'പലരും വിലക്കി, ദൈവമെന്ന മേക്കപ്പ്മാന്റെ ക്രൂരത അന്ന് ഞാൻ കണ്ടു'; ബാലചന്ദ്ര മേനോൻ
നടി ശ്രീവിദ്യ മരിച്ചിട്ട് ഒന്നര പതിറ്റാണ്ട് കാലമായി. ഇന്നും മലയാളികൾ വളരെ വേദനയോടെ ഓർക്കുന്ന ഒരു അഭിനേത്രിയാണ് ശ്രീവിദ്യ. ഒടുവിൽ കാൻസർ ബാധിച്ചിരുന്ന സമയത്ത് പോലും അഭിനയം തുടർന്ന അവസാനം വരെ തന്റെ പ്രിയപ്പെട്ട കലയെ ചേർത്ത് വെച്ച കലാകാരിയായിരുന്നു അവർ. മലയാള സിനിമകണ്ട എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളായ ശ്രീവിദ്യയും അവർ സമ്മാനിച്ച കഥാപാത്രങ്ങളും അരങ്ങൊഴിയാതെ തലമുറകളോളം സഞ്ചരിച്ച് കൊണ്ടേയിരിക്കും. ശ്രീവിദ്യയ്ക്ക് സിനിമയിൽ ഒരുപാട് നല്ല സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ട്.
അതിൽ ഒന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമെല്ലാമായ ബാലചന്ദ്ര മേനോനുമായാണ്. ഇരുവരും ഒരുമിച്ച് നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. ആ അഭിനയത്തിലൂടെ തന്നെയാണ് സൗഹൃദം വളർന്നതും. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം പലപ്പോഴും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ നടി ശ്രീവിദ്യയെ കുറിച്ച് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്ര മേനോൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. കാണാൻ പോകരുതെന്ന് പലരും വിലക്കിയിട്ടും മൃതദേഹം കാണാൻ പോയപ്പോഴുണ്ടായ അനുഭവവും ബാലചന്ദ്ര മേനോൻ വിവരിച്ചു. കലാകാരി എന്ന നിലയിൽ അർഹിക്കുന്ന അംഗീകാരം ശ്രീവിദ്യയ്ക്ക് ലഭിച്ചില്ലെന്നും ബാലചന്ദ്ര മേനോൻ പറയുന്നു.
എന്റെ സിനിമാജീവിതത്തിലെ ആദ്യത്തെ അമ്മ കവിയൂർ പൊന്നമ്മയല്ല... ശ്രീവിദ്യയാണ്. താരാട്ട് എന്ന ചിത്രത്തിൽ വിദ്യ എന്റെ അമ്മയായിരുന്നു. എന്റെ അമ്മ ലോകത്തിലെ ഏറ്റവും സുന്ദരിയായിരിക്കണം എന്ന നിർബന്ധമായിരുന്നു അതിന്റെ പിന്നിൽ. അന്ന് മുതൽ നല്ലൊരു ബന്ധം അവരുമായി ഉണ്ടായിരുന്നു. പ്രവൃത്തിയിലും പെരുമാറ്റത്തിലും പ്രൗഢി കാത്തുസൂക്ഷിച്ച ശ്രീവിദ്യ സിനിമയ്ക്ക് അതീതമായ വ്യക്തിത്വം നിലനിർത്തി.
നല്ല നർമബോധമുണ്ടായിരുന്ന സ്ത്രീയായിരുന്നു ശ്രീവിദ്യ. അവരുടെ അനുകരണ വാസന അപാരമാണ്. സെറ്റിൽ വരുമ്പോൾ എന്റെ മാനറിസങ്ങൾ പ്രത്യേകിച്ചും ഞാൻ സംവിധാനം ചെയ്യുന്ന രീതി, നിർദേശങ്ങൾ കൊടുക്കുന്ന രീതി, നടപ്പ് തുടങ്ങിയവയൊക്കെ എനിക്കും മറ്റുള്ളവർക്ക് മുന്നിലും അനുകരിച്ച് കാട്ടാറുണ്ട്.
ഇത് കണ്ട് സെറ്റ് മുഴുവൻ ഇളകി ചിരിച്ചിട്ടുണ്ട്. വിദ്യ അത്യാസന്ന നിലയിലാണെന്ന് അറിഞ്ഞ നിമിഷം ഞാനവരെ ഫോണിൽ വിളിച്ചു. അതൊരു വൈകിയ രാത്രിയായിരുന്നു. ഒരിക്കലും ഒരു രോഗിണിയോടാണ് സംസാരിക്കുന്നത് എന്ന തോന്നലുണ്ടാക്കരുതെന്ന നിർബന്ധബുദ്ധിയോടെ ഞാൻ പറഞ്ഞു. മഹാന്മാർ മദ്യപിക്കുന്നതുപോലെ, അതിലും ചെറിയ മഹാന്മാർ ചീട്ടുകളിക്കുന്നതുപോലെ, ആശുപത്രിയിലെ ബോറടി മാറ്റാൻ മാത്രം ഞാനും ഭാര്യയും അങ്ങോട്ട് വരട്ടേ എന്റെ ഭാര്യ വരദ ഫോൺ വാങ്ങി.
ബാലുജിക്ക് തന്നോടുള്ള പരിഗണന അറിയാമെന്നും എന്നാൽ രോഗം പകർച്ചവ്യാധിയായതുകൊണ്ട് ഒരു കാരണവശാലും വരരുതെന്നും പറഞ്ഞിട്ട് ഫോൺ എനിക്കുതരാൻ വിദ്യ ആവശ്യപ്പെട്ടു. ശേഷം സീരിയൽ മാലയോഗത്തിന്റെ ഷൂട്ടിങ് വേളയിൽ വിദ്യയെ ആശുപത്രിയിൽ പരിചരിച്ചിരുന്ന അംബുജത്തിന്റെ കരച്ചിൽ എന്റെ ചെവിയിലെത്തി.
പോയി സർ... ചേച്ചി പോയി... ഷൂട്ടിങ് നിർത്തി മേക്കപ്പഴിച്ച് ഞാൻ ഉത്രാടം തിരുനാൾ ആസ്പത്രിയിലെത്തി. മരണാനന്തര തയ്യാറെടുപ്പിന് ആശുപത്രി അധികൃതർ കിണഞ്ഞ് പരിശ്രമിക്കയാണ്. വളരെയടുത്ത ആൾക്കാർക്ക് മാത്രം മൃതദേഹം കാണാം.
എന്നോട് പലരും പറഞ്ഞു. കാണാതിരിക്കുന്നതാണ് നല്ലത്. കണ്ടാൽ നിങ്ങൾ വിശ്വസിക്കില്ല. പക്ഷെ എന്റെ മനസ് പറഞ്ഞു. ഞാൻ കണ്ടില്ല എന്നതുകൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല.
എന്റെ കുടുംബസുഹൃത്താണ്. എനിക്ക് അവസാനമായി ഒന്ന് കാണാതെ വയ്യ. ഞാൻ കണ്ടു... ദൈവമെന്ന മേക്കപ്പ്മാന്റെ ക്രൂരമായ ചെയ്തി ആ മുഖത്ത്... എന്ന് പറഞ്ഞാണ് ബാലചന്ദ്ര മേനോൻ പ്രിയ സുഹൃത്ത് ശ്രീവിദ്യയുമായുള്ള ഓർമകൾ പറഞ്ഞ് അവസാനിപ്പിച്ചത്.