'റീമേക്കുകൾക്ക് പിറകേ പോകുന്നത് എന്തിനാണ്?; സ്വന്തമായി കഥയില്ലെങ്കിൽ സിനിമ എടുക്കരുതെന്ന് പ്രകാശ് ഝാ
ലാൽ സിംഗ് ഛദ്ദ, രക്ഷാബന്ധൻ തുടങ്ങിയ ബോളിവുഡ് സിനിമകളുടെ പരാജയത്തെക്കുറിച്ച് സംവിധായകൻ പ്രകാശ് ഝാ. ബഹിഷ്‌കരണാഹ്വാനങ്ങൾ അല്ല സിനിമയെ പ്രതികൂലമായി ബാധിക്കുന്നതെന്നും നല്ല സിനിമകൾ സൃഷ്ടിക്കപ്പെടാത്തതാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
'മോശം സിനിമയാണ് ഉണ്ടാക്കുന്നതെന്ന് സ്വയം മനസ്സിലാക്കണം. കോർപ്പറേറ്റ് കമ്പനികളും അവരുടെ പണവും കോടികൾ വാങ്ങുന്ന താരങ്ങളുമുണ്ടെങ്കിൽ സിനിമ എല്ലാം തികഞ്ഞതാകില്ല. അതിന് നല്ല കഥയാണ് ആവശ്യം. മാത്രമല്ല ജീവിതവുമായി താതാത്മ്യം ചെയ്യുന്നതാണെന്ന തോന്നൽ പ്രേക്ഷകരിലുണ്ടാകണം. ഹിന്ദിയിൽ സിനിമ എടുക്കുന്ന ഒരു വ്യവസായം. അതും ഹിന്ദി മനസ്സിലാകുന്നവർക്ക് വേണ്ടി. എന്തിനാണ് റീമേക്കുകൾക്ക് പിറകേ പോകുന്നത്. നിങ്ങൾക്ക് സ്വന്തമായി കഥയില്ലെങ്കിൽ സിനിമ ചെയ്യാതിരിക്കുക', പ്രകാശ് ഝാ പറയുന്നു.
'ബഹിഷ്‌കരണാഹ്വാനങ്ങൾ പുതിയ പ്രതിഭാസമല്ലെന്നും ഇന്നതിന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു എന്ന വ്യത്യാസം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ലാൽ സിംഗ് ഛദ്ദയെ ബഹിഷ്‌കരണ കാമ്പയിനുകളല്ല ബാധിച്ചത്. ദംഗലിനെതിരേയും സമാനമായ ആക്രമണമുണ്ടായിരുന്നു. എന്നാൽ സിനിമ വലിയ വിജയമായി. പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ സാധിക്കാത്തതുകൊണ്ടാണ് സിനിമ പരാജയമാകുന്നത്. നിങ്ങൾ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്തു എന്നതെല്ലാം രണ്ടാമത്തെ വിഷയമാണ്. അതിന്റെ ഉള്ളടക്കമാണ് ഏറ്റവും പ്രധാനം', പ്രകാശ് ഝാ പറഞ്ഞു.