ജീവിതം വഴിമാറിയത് വേണുവിന്റെ വരവോടെ; ഫാസിൽ
മലയാളത്തിലെ ജനപ്രിയ സംവിധായകരിലൊരാളാണ് ഫാസിൽ. ആലപ്പുഴ എസ്ഡി കോളജിൽ പഠിക്കുമ്പോൾ നെടുമുടി വേണു അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. മൺമറഞ്ഞ ആ കലാകാരൻ തന്റെ ജീവിതത്തെ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ഫാസിൽ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
പഠനത്തേക്കാൾ ഇഷ്ടം മിമിക്രിയും നാടകവുമായിരുന്നു. ആളുകളെ അനുകരിക്കാൻ കലാലയത്തിന്റെ പുറത്താണ് ഇടം കണ്ടെത്തിയത്. കോളേജിനു പുറത്തെ പെട്ടിക്കടയിൽ പോയി നിന്ന് ഞാനും വേണുവും പരിസര നിരീക്ഷണം തുടങ്ങും. ഇടയ്ക്ക് നെടുമുടി പറയും 'നോക്കിക്കേ, നോക്കിക്കേ... ആ പോകുന്നതാരാണെന്നറിയാമോ. അതാണ് മലയാളത്തിന്റെ മഹാകവി പി. കുഞ്ഞിരാമൻനായർ''. ഫാസിൽ നോക്കുമ്പോൾ കക്ഷത്തൊരു വാരികയും കൈയിലൊരു കാലൻകുടയുമായി ഒരാൾ ചാഞ്ഞുചരിഞ്ഞു പോവുന്നതുകാണും.
ഇങ്ങനെ പലരെയും നിരീക്ഷിച്ചാണ് വേണുവും ഞാനും കഥാപാത്രങ്ങളെ സൃഷ്ടിച്ചത്. നിരീക്ഷണപാടവം പിന്നീട് സിനിമയിലും പയറ്റി. ഞാൻ സംവിധാനത്തിലും നെടുമുടി അഭിനയത്തിലും. ഞങ്ങൾ തമ്മിലൊരു അദൃശ്യബന്ധമുണ്ട്. കർമബന്ധങ്ങൾ എങ്ങനെയോ കൂട്ടിയോജിപ്പിച്ചുവിട്ടവരാണ് ഞാനും വേണുവും. ഞങ്ങൾ പരസ്പര പൂരകങ്ങളാണെന്ന് പറയാം. വേണു പലപ്പോഴും പറഞ്ഞിട്ടുണ്ട്, ജീവിതത്തിലെ വഴിത്തിരിവ് എന്നെ കണ്ടുമുട്ടിയതാണെന്ന്. എന്റെ ജീവിതവും വഴിമാറിയത് വേണുവിന്റെ വരവോടെയാണ്- ഫാസിൽ പറഞ്ഞു.