കാലാകാലങ്ങളായി സംഭവിക്കുന്നത്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അത്ഭുതമില്ലെന്ന് ഭാഗ്യലക്ഷ്മി
മലയാളം സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടു. സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്നാണ് ഹേമ കമ്മിഷൻ ചൂണ്ടിക്കാണിക്കുന്നത്. അവസരം കിട്ടാൻ നടിമാർ വിട്ടുവീഴ്ചകൾക്ക് തയ്യാറാവേണ്ടിവരുന്നുവെന്നും, വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമ്മാതാക്കളുമാണെന്നും റിപ്പോർട്ട് പറയുന്നു.
ഹോമ കമ്മറ്റി പുറത്തിവിട്ട റിപ്പോർട്ടുകൾ കേട്ട് അത്ഭുതം തോന്നുന്നില്ലെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഈ ചൂഷണങ്ങളെല്ലാം കാലാകാലങ്ങളായി മലയാളം അടക്കമുള്ള ഇന്ത്യയിലെ എല്ലാ ഭാഷയിലും നടക്കുന്ന കാര്യങ്ങളാണെന്നും. ഇതിലും ക്രൂരമായ രീതിയിലാണ് മറ്റു ഭാഷകളിൽ അതിക്രമം നടക്കുന്നതെന്നും ഭാഗ്യലക്ഷ്മി വിമർശിച്ചു.
ഒരു കാര്യത്തിൽ തനിക്ക് അഭിമാനമുണ്ട്. ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് ഇങ്ങനെ ഒരു കമ്മിറ്റി സർക്കാർ ഉണ്ടാക്കിയതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഇത്ര പണം ചിലവഴിച്ച് റിപ്പോർട്ട് ഉണ്ടാക്കിയ ശേഷം അത് പുറത്തു വരില്ല എന്ന് ആദ്യം കേട്ടപ്പോൾ സർക്കാരും, നമ്മുടെ നിയമ വ്യവസ്ഥയും ഇതിന് കീഴ്‌പെടുകയാണല്ലോ എന്നോരു വിഷമം ഉണ്ടായികുന്നു. എന്തായാലും റിപ്പോർട്ട് പുറത്തുവന്നുവെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യവും എന്നെ അത്ഭുതപ്പെടുത്തുന്നതല്ല. കാലാകാലങ്ങളായി ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. എന്നെ ഇനി ഏറ്റവും അധികം ആശങ്കപ്പെടുത്തുന്ന കാര്യം അടുത്തത് എന്ത് എന്നുള്ളതാണ്. ഇവിടെ മാറ്റം കൊണ്ടുവരാൻ സാധിക്കും എന്നു പറഞ്ഞാൽ എനിക്കൊരു പത്തുശതമാനം വിശ്വാസമില്ല എന്ന്, ഭാഗ്യലക്ഷ്മി പറഞ്ഞു.