൾത്തന്നെ ചിലർക്കുമാത്രം അറിയിപ്പുനൽകി പൊതുയോഗം വിളിച്ചാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. ഗുരുതരമായ നിയമലംഘനം നടത്തിയവരും യോഗ്യതയില്ലാത്തവരുമായ മുൻഭരണസമിതിയംഗങ്ങളും പുതിയ സമിതിയിലുണ്ട്. അതുകൊണ്ട് നിലവിലുള്ളതിനെ പിരിച്ചുവിട്ട് പുതിയ ഭരണസമിതിയെ നിയമിക്കുന്നതിനായി ജില്ലാകോടതിയിൽ സർക്കാരിന് അപേക്ഷ സമർപ്പിക്കാവുന്നതാണെന്നും ജില്ലാ രജിസ്ട്രാർ റിപ്പോർട്ടിൽ പറയുന്നു.

WEB DESK
Next Story
Share it