ഓർഡിനറിയിൽ ചാക്കോച്ചന്റെ നായികയാകാൻ കഴിഞ്ഞില്ല; വലിയ നഷ്ടമെന്ന് സൗമ്യ മേനോൻ
കിനാവള്ളി, ചിൽഡ്രൻസ്പാർക്ക്, മാർഗംകളി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ സാന്നിധ്യമറിയിച്ച യുവനടിയാണ് ദുബായ് മലയാളിയായ സൗമ്യ മേനോൻ. തെലുങ്കിലും കന്നഡയിലും സജീവമായ താരം ജീവിതത്തിലെ ചില നഷ്ടങ്ങളെക്കുറിച്ചു പറയുകയുണ്ടായി. ഞാൻ മലയാളി മാഗസിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ സൗമ്യ പറഞ്ഞത്-
അഭിനേത്രി ആകണമെന്നതു കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ്. കോളേജിൽ പഠിക്കുന്ന സമയത്താണ് ഞാൻ 'വണ്ണാത്തി' എന്ന ആൽബം ചെയ്തത്. ആ സമയത്ത് ഒരുപാട് ഓഫറുകൾ വന്നിരുന്നു. പക്ഷേ, എന്തുപറയാൻ, കറക്ട് എൻട്രി എനിക്കു കിട്ടിയില്ല എന്നുപറയുന്നതാകും ശരി. ഓരോ തവണ എന്നിലേക്കു വരുന്ന ഓഫർ സ്വീകരിക്കാൻ മനസുകൊണ്ട് തയാറെടുക്കുമ്പോഴും തടസങ്ങൾ വന്നുകൊണ്ടിരുന്നു. പിന്നെ, എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നല്ലേ പറയാറ്. ആ സമയത്ത് ഞാനിവിടെ ഒരു കമ്പനിയിൽ അസിസ്റ്റന്റ് എച്ച്.ആർ മാനേജരായിട്ട് വർക്ക് ചെയ്യുകയായിരുന്നു. അങ്ങനെയിരിക്കെയാണ് എന്റെ സുഹൃത്തുവഴി ഒരു പരസ്യചിത്രം ചെയ്യാനുള്ള ഓഫർ വരുന്നത്.
'ഓർഡിനറി', 'മധുരനാരങ്ങ' എന്നീ ചിത്രങ്ങൾ ചെയ്ത സുഗീത് ചേട്ടനൊപ്പമായിരുന്നു പരസ്യം. കുറേക്കാലത്തിനുശേഷമായിരുന്നു പരസ്യചിത്രം ചെയ്യാനുള്ള അവസരം വന്നത്. അതുകൊണ്ട് ഞാൻ ലീവെടുത്ത് പോയി പരസ്യചിത്രം ചെയ്തു. അങ്ങനെ സുഗീത് ചേട്ടനെയും 'കിനാവള്ളി' എന്ന ചിത്രത്തിന്റെ ഡി.ഒ.പി വിവേകിനെയും കണ്ടു. രണ്ട് മണിക്കൂറേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. ശേഷം അവർ രണ്ടുപേരുടെയും നമ്പരുകൾ ഞാൻ വാങ്ങിച്ചു. എന്റെ 'വണ്ണാത്തി' എന്ന ആൽബം സുഗീത് ചേട്ടൻ കണ്ടിരുന്നു. അദ്ദേഹം ഓർഡിനറി ചെയ്യുന്ന സമയത്ത് ചാക്കോച്ചന്റെ പെയറാകാൻ എന്നെ നോക്കിയിരുന്നു. പക്ഷേ, ഇന്നത്തെ പോലെ അന്ന് സോഷ്യൽ മീഡിയ അത്ര ലൈവായിരുന്നില്ല. അതുകൊണ്ടു തന്നെ എന്റെ നമ്പർ വാങ്ങാനോ ട്രാക്ക് ചെയ്യാനോ ബുദ്ധിമുട്ടായിരുന്നു എന്നൊക്കെ സുഗീത് ചേട്ടൻ പറഞ്ഞു. കേട്ടപ്പോൾ വലിയ നഷ്ടമെന്നു തോന്നി.
സുഗീത് ചേട്ടാ, എനിക്കിപ്പോഴും അഭിനയിക്കാൻ ആഗ്രഹമുണ്ടട്ടോ എന്നു പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്. ആറുമാസത്തിന് ശേഷമാണ് പിന്നെ സുഗീത് ചേട്ടന്റെ ഒരു മെസേജ് വന്നത്. പുതുമുഖങ്ങളെ വച്ച് ഒരു ചിത്രമെടുക്കുന്നു. കേട്ടപാടെ ഞാൻ എന്റെ പ്രൊഫൈൽ അയച്ചോട്ടെ എന്നു ചോദിച്ചു. പക്ഷേ, ഞാൻ സിനിമയിൽ വർക്ക് ചെയ്യാത്തതുകൊണ്ട് തന്നെ പോർട്ട്ഫോളിയോ ഷൂട്ടൊന്നും നടത്തിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു സാധാരണ രീതിയിലുള്ള ഫോട്ടോസ് അയച്ചുകൊടുത്തു. അറിയിക്കാമെന്നു പറഞ്ഞ് വിവേക് റിപ്ലേ അയച്ചു. പിന്നെ നാലുമാസത്തിന് ശേഷമാണ് എനിക്ക് സുഗീത് ചേട്ടന്റെ കോൾ വരുന്നത്. രണ്ടു ദിവസത്തിനുള്ളിൽ നാട്ടിലെത്താൻ പറ്റുമോന്നു ചോദിച്ചു. നമ്മുടെ 'കിനാവള്ളി'യിൽ അഞ്ചുപേർ ഫിക്സായിട്ടുണ്ട്. നമ്മൾ നാളെ ക്യാംപ് തുടങ്ങുകയാണ് എന്നുപറഞ്ഞു. അടുത്തദിവസം തന്നെ ഞാൻ നാട്ടിലേക്കു വണ്ടികയറി. അങ്ങനെയാണ് ഞാൻ 'കിനാവള്ളി'യിലേക്ക് വരുന്നത്. ദുബായിലെ ജോലി രാജിവച്ച സമയംകൂടിയായിരുന്നു. ഒരുപക്ഷേ സിനിമയിലേക്കുള്ള എന്റെ സമയം ശരിയായത് അപ്പോഴായിരുന്നു എന്നുവേണം പറയാൻ. കാരണം ഞാൻ വർക്ക് ചെയ്യുന്ന സമയമായിരുന്നെങ്കിൽ പെട്ടെന്നൊന്നും ലീവ് അവർ അനുവദിക്കില്ല. അങ്ങനെ വരുമ്പോൾ ഒരു പക്ഷേ 'കിനാവള്ളി'യിലെ ഓഫർ ഉപേക്ഷിക്കേണ്ടി വരുമായിരുന്നു. സമയവും ഭാഗ്യവും ഒരുമിച്ച് വരുമ്പോൾ നമ്മുടെ പ്ലാറ്റ്ഫോം റെഡിയാകും.