അനുസിതാരയുടെ നോമ്പുകാല ഓർമകൾ
മലയാളിയുടെ പ്രിയ നായികയാണ് അനുസിതാര. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ, അഭിനയമുഹൂർത്തങ്ങളിലൂടെ മലബാറിൻറെ സുന്ദരി, അനുസിതാര പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. കുട്ടിക്കാലത്തെ റമദാൻ, പെരുന്നാൾ വിശേഷങ്ങൾ താരം തുറന്നുപറയുന്നു:
നോമ്പുകാല ഓർമകളിൽ പ്രിയപ്പെട്ടത് വൈകുന്നേരത്തെ നോമ്പുതുറയാണ്. പലതരം പലഹാരങ്ങളും പത്തിരിയും കുഞ്ഞിപ്പത്തിരിയും ചിക്കനുമൊക്കെ ഉണ്ടാവും. കാരയ്ക്കയും വെള്ളവും കുടിച്ചാണ് നോമ്പുതുറ. റവ കൊണ്ടുണ്ടാക്കുന്ന തരിയാണ് നോമ്പുതുറയിലെ പ്രധാന വിഭവം. എല്ലാ നോമ്പും പറ്റില്ലെങ്കിലും ഞാൻ ഇടയ്‌ക്കൊക്കെ നോമ്പെടുക്കും.
അച്ഛൻ അബ്ദുൾ സലാമും അമ്മ രേണുകയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. അച്ഛൻറെ അമ്മ ഞങ്ങൾക്കൊപ്പമാണ്. ഉമ്മ എല്ലാ നോമ്പും എടുക്കും. അതിനാൽ, എല്ലാ ദിവസവും വൈകുന്നേരം വീട്ടിൽ നോമ്പുതുറയുണ്ടാവും. എനിക്ക് ഭക്ഷണം ഏറെ ഇഷ്ടമാണ്. നോമ്പുതുറയ്ക്ക് എനിക്കു പ്രിയപ്പെട്ട ഭക്ഷണമൊക്കെയുണ്ടാവും. വിവാഹശേഷവും സമയം കിട്ടുമ്പോഴെല്ലാം ഞാൻ വീട്ടിൽ ഓടിയെത്തും. രണ്ടുമൂന്നു ദിവസം നിന്നിട്ടെ തിരിച്ചുപോകൂ. ഇഷ്ടപ്പെട്ട പലഹാരങ്ങൾ കഴിക്കാനാണ് സമയം കിട്ടുമ്പോഴെല്ലാം നാട്ടിലേക്കുപോകുന്നത്. മലബാർ ഏരിയ അല്ലേ, നോന്പുസമയത്തൊക്കെ ഭക്ഷണം കുറച്ചു ലാവിഷായിട്ടാവും ഉണ്ടാവുക. നോമ്പുകാലവും നോമ്പുതുറയും ചെറുപ്പം മുതലേ വലിയ ഇഷ്ടമാണ്- അനു സിതാര പറഞ്ഞു.