'ഷാരൂഖിന് കാര്യങ്ങള്‍ പന്തിയല്ല എന്ന് മനസിലായി, അന്ന് ഒരു മണിക്കൂറോളം അദ്ദേഹത്തിന് മുന്നിലിരുന്ന് ഞാൻ കരഞ്ഞു'; ഐവിഎഫിനെ കുറിച്ച് ഫറാ ഖാന്‍
സംവിധായിക, കൊറിയോഗ്രാഫര്‍ എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് ഫറാ ഖാന്‍. ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ ശേഷമാണ് ഫറാ ഖാന്‍ വിവാഹ ജീവിതത്തിലേക്ക് പോലും കടന്നത്. നാല്‍പതാം വയസിലായിരുന്നു വിവാഹം. 2004-ല്‍ നടന്ന ഈ വിവാഹവും ഏറെ ചര്‍ച്ചയായിരുന്നു. തന്നേക്കാള്‍ ഒമ്പത് വയസ് പ്രായം കുറഞ്ഞ ശിരീഷ് കുന്ദറിനെയാണ് ഫറാ ഖാന്‍ ജീവിതപങ്കാളിയാക്കിയത്. സിനിമാ രംഗത്തുതന്നെ പ്രവര്‍ത്തിക്കുന്ന ശിരീഷ് ഫിലിം എഡിറ്ററാണ്. നാല് വര്‍ഷങ്ങള്‍ക്ക് ഷേഷം ഐ.വി.എഫ് ചികിത്സയിലൂടെ ഇരുവര്‍ക്കും മൂന്നു കുഞ്ഞുങ്ങള്‍ പിറന്നു.
ഇപ്പോഴിതാ ഐവിഎഫ് ചികിത്സയെ കുറിച്ചും ആ സമയത്ത് താന്‍ നേരിട്ട സമ്മര്‍ദ്ദത്തെ കുറിച്ചും പറയുകയാണ് ഫറാ ഖാന്‍. പ്രായം കൂടിയതിനാല്‍ സാധാരണ നിലയില്‍ ഗര്‍ഭം ധരിക്കാന്‍ സാധിക്കാത്തതിനാലാണ് താന്‍ ഐവിഎഫ് മാര്‍ഗം സ്വീകരിച്ചതെന്ന് ഫറ പറയുന്നു. 'നോവ ഐവിഎഫ് ഫെര്‍ട്ടിലിറ്റി'യുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫറ.
'40 വയസ് പൂര്‍ത്തിയാക്കുന്നതിന് ഒരു മാസം മുമ്പാണ് ഞാന്‍ വിവാഹിതയായത്. ശിരീഷിന് കുട്ടികള്‍ വേണമെന്നുണ്ടായിരുന്നു. എനിക്ക് താത്പര്യമില്ലെങ്കില്‍ അദ്ദേഹം ആ ആഗ്രഹം ഉപേക്ഷിക്കാനും തയ്യാറായിരുന്നു. കുഞ്ഞുങ്ങള്‍ വേണം എന്ന എന്റെ ആഗ്രഹം കൂടിയായതോടെ ഞങ്ങള്‍ ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോയി. 'കുഴപ്പമൊന്നുമില്ല, ശ്രമിക്കൂ' എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ അപ്പോഴേക്കും എനിക്ക് 42 വയസായിരുന്നു. ആ സമയത്ത് ഞാന്‍ നാല്‍പതുകളില്‍ ഗര്‍ഭിണിയായ ഒരു സ്ത്രീയെ കണ്ടു. താന്‍ ഐവിഎഫ് ആണ് ചെയ്തതെന്ന് അവര്‍ പറഞ്ഞു.
ആ മാര്‍ഗം സ്വീകരിക്കാന്‍ ഞാനും ശിരീഷും തീരുമാനിച്ചു. ഡോക്ടറെ പോയി കണ്ടു. ഇപ്പോള്‍ തന്നെ 42 വയസായെന്നും എത്രയും വേഗം ചികിത്സയിലേക്ക് പ്രവേശിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്ന് ഞാന്‍ ഓം ശാന്തി ഓം ഷൂട്ട് ചെയ്യുന്ന സമയമാണ്. എല്ലാ ദിവസവും രാവിലെ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് ഏഴര മണിക്ക് ആശുപത്രിയില്‍ പോയി ഇഞ്ചക്ഷന്‍ എടുക്കും. അണ്ഡം എടുക്കാന്‍ വേണ്ടിയായിരുന്നു ഇഞ്ചക്ഷന്‍. ഉച്ചയ്ക്ക് ഡോക്ടര്‍ ഇഞ്ചക്ഷന്‍ തരാനായി എന്റെ അടുത്തേക്ക് അയക്കും. അന്നെല്ലാം ശിരീശ് പിന്തുണയുമായി കൂടെനിന്നു.' ഫറ അഭിമുഖത്തില്‍ പറയുന്നു.
ഐവിഎഫിന്റെ ആദ്യ ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും ഇത് തന്നെ മാനസികമായി തളര്‍ത്തിയെന്നും ഫറ കൂട്ടിച്ചേര്‍ക്കുന്നു. 'ഞാന്‍ ബാത്‌റൂമില്‍ പോയപ്പോള്‍ ബ്ലീഡിങ് വന്നു. ഇതോടെ എനിക്ക് പേടിയായി. ഞാന്‍ ആശുപത്രിയിലേക്ക് പോയി. ശ്രമം പരാജയപ്പെട്ടുവെന്ന് ഡോക്ടര്‍ പറഞ്ഞു. അവിടെ നിന്ന് നിരാശയോടെയാണ് ഷൂട്ടിങ് സൈറ്റിലെത്തിയത്. ഇമോഷണലി വളരേയധികം ഡൗണ്‍ ആയിരുന്നു. എന്റെ മുഖം കണ്ടപ്പോള്‍ ഷാരൂഖ് ഖാന് കാര്യങ്ങള്‍ പന്തിയല്ല എന്ന് മനസിലായി. ഷൂട്ടിങ് ഇടവേളയില്‍ അദ്ദേഹം എന്നെ കാരവാനിലേക്ക് വിളിപ്പിച്ചു. അന്ന് ഏകദേശം ഒരു മണിക്കൂറോളം അദ്ദേഹത്തിന്റെ മുന്നിലിരുന്ന് ഞാന്‍ കരഞ്ഞു. അദ്ദേഹം എന്നെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.' ഫറ പറയുന്നു.
രണ്ടാമത്തെ ശ്രമം വിജയകരമാകും എന്ന് തനിക്കുറപ്പുണ്ടായിരുന്നുവെന്നും സന്തോഷവാര്‍ത്ത ആദ്യം അമ്മയെ വിളിച്ച് അറിയിച്ചുവെന്നും അതിനുശേഷം ഷാരൂഖ് ഖാനോടാണ് പറഞ്ഞതെന്നും ഫറ വ്യക്തമാക്കുന്നു. 'രണ്ടാമത്തെ ഐവിഎഫ് ട്രീറ്റ്‌മെന്റിന് ശേഷം ഞാന്‍ ബാത്ത്‌റൂമില്‍ സൂക്ഷിച്ചിരുന്ന സാനിറ്ററി പാഡുകളുടെ പാക്കറ്റ് ചവറ്റുകൊട്ടയില്‍ എറിഞ്ഞു. ഇത്തവണ തനിക്ക് ആര്‍ത്തവം വരില്ലെന്നും ഗര്‍ഭിണിയാകുമെന്നും മനസിലുറപ്പിച്ചിച്ചിരുന്നു. ഞാനും ശിരീശും കുഞ്ഞുങ്ങളെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ സംസാരിച്ചു. ഒരു ദിവസം ഡോക്ടര്‍ വിളിച്ച് സന്തോഷവാര്‍ത്ത അറിയിച്ചു. ഇക്കാര്യം ആദ്യം അമ്മയോടാണ് പറഞ്ഞത്. പിന്നീട് ഷാരൂഖിനെ വിളിച്ചു. ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞപ്പോള്‍തന്നെ അദ്ദേഹം ഞാന്‍ ഗര്‍ഭിണിയാണോ എന്ന് തിരിച്ചു ചോദിച്ചു.
മൂന്നു കുഞ്ഞുങ്ങളാണെന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. എന്നാല്‍ ഒരു കുഞ്ഞിനെ ഒഴിവാക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ ജനിക്കുമ്പോഴേക്ക് എനിക്ക് 43 വയസാകുമെന്നും മൂന്നു കുഞ്ഞങ്ങള്‍ വലിയ റിസ്‌കാണെന്നും അദ്ദേഹം ഉപദേശിച്ചു. ഒരു കുഞ്ഞിന് വളര്‍ച്ചക്കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഞാന്‍ അതൊന്നും കാര്യമാക്കിയില്ല.' ഫറ പറയുന്നു.