സിനിമാരംഗത്തുനിന്നു മാറിയാലോ എന്നു പോലും ചിന്തിച്ചിരുന്നു: ബ്ലെസി
കാഴ്ച എന്ന സിനിമയിലൂടെ മലയാളിപ്രേക്ഷകരുടെ പ്രിയ സംവിധായകനായി മാറിയ ബ്ലെസിയുടെ ചലച്ചിത്രജീവിതം അത്ര സുഖകരമായിരുന്നില്ല. ജയങ്ങളോടൊപ്പം പരാജയത്തിന്റെ കയ്പ്പും ബ്ലെസിയുടെ സിനിമകൾ ഏറ്റുവാങ്ങി. വിരസമായ സിനിമയിലൂടെ പ്രേക്ഷകർക്കും ചില സിനിമകളോടു താത്പര്യക്കുറവും തോന്നി. ബ്ലെസിയുടെ കരിയർ അങ്ങനെയാണ്, കയറ്റങ്ങളുമിറക്കങ്ങളും ഇഴചേർന്നത്.
ഒരു നല്ല ചിത്രത്തിന്റെ സംവിധായകനാവുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നു ബ്ലെസി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. കലാപരമായും സാമ്പത്തികമായും വിജയിക്കുന്ന സിനിമ. സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന കാലംതൊട്ടേ ഈ ലക്ഷ്യത്തിനുവേണ്ടിയുള്ള തീവ്രപരിശ്രമമാണ് നടത്തിയത്. എന്റെ സ്വപ്നസാക്ഷാത്കാരത്തിന്റെ വഴികൾ അത്ര സുഖമുള്ളതായിരുന്നില്ല. വളരെയേറെ വേദനകളും പ്രതിസന്ധികളും അവഗണനകളും നേരിട്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞ് കുടുംബമായതോടെ സാമ്പത്തികമായ നിലനിൽപും പ്രശ്നമായി. സിനിമാരംഗത്തുനിന്നു മാറിയാലോ എന്നുപോലും ചിന്തിച്ചിരുന്നതായി ബ്ലെസി പറഞ്ഞു.
മലയാള സാഹിത്യത്തിൽ നാഴികക്കല്ലായി മാറിയ ബെന്യാമിൻ എഴുതിയ നോവൽ ആടുജീവിതം സിനിമയാക്കുക എന്ന വലിയ ശ്രമം പൂർത്തിയായിരിക്കുകയാണ്. റിലീസിങ്ങിനൊരുങ്ങുകയാണ് ചിത്രം. പൃഥ്വിരാജാണ് നായകൻ. വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകരും ആടുജീവിതത്തിനായി കാത്തിരിക്കുന്നത്. നോവലിൽ വായിച്ചറിഞ്ഞ ഒരാളുടെ യഥാർഥ ജീവിതം വെള്ളിത്തിരയിൽ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.