സഹോദരന് സർവസ്വാതന്ത്ര്യം, എനിക്ക് മുന്നിൽ വിലക്കുകൾ: തുറന്ന് പറഞ്ഞ് മല്ലിക ഷെരാവത്
പെണ്ണായതിന്റെ പേരിൽ കുട്ടിക്കാലത്ത് കുടുംബത്തില്‍ നിന്നടക്കം വിവേചനം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് നടി മല്ലിക ഷെരാവത്ത്. അച്ഛനും അമ്മയും ഉള്‍പ്പെടെ കുടുംബത്തില്‍ നിന്ന് തന്നെ ആരും പിന്തുണച്ചിരുന്നില്ലെന്ന് നടി പറഞ്ഞു.
തന്നോട് വേർതിരിവ് കാണിച്ചിരുന്നുവെന്നും സഹോദരന് സർവസ്വാതന്ത്ര്യവും നൽകിയപ്പോൾ തനിക്ക് മുന്നിൽ വിലക്കുകളായിരുന്നുവെന്നും മല്ലിക പറയുന്നു. ഒരു അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
എന്നോട് മാതാപിതാക്കള്‍ വിവേചനം കാണിച്ചിട്ടുണ്ട്. എന്തിനാണ് ഈ വിവേചനമെന്നോര്‍ത്ത് ഞാന്‍ വളരെയധികം വിഷമിച്ചിട്ടുണ്ട്. കുട്ടിയായിരിക്കുമ്പോള്‍ എനിക്കത് മനസിലായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അറിയാം.
അവരെപ്പോഴും പറയാറുണ്ട് മകനെ വിദേശത്തേക്ക് അയച്ച് പഠിപ്പിക്കണമെന്ന്. കുടുംബത്തിന്റെ എല്ലാ സ്വത്തുക്കളും മകനിലേക്കാണ് പോകുന്നത്. പിന്നാലെ കൊച്ചുമകനിലേക്കും. എന്നാല്‍ പെണ്‍കുട്ടികളോ? അവര്‍ വിവാഹിതരാകുന്നു, അവര്‍ ഒരു ബാധ്യതയാണ്.- മല്ലിക ഷെരാവത്ത് പറഞ്ഞു.
മാതാപിതാക്കള്‍ നല്ല ചിന്തകളോ സ്വാതന്ത്ര്യമോ തനിക്ക് നല്‍കിയിരുന്നില്ലെന്നും അവര്‍ തന്നെ മനസിലാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും നടി പറഞ്ഞു. രഹസ്യമായാണ് കൂട്ടുകാര്‍ക്കൊപ്പം കളിക്കാനൊക്കെ പോകാറുണ്ടായിരുന്നത്. കാരണം വീട്ടുകാര്‍ അതിന് അനുവദിച്ചിരുന്നില്ല.
പുരുഷന്‍മാരെപ്പോലെയാകുമെന്നും ആരാണ് കല്ല്യാണം കഴിക്കാന്‍ തയ്യാറാവുകയെന്നും പറയും. തനിക്ക് ഒരുപാട് നിയന്ത്രണമുണ്ടായിരുന്നു. ഒരു പെണ്‍കുട്ടിയായതിനാല്‍ ഞാന്‍ ജനിച്ചതില്‍ പിന്നെ അമ്മ വിഷാദത്തിലേക്ക് വീണുപോയിരുന്നുവെന്ന് ഉറപ്പാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
പുരുഷന്‍മാര്‍ എങ്ങനെയാണ് സ്ത്രീകളോട് പെരുമാറുന്നത് എന്നത് മറ്റൊരു കാര്യമാണ്. എന്നാല്‍ ഒരു സ്ത്രീ എങ്ങനെയാണ് വേറൊരു സ്ത്രീയോട് പെരുമാറുന്നത്? ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ പുരുഷാധിപത്യത്തിന്റെ കുറ്റിയില്‍ കൊണ്ടുവന്ന് കെട്ടുന്നതും എല്ലാ വാതിലുകളും അടയ്ക്കുന്നതും തുടരുന്നു. അവര്‍ മറ്റൊരു സ്ത്രീയ്ക്കായി വാതിലുകള്‍ തുറന്നുകൊടുക്കുന്നില്ല.- മല്ലിക ഷെരാവത്ത് പറഞ്ഞു.