'ഓണ്‍ലൈന്‍ സംവിധാനമുണ്ടെങ്കിലും ഇടനിലക്കാരെ ആശ്രയിക്കുന്നു, അഴിമതി വച്ചുപൊറുപ്പിക്കില്ല': സെൻസർ ബോർഡ്
നടൻ വിശാൽ ഉയർത്തിയ ആരോപണം ഗുരുതരമാണെന്നും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും പ്രതിച്ഛായ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും സെൻസർ ബോർഡ്. ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേഷന്‍ സംവിധാനം നിലവിലുണ്ടെങ്കിലും സിനിമാ പ്രവര്‍ത്തകര്‍ ഇടനിലാക്കാരെയും ഏജന്റുമാരെയും ആശ്രയിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. സര്‍ട്ടിഫിക്കേഷന്‍ നടപടിക്രമങ്ങളില്‍ ഇടനിലക്കാരെ ഒഴിവാക്കാനുള്ള നീക്കങ്ങള്‍ക്കു തിരിച്ചടിയാണിത്.
'മാർക്ക് ആന്റണി' സിനിമയുടെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നെന്ന തമിഴ് നടന്‍ വിശാലിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) പ്രതികരണവുമായി രംഗത്തെത്തിയത്.
ഇ-സിനിപ്രമാണ്‍ എന്ന പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള വിവരങ്ങള്‍ സിനിമാ നിര്‍മാതാക്കള്‍ക്കു കൃത്യമായി നല്‍കുന്നുണ്ട്. ഇടനിലക്കാരെ പ്രോത്സാഹിപ്പിക്കുന്ന നടപടി ഉണ്ടാകരുത്. ആരെങ്കിലും പണം ആവശ്യപ്പെട്ടാല്‍ അക്കാര്യം ബോര്‍ഡിനെ ഉടന്‍ തന്നെ അറിയിക്കണം. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മുന്‍കൂട്ടി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍മാതാക്കള്‍ ശ്രദ്ധിക്കണം. അടിയന്തര ഘട്ടത്തില്‍ സിനിമാ നിര്‍മാതാക്കള്‍ക്ക് സിബിഎഫ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ച് സിനിമയുടെ സര്‍ട്ടിഫിക്കേഷന്‍ നേരത്തെ പൂര്‍ത്തിയാക്കണമെന്ന് അപേക്ഷ നല്‍കാം. - സിബിഎഫ്‌സി ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
തന്റെ പുതിയ ചിത്രമായ 'മാർക്ക് ആന്റണി'യുടെ ഹിന്ദി പതിപ്പിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാനായി ആറരലക്ഷം നൽകേണ്ടി വന്നെന്നാണ് വിശാൽ വെളിപ്പെടുത്തിയത്. ചിത്രം റിലീസ് ചെയ്യാൻ മൂന്നു ലക്ഷവും യു/എ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നര ലക്ഷം രൂപയും താൻ നൽകി എന്നായിരുന്നു വിശാൽ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് വിവരങ്ങളും താരം പുറത്തുവിട്ടിരുന്നു.