ബാല്യം കയ്പ്പേറിയത്, ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ചിട്ടുണ്ടെന്ന് ജാഫർ ഇടുക്കി
ബാല്യം കയ്പ്പേറിയതായിരുന്നുവെന്ന് നടനും മിമിക്ര താരവുമായ ജാഫർ ഇടുക്കി. എങ്കിലും അവയിൽ സന്തോഷമുണ്ടായിരുന്നുവെന്നും ജാഫർ ഇടുക്കി പറയുന്നു.
ജാഫറിന്റെ വാക്കുകൾ
എനിക്ക് മൂന്നു വയസുള്ളപ്പോൾ നാട്ടിൽ നടന്ന ഒരു ലോറി അപകടം മുതൽ എന്റെ മനസിൽ തങ്ങി നിൽക്കുന്നുണ്ട്. കുടപ്പന കേറ്റികൊണ്ടു പോകുവായിരുന്ന ഏതെങ്കിലും ലോറിയിൽ കയറി ടൗണിൽ പോകാൻ നിൽക്കുകയായിരുന്നു ബാപ്പ. ലോറി വരുന്നതു കണ്ട് ബാപ്പ കൈനീട്ടി. കുറച്ചു മാറി ലോറി നിർത്താൻ ശ്രമിക്കുന്നതിനിടയിൽ ബാലൻസ് തെറ്റി ലോറി മറിയുകയായിരുന്നു. ബാപ്പ ആ വണ്ടിയിൽ കേറിയിരുന്നെങ്കിൽ ഞങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു.
വീട്ടിലെ ബുദ്ധിമുട്ടും പട്ടിണിയും സഹിക്കാൻ വയ്യാതെ വന്നപ്പോൾ ബാപ്പയെയും ഉമ്മയെയും സഹായിക്കാം എന്നോർത്താണു പണിക്കു പോയി തുടങ്ങിയത്. അന്ന് ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. വീടിനടുത്ത് ഒരു റബ്ബർ നേഴ്സറിയുണ്ട്. അവിടെ റബ്ബർ ബഡിംഗിനു പോയി തുടങ്ങി. മഴവെള്ളം ഒലിച്ചിറങ്ങി വരുന്നതിന്റെ കൂടെ വരുന്ന മണ്ണ് വാരി കൂട് നിറച്ച് റബ്ബർ തൈ നടണം. അതാണ് ജോലി. ഒരു കൂടിന് 40 പൈസ വീതം കിട്ടും. ഒരു ദിവസം പത്ത് കൂടൊക്കെ നിറയ്ക്കാൻ പറ്റും.