പേനയെടുത്ത് ഞാൻ നിന്നപ്പോൾ ഡോക്ടർ പറഞ്ഞു ഫാദർ എന്ന് എഴുതാൻ, അത് വലിയൊരു മൊമന്റായിരുന്നു; ആസിഫ് അലി
മലയാളത്തിലെ മികച്ച നടന്മാരുടെ പട്ടികയിലാണ് ആസിഫ് അലിയുടെ സ്ഥാനം. 2024 ആസിഫിന്റെ സിനിമാ ജീവിതത്തിലെ നല്ലൊരു വർഷം കൂടിയായിരുന്നു. റിലീസ് ചെയ്ത ഭൂരിഭാഗം സിനിമകളും വലിയ വിജയമാവുകയും നിരൂപക പ്രശംസ നേടിയവയുമായിരുന്നു. ഈ വർഷം ആദ്യം റിലീസിനെത്താൻ പോകുന്ന ആസിഫ് അലി സിനിമ രേഖാചിത്രമാണ്. സിനിമയുടെ പ്രമേഷനുമായി സജീവമാണ് നടൻ.
അത്തരത്തിൽ കഴിഞ്ഞ ദിവസം പ്രമോഷന്റെ ഭാഗമായി നടൻ ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഫാദർഹുഡിലെ ഏറ്റവും മനോഹരമായ എന്നും ഓർത്തുവെക്കുന്ന ഹാപ്പിയാക്കിയ ഒരു നിമിഷത്തെ കുറിച്ച് ചോദിച്ചപ്പോൾ നടൻ പറഞ്ഞ മറുപടിയാണ് ശ്രദ്ധനേടുന്നത്. ആദ്യത്തെ കുഞ്ഞ് പിറന്നപ്പോൾ ആശുപത്രിയിലുണ്ടായ ഒരു അനുഭവമാണ് ആസിഫ് പങ്കുവെച്ചത്. ആസിഫിനും ഭാര്യ സമയ്ക്കും രണ്ട് മക്കളാണുള്ളത്. മൂത്ത മകൻ ആദം ഒട്ടുമിക്ക ചടങ്ങുകളിലും ആസിഫിനൊപ്പം ഉണ്ടാകാറുണ്ട്. കോഹിനൂർ സിനിമയുടെ ഓഡിയോ ലോഞ്ചിന് എത്തിയ കുട്ടി ആദം നടൻ മമ്മൂട്ടിയുടെ മടിയിലിരുന്ന് കുസൃതി കാട്ടുന്ന ചിത്രങ്ങൾ ആ ഇടയ്ക്ക് ഏറെ വൈറലായിരുന്നു. മകന്റേയും മകൾ ഹയയുടേയും വിശേഷങ്ങളും ചിത്രങ്ങളും എല്ലാം നടൻ സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്.
മകൻ പിറന്ന ദിവസം നടന്ന ഒരു സംഭവം ഓർത്തെടുത്ത് ആസിഫ് പറഞ്ഞത് ഇങ്ങനെയാണ്... ആദു ജനിച്ച സമയത്ത് കുട്ടിയെ ഇൻകുബേറ്ററിൽ വെച്ചിരുന്നു. ജനിച്ചയുടനെ കുട്ടികളെ ഐസിയു പോലൊരു സംവിധാനത്തിൽ സജീകരിച്ച ലൈറ്റിന് താഴെ കിടത്താറുണ്ട്. ഡെലിവറി കഴിഞ്ഞ് ഒരു മൂന്ന് മണിക്കൂർ സമയത്തേക്കാണ് ഇങ്ങനെ കുഞ്ഞിനെ കൊണ്ടുപോകുന്നത്. കുഞ്ഞിനെ കൊണ്ടുപോകുന്നതിന് മുമ്പ് ഒരു ഫോം നമുക്ക് ഫിൽ ചെയ്യാൻ തരും. അതിൽ റിലേഷൻഷിപ്പ് വിത്ത് ദി പേഷ്യന്റ് എന്ന് പറഞ്ഞൊരു കോളമുണ്ട്. അത് പൂരിപ്പിക്കാനായി പേനയെടുത്ത് ഞാൻ നിന്നപ്പോൾ ഡോക്ടർ എന്റെ അടുത്ത് പറഞ്ഞു ഫാദർ എന്ന് എഴുതാൻ. മുമ്പ് പലതും നമ്മൾ എഴുതിയിട്ടുണ്ട്. സൺ, ഫ്രണ്ട്, ബോയ്ഫ്രണ്ട് അങ്ങനെ ഉള്ളതെല്ലാം എഴുതിയിട്ടുണ്ട്. പക്ഷെ ആദ്യമായാണ് ഫാദറാകുന്നത്. അതുകൊണ്ട് തന്നെ ആ നിമിഷം ഒരു ഭയങ്കര മൊമന്റായിരുന്നു എന്നാണ് ആസിഫ് അലി പറഞ്ഞത്.