എന്റെ ലൈഫിൽ നികത്താനാകാത്ത സങ്കടമാണ് അച്ഛന്റെ മരണം; പൃഥ്വിരാജ്
മലയാള സിനിമയുടെ അഭിമാനമായ നടനാണ് ഇന്ന് പൃഥ്വിരാജ്. വിമർശിച്ചവർക്ക് തന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെ മറുപടി നൽകിയ നടൻ ഇന്ന് പാൻ ഇന്ത്യൻ ലെവലിൽ റീച്ചുള്ള താരമാണ്. മാത്രമല്ല ഇന്ന് ഏറ്റവും കൂടുതൽ കലക്ഷൻ ലഭിച്ച മലയാള സിനിമയുടെ സംവിധായകാനായും പൃഥ്വിരാജ് അറിയപ്പെടുന്നു.
പിന്നിട്ട വഴികളിലെ പ്രയാസങ്ങളെ പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന താരത്തിന് വിജയങ്ങൾക്ക് നടുവിൽ നിൽക്കുമ്പോൾ ഒരു സങ്കടം മാത്രം അവശേഷിക്കുന്നുണ്ട്. തന്റേയും ചേട്ടന്റെയും വിജയങ്ങൾ കാണാൻ അച്ഛൻ ഇല്ലാതെയായിപ്പോയി എന്നതാണ് ആ സങ്കടം. ഏത് വേദിയിൽ പിതാവ് സുകുമാരനെ കുറിച്ച് സംസാരിച്ചാലും പൃഥ്വിരാജിന്റെ കണ്ഠമിടറും.
അച്ഛന്റെ ശൂന്യതയെ കുറിച്ച് സംസാരിക്കുമ്പോൾ അല്ലാതെ ഒരിക്കലും പൃഥ്വിരാജിന്റെ കണ്ണുകൾനിറഞ്ഞ് മലയാളികൾ കണ്ടിട്ടുണ്ടാവില്ല. പൃഥ്വിരാജ് സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിലാണ് ഹൃദയാഘാതം മൂലം സുകുമാരൻ ആശുപത്രിയിലാകുന്നതും ചികിത്സയിലിരിക്കെ അന്തരിക്കുന്നതും. പിന്നീട് അങ്ങോട്ട് പൃഥ്വിക്കും ഇന്ദ്രജിത്തിനും അമ്മയും അച്ഛനുമെല്ലാം അമ്മ മല്ലികയായിരുന്നു.
ഒരിക്കൽ ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ അച്ഛന്റെ തീരാനഷ്ടം തന്നിലുണ്ടാക്കിയിരിക്കുന്ന സങ്കടത്തെ കുറിച്ച് പൃഥ്വിരാജ് സംസാരിച്ചിരുന്നു. അന്ന് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ആരാധകർക്കിടയിൽ വൈറലാകുന്നതും ചർച്ചയാകുന്നതും. നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... സുകുമാരൻ സാർ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ മകന്റെ ഈ വളർച്ചയെ എങ്ങനെ കാണുമായിരുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പൃഥ്വിരാജ്.
'എന്റെ ലൈഫിൽ ഉള്ള നികത്താനാകാത്ത സങ്കടമാണ് അച്ഛന്റെ മരണം. എന്റെയും ചേട്ടന്റെയും സക്സസ് എഞ്ചോയ് ചെയ്യാൻ അച്ഛൻ ഇല്ലല്ലോ എന്നുള്ള വിഷമവുമുണ്ട്. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഞാനും ഭയങ്കരമായി എഞ്ചോയ് ചെയ്യുമായിരുന്നു. എന്റെ വളരെ അടുത്ത സുഹൃത്താണ് ദുൽഖർ സൽമാൻ. മമ്മൂക്കയ്ക്ക് ഒരു ഗിഫ്റ്റ് വാങ്ങികൊടുക്കുന്നത് പോലും ദുൽഖർ ഭയങ്കരമായി എഞ്ചോയ് ചെയ്യുന്നുണ്ട്.'
'അതെല്ലാം ഒരു പ്രൈഡായാണ് ദുൽഖർ കാണുന്നത്. എനിക്ക് അത് പറ്റുന്നില്ലല്ലോയെന്ന സങ്കടം വരാറുണ്ട്', എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. പൃഥ്വിരാജിനെ ഇത്രയും വിഷമിച്ച് ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നാണ് ഈ വീഡിയോ വൈറലായപ്പോൾ വന്ന കമന്റുകൾ. ഒരു ചോദ്യത്തിന് മുന്നിലും പതറാത്ത രാജുവേട്ടൻ വരെ പതറിപ്പോയി, രാജുവേട്ടന്റെ മനസിൽ അച്ഛൻ നികത്താൻ ആവാത്ത വലിയ ഒരു വേദനയും ജീവിതത്തിലെ വലിയ ഒരു ആഗ്രഹവുമായിരുന്നുവെന്ന് മറുപടിയിൽ വ്യക്തം എന്നിങ്ങനെ നീളുന്നു കമന്റുകൾ.
അച്ഛൻ സുകുമാരനെ കുറിച്ച് പറയുമ്പോൾ മാത്രമല്ല അച്ഛന്റെ മരണശേഷം അമ്മ രണ്ട് ആൺമക്കളെ വളർത്താൻ നടത്തിയ കഷ്ടപ്പാടുകളെ കുറിച്ച് സംസാരിക്കുമ്പോഴും പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും കണ്ണുകൾ നിറയാറുണ്ട്. നിർമാല്യത്തിൽ തുടങ്ങി മലയാള സിനിമയിൽ ഒട്ടേറെ മികച്ച റോളുകൾ സമ്മാനിച്ചാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ നടൻ സുകുമാരൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.
സുകുമാരൻ മരിക്കുമ്പോൾ മല്ലിക സുകുമാരനും നന്നേ ചെറുപ്പമായിരുന്നു. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് രണ്ട് ആൺമക്കളും സിനിമാ നടന്മാരായി വെള്ളിത്തിരയിൽ എത്തിയത്. പടയണിയിൽ ബാലതാരമായാണ് ഇന്ദ്രജിത്തിന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം. മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുവെന്നതും ശ്രദ്ധേയമാണ്.
മുതിർന്ന ശേഷം ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ചു. നന്ദനത്തിലെ വേഷമാണ് നടൻ പൃഥ്വിരാജിനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. വർഷങ്ങൾ കൊണ്ട് നടനും സംവിധായകനും ഗായകനും നിർമാതാവുമായി പൃഥ്വിരാജ് മാറി.