Begin typing your search...

'പല സീനുകളിലും മോഹൻലാലിനെ കണ്ട് കരഞ്ഞുപോയി, അദ്ദേഹം ഒന്നിനും പരാതി പറഞ്ഞില്ല'; നടൻ ബാബു നമ്പൂതിരി

പല സീനുകളിലും മോഹൻലാലിനെ കണ്ട്  കരഞ്ഞുപോയി, അദ്ദേഹം ഒന്നിനും പരാതി പറഞ്ഞില്ല; നടൻ ബാബു നമ്പൂതിരി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രഞ്ജി പണിക്കരുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പ്രജ. സിനിമ പരാജയമായിരുന്നു. നല്ലൊരു തിരക്കഥ ഇല്ലാതെ മാസ് മാത്രം ഉപയോഗിച്ച് ഒരു ചിത്രം വിജയിപ്പിക്കാൻ ആവില്ലെന്ന കാര്യം പ്രജയിലൂടെ തെളിയിക്കപെട്ടു എന്നാണ് അന്നത്തെ സിനിമാപ്രേമികൾ പറഞ്ഞത്. എന്നിരുന്നാലും ചിത്രത്തിൽ എൻഎഫ് വർഗീസ് അവതരിപ്പിച്ച ളാഹേൽ വക്കച്ചൻ, മോഹൻലാലിന്റെ സക്കീർ അലി ഹുസൈൻ, ഷമ്മി തിലകന്റെ ബലരാമൻ എന്നീ കഥാപാത്രങ്ങൾ ഇന്നും സിനിമാപ്രേമികൾ ആരാധിക്കുന്നവയാണ്.

പല സീനുകളിലും നെടുനീളൻ ഡയലോഗ് ശ്വാസംവിടാതെ പറയാൻ മോഹൻലാൽ കഷ്ടപ്പെടുന്നത് വ്യക്തമായി കാണാം. താനും മോഹൻലാൽ ഡയലോഗ് പറയാൻ വിഷമിക്കുന്നത് കണ്ട് സങ്കടപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് നടൻ ബാബു നമ്പൂതിരി. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രജയുടെ പരാജയത്തെ കുറിച്ച് ബാബു നമ്പൂതിരി സംസാരിച്ചത്.

ചിത്രത്തിൽ രാമവർമ തിരുമുൽപ്പാട് എന്ന കഥാപാത്രത്തെയാണ് ബാബു നമ്പൂതിരി അവതരിപ്പിച്ചത്. മോഹൻലാലുമായി ഏറ്റവും കൂടുതൽ കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്ന നടനും ബാബു നമ്പൂതിരി ആയിരുന്നു. സിനിമയുടെ ഡബ്ബ് കഴിഞ്ഞപ്പോൾ സൂപ്പർഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ബാബു നമ്പൂതിരി പറയുന്നു.

'പ്രജ വിജയിക്കാതെ പോയത് സ്‌ക്രിപ്റ്റിന്റെ പ്രശ്‌നം കൊണ്ടാണെന്നാണ് എനിക്ക് തോന്നുന്നത്. സമ്പൂർണ്ണമായൊരു സ്‌ക്രിപ്റ്റ് പ്രജയ്ക്കുണ്ടായിരുന്നില്ല. രഞ്ജി പണിക്കരും ജോഷി സാറും കൂടി എടുത്ത പടമാണ് പ്രജ. നിർമാതാക്കൾ അവരായിരുന്നു. സംവിധായകനോട് കഥ പറഞ്ഞിട്ടുണ്ടാകും പക്ഷെ സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നിരിക്കില്ല.'

'ഓരോ ദിവസവും ഷൂട്ട് ചെയ്യേണ്ട സീൻ എഴുതി കൊണ്ട് വരികയാണ് ചെയ്തത്. ലാലിന് പോലും സ്‌ക്രിപ്റ്റ് കൊടുത്തിട്ടുണ്ടോയെന്ന് സംശയമാണ്. ചിലപ്പോൾ ലാൽ സ്‌ക്രിപ്റ്റ് വായിക്കാതെ അഭിനയിച്ച പടത്തിൽ ഒന്നാകാം പ്രജ. ഒരു തട്ടിക്കൂട്ട് പടമെന്ന് വേണമെങ്കിൽ പറയാം. ഓരോന്നും ഓരോ നല്ല ചെറുകഥകൾ പോലെയായിരുന്നു.'

'എല്ലാ കൂടി ഒരു നോവലിന്റെ രസം ഉണ്ടാകണം അതില്ലായിരുന്നു. ലാൽ ചെയ്ത കഥാപാത്രത്തിന് ആയിരുന്നു ഡയലോഗിന്റെ അതിപ്രസരം. മോഹൻലാലിനെ കൊണ്ട് ഡയലോഗ് പറയിപ്പിക്കുന്നത് കണ്ട് എനിക്ക് തന്നെ സങ്കടമായി. ഡബ്ബ് ചെയ്ത് കഴിഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി. എനിക്ക് ഇത്രത്തോളം അഭിനയിക്കാൻ അറിയാമെന്ന് ഞാൻ മനസിലാക്കിയത് പ്രജയുടെ ഡബ്ബിങ് കഴിഞ്ഞപ്പോഴാണ്.'

'സംവിധായകന്റെ അടുത്ത് പോയി ഐ ആം ത്രിൽഡ് എന്ന് പറഞ്ഞ് ഞാൻ കരഞ്ഞുപോയി. നല്ല സൂപ്പർ പടമായിരിക്കുമെന്നാണ് ഞങ്ങൾ എല്ലാം കരുതിയത്. സ്‌ക്രിപ്റ്റ് എഴുതിയയാളെ ഞാൻ കുറ്റം പറയുകയല്ല. മോഹൻലാൽ ഒന്നിനും പരാതി പറഞ്ഞതുമില്ല. കുറച്ച് കൂടി സമയം എടുത്ത് സ്‌ക്രിപ്റ്റ് ചെയ്യാമായിരുന്നുവെന്നും', ബാബു നമ്പൂതിരി കൂട്ടിച്ചേർത്തു.

പരാജയമായിരുന്നുവെങ്കിലും പ്രജയെ ഒരോ സീനുകൾക്കും പ്രത്യേകം ഫാൻസുണ്ട് എന്നതാണ് മറ്റൊരു സത്യം. സിനിമയിലെ നായകനെക്കാൾ ആളുകൾ ഇഷ്ടപ്പെട്ടത് വില്ലന്മാരെയാണ്.

WEB DESK
Next Story
Share it