നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്നു; അപൂര്‍വ്വരോഗവുമായി അനുഷ്ക ഷെട്ടി
ഇന്ന് തെന്നിന്ത്യയില്‍ ആകെ ഒട്ടനവധി ആരാധകരുള്ള താരമാണ് അനുഷ്ക ഷെട്ടി. അരുന്ധതി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായ അനുഷ്കയുടെ അഭിനയം ആണ് മറ്റ് താരങ്ങളില്‍ നിന്നും വ്യത്യാസതയാക്കുന്നത്.
വളരെ ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രങ്ങളെ എല്ലാം അതി ഗംഭീരമാക്കുന്ന അനുഷ്കയെ പലപ്പോഴും സ്ക്രീനില്‍ നമ്മള്‍ കണ്ടതാണ്. നിലവില്‍ മലയാള ചിത്രം കത്തനാരിലാണ് അനുഷ്ക അഭിനയിക്കുന്നത്. ഈ അവസരത്തില്‍ നടിയുടെ അപൂര്‍വ്വ രോഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ ലോകത്ത് നടക്കുകയാണ്.
നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന രോഗമാണ് തനിക്ക് ഉള്ളതെന്ന് നേരത്തെ അനുഷ്ക തുറന്നു പറഞ്ഞിരുന്നു. സ്യൂഡോബള്‍ബര്‍ അഫക്ട് (Pseudobulbar Affect) എന്നാണ് ഈ രോഗവസ്ഥയുടെ പേര്. മസ്തിഷ്കത്തെ ബാധിക്കുന്ന അപൂര്‍വ്വ ന്യൂറോളജിക്കല്‍ രോഗാവസ്ഥ ആണിത്.
"എനിക്ക് ചിരിക്കുന്നൊരു രോഗം ഉണ്ട്. ചിരിക്കുന്നത് രോഗമാണോ എന്ന് നിങ്ങള്‍ ഒരുപക്ഷേ ചിന്തിച്ചേക്കാം. ചിരി രോഗമല്ല. പക്ഷേ എനിക്കത് രോഗമാണ്. ചിരി തുടങ്ങിയാല്‍ 15 മുതല്‍ 20 മിനിറ്റ് വരെ എനിക്ക് നിര്‍ത്താനാവില്ല. കോമഡി സീനുകള്‍ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ഒക്കെ വല്ലാണ്ട് ചിരിക്കും. ഇക്കാര്യം കൊണ്ട് പലതവണ ഷൂട്ടിങ്ങുകള്‍ മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്", എന്നാണ് അനുഷ്ക പറഞ്ഞത്. അനുഷ്കയുടെ പേഴ്സണല്‍ ട്രെയിനര്‍ ആയ കിരണും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
അതേസമയം, ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കത്തനാര്‍. റോജിൻ തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തില്‍ തമിഴ് താരം പ്രഭുദേവയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം ഈ വര്‍ഷം ക്രിസ്മസിനോ അത് മുന്നോടിയായോ റിലീസ് ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം.