Begin typing your search...

രണ്ട് രൂപയുടെ ബിസ്‌കറ്റ് കഴിച്ച കാലമുണ്ട്, സിനിമ വിട്ടാലോ എന്ന് വരെ ചിന്തിച്ചു; ബിനു പപ്പു

രണ്ട് രൂപയുടെ ബിസ്‌കറ്റ് കഴിച്ച കാലമുണ്ട്, സിനിമ വിട്ടാലോ എന്ന് വരെ ചിന്തിച്ചു; ബിനു പപ്പു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒത്തിരി നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് നൽകിയിട്ടുള്ള നടനാണ് ബിനു പപ്പു. കുതിരവട്ടം പപ്പുവിന്റെ മകൻ കൂടിയായ ബിനു വളരെ വൈകിയാണ് സിനിമയിൽ എത്തിയത്. സിനിമയിൽ എത്തിയത് അവിചാരിതമായിട്ടായിരുന്നു എന്ന് ബിനു പപ്പു നേരത്തെ പറഞ്ഞിരുന്നു. സിനിമയിലേക്ക് വരില്ലെന്ന് തീരുമാനിച്ച ആളാണ് താൻ.

സ്ഥിരമായി ഉണ്ടായിരുന്ന ജോലി കൂടി വിട്ടപ്പോൾ നല്ല ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടെന്ന് ബിനു പപ്പു പറയുന്നു. 2014ൽ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു പപ്പു ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. ഒത്തിരി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച അദ്ദേഹം ഒരു കാലത്ത് സിനിമ ഉപേക്ഷിച്ചു പോകാനും തയ്യാറായിരുന്നുവെന്നും ബിനു പപ്പു പറയുന്നു.

ഐ ആം വിത്ത് ധന്യ വർമ്മ എന്ന ടോക് ഷോയിലാണ് സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണത്തെക്കുറിച്ചും അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ചും ബിനു പപ്പു പറയുന്നത്. 'സിനിമ ഉപേക്ഷിച്ചിട്ടു പോകാൻ തോന്നിയിട്ടുണ്ട്. ഒരു 2019-20 കാലത്ത് സിനിമ നിർത്തിയാലോ എന്ന് ആലോചിച്ചിട്ടുണ്ട്. ആഷിഖ് അബു, മുഹ്സിൻ പരാരി എന്നിങ്ങനെ എല്ലാവരോടുമായി ഇക്കാര്യം സംസാരിച്ചു. അങ്ങനെ ഒരു ആലോചനയുടെ ഭാഗമായാണ് ഞാൻ എ.ഡി (അസോസിയേറ്റ് ഡയറക്ടർ) പണി നിർത്തിയത്.

ഞാൻ ഇപ്പോൾ ഇത് ചെയ്യാറില്ല. ഒന്നുകിൽ എ.ഡി, അല്ലെങ്കിൽ അഭിനയം ഇതിൽ ഏതെങ്കിലും ഒന്നേ നടക്കുള്ളു എന്ന് തോന്നി. അഷിതയെ പരിചയപ്പെടുമ്പോഴോ കല്യാണം കഴിക്കുമ്പോഴോ ഞാൻ സിനിമയിലല്ല. എനിക്ക് നല്ല ഒരു ജോലിയുണ്ട്. നല്ല ശമ്പളമുണ്ട്. എല്ലാ ദിവസവും വീട്ടിൽ വരും. ഈ കാണുന്ന ഫേമും അറ്റൻഷനും ഒന്നുമില്ല. അവിടുന്ന് ഇങ്ങനെ ഒരു ചേഞ്ച് ഞാനും പ്രതീക്ഷിച്ചതല്ല.

കല്യാണം കഴിഞ്ഞ സമയത്താണ് ആദ്യം സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. അന്ന് ആദ്യം പറഞ്ഞത് ഞാൻ ഇല്ല എന്ന് തന്നെയാണ്. അന്ന് എല്ലാവരും പറഞ്ഞു പോയി അഭിനയിച്ചിട്ട് വരാൻ. നോക്കുമ്പോൾ എനിക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല. അങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്. അത് കഴിഞ്ഞാണ് ഗ്യാങ്ങ്സ്റ്ററിലേക്ക് എത്തിപ്പെടുന്നതും. സിനിമയിലേക്ക് കൂടുതൽ എത്താൻ തുടങ്ങി ജോലിയും വിട്ടു. അങ്ങനെ വന്നപ്പോൾ പ്രശ്നമായി.

സാധാരണ എല്ലാ മാസം അവസാനവും എന്റെ അക്കൗണ്ടിൽ പൈസ വരുമായിരുന്നു. പക്ഷെ സിനിമയ്ക്ക് വേണ്ടി ജോലി ഉപേക്ഷിച്ചപ്പോൾ അത് നിന്നു. കഴിഞ്ഞ ദിവസം സെറ്റിൽ എന്തോ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഗുഡ് ഡേ ബിസ്‌ക്കറ്റ് വന്നു. അപ്പോൾ ഞാൻ ഒരു കാപ്പി കൂടി ചോദിച്ചു. ഇത് കഴിക്കുമ്പോൾ പഴയ കാലം ഓർമവരും എന്ന് പറഞ്ഞു.

ബാംഗ്ലൂരിൽ ഒരു കാലം ഉണ്ടായിരുന്നു. രാവിലെ ഭക്ഷണം കഴിക്കാൻ പോലും കാശുണ്ടാവില്ല. അന്ന് 3500 രൂപയാണ് ശമ്പളം. കാപ്പി ഓഫീസിൽ നിന്ന്

തരുന്നതാണ്. അവിടെ രണ്ട് രൂപയുടെ പാക്കറ്റ് ബിസ്‌ക്കറ്റ് കിട്ടും. അതാണ് ബ്രേക്ക് ഫാസ്റ്റ്. പക്ഷെ ഇത് കേട്ടപ്പോൾ ചോദിച്ചത്, നിങ്ങടെ കയ്യിൽ ആണോ പൈസ ഇല്ലാത്തത് എന്നാണ്.

പുറത്ത് നിന്ന് ആൾക്കാർ നോക്കുമ്പോൾ നമ്മൾ പണ്ടേ നല്ല ജീവിതം ജീവിച്ച ആൾക്കാർ ആണെന്നായിരിക്കും. പക്ഷെ ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടുണ്ട്. സാമ്പത്തികമായും അല്ലാതെയുമൊക്കെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. ആ സ്ട്രഗിൾ ഉള്ളതുകൊണ്ട് ആയിരിക്കാം ഒരു വാശി പോലെ നമുക്കും എവിടെയെങ്കിലുമൊക്കെ എത്തണം എന്ന തോന്നൽ ഒക്കെ ഉണ്ടായതെന്നും ബിനു പപ്പു പറയുന്നു.

WEB DESK
Next Story
Share it