അതാണ് നോമ്പിന്റെ മഹത്വമെന്ന് അബുസലീം- അനൂപ് ചന്ദ്രന്റെ റംസാൻ ഓർമകൾ
കുട്ടിക്കാലം മുതലേ നോമ്പിനെക്കുറിച്ചും റംസാനെക്കുറിച്ചും കേട്ടിട്ടുണ്ട്. അന്നു മുതല്‍ തുടങ്ങിയതാണ് അറിയാനുള്ള ആഗ്രഹം. ലോകത്താകമാനമുള്ള മനുഷ്യര്‍ വര്‍ഷങ്ങളായി അനുഷ്ഠിക്കുന്നതാണ് നോമ്പ്. ഒരു നോമ്പുകാലത്തായിരുന്നു 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസി'ന്റെ ചിത്രീകരണം. അവിടെ, മമ്മൂക്കയും അബുസലീമുമൊക്കെയുണ്ട്. അവര്‍ റംസാന്വ്രതത്തിലായിരുന്നു. ബ്രേക്കില്‍ ഞങ്ങള്‍ സംസാരിച്ചത് നോമ്പിനെക്കുറിച്ചായിരുന്നു.
''എടാ, ഇത്തവണ ഒരാഴ്ചത്തേക്ക് നോമ്പു പിടിയെടാ. നമ്മളാരാണെന്ന് നമുക്കുതന്നെ ബോധ്യം വരും.'' അബുക്ക പറഞ്ഞപ്പോള്‍ അനുസരിച്ചു. ജീവിതത്തില്‍ ആദ്യമായാണു നോമ്പെടുക്കുന്നത്. അത്രയും കാലം ഒരു ദിവസത്തെ വ്രതം പോലുമെടുത്തിട്ടില്ല. നോമ്പ് എന്താണെന്നറിയാനുള്ള ശ്രമമായിരുന്നു എന്റേത്. പിറ്റേന്നു മുതല്‍ രാവിലെ ഏഴുമണിക്ക് അബുക്ക വന്നു മുട്ടിവിളിക്കും. പ്രാര്‍ഥനകള്‍ ചൊല്ലി കൈ തന്നു പിരിയും. വൈകിട്ടായാല്‍ നോമ്പ് മുറിക്കും. വൈകിട്ട് അഞ്ചുമണിയൊക്കെ ആവുമ്പോഴേക്കും വയറ്റിനകത്തുനിന്ന് ആസിഡ് തിളക്കുന്നതുപോലെ തിളപ്പാണ്. ദിവസേന പച്ചക്കറി കഴിക്കുന്ന ആളെ സംബന്ധിച്ചിടത്തോളം നോമ്പ് കുറച്ചു വിഷമമാണ്.
നോമ്പും നിസ്കാരവുമെല്ലാം മതപരമായ അനുഷ്ഠാനങ്ങള്‍ മാത്രമല്ല. ശരീരത്തിനു കൂടി വേണ്ടിയാണ്. നോമ്പിന് ആരോഗ്യകരമായ വശം കൂടിയുണ്ട്. അഞ്ചുനേരം നിസ്കരിക്കുന്ന ആള് ആരോഗ്യവാനായിരിക്കും. ദഹനം കൃത്യമായി നടക്കും. ദഹനം മുറയ്ക്കു നടന്നാല്‍ രോഗമുണ്ടാവില്ല. ഇതൊക്കെ പുതിയ തലമുറയ്ക്കറിയാം. പണ്ടൊക്കെ, നോമ്പിനു തരിക്കഞ്ഞിയായിരുന്നു. ഇന്നത് മാറി.
''എങ്ങനെയുണ്ടായെടാ കഴിഞ്ഞ ഏഴുദിവസം?'' ലൊക്കേഷനില്‍ നിന്ന് പോകാന്നേരം അബുക്ക ചോദിച്ചു. ''മനസിനും ശരീരത്തിനും വല്ലാത്തൊരു ആശ്വാസം തോന്നുന്നു''
''അതാണ് നോമ്പിന്റെ മഹത്വം'' അബുക്ക പറഞ്ഞത് നൂറുശതമാനം ശരിയാണ്. നോമ്പ് ഒരു പുതിയ മനുഷ്യനെയാണ് സൃഷ്ടിക്കുന്നത്. ഒരാള്‍ ത്യാഗം ചെയ്യാന്‍ പോകുമ്പോള്‍ കൂടെ കുറെപ്പേരുണ്ടാവുന്നത് സന്തോഷകരമാണ്. അതുകൊണ്ടാണ് കൂടെ നോമ്പെടുക്കാന്‍ അദ്ദേഹം മറ്റുള്ളവരെ ക്ഷണിക്കുന്നത്.