സെക്സ് എന്നാൽ ദൈവികമാണ്; സ്റ്റാൻഡപ്പ് കോമഡിക്കുള്ള വിഷയമല്ല: അന്നു കപൂർ
നടൻ അന്നു കപൂർ സോഷ്യൽ മീഡിയയിൽ പലപ്പോഴും ചൂടുപിടിച്ച ചർച്ചകൾക്ക് വഴിയൊരുക്കാറുണ്ട്. ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട് ഒരു ഗർഭനിരോധന ഉറയുടെ പരസ്യത്തിൽ അദ്ദേഹം അഭിനയിച്ചതാണ് ഈ ലിസ്റ്റിലെ ഏറ്റവും പുതിയത്. ഒരുപാട് പരിഹാസങ്ങൾക്കും അദ്ദേഹം ഇതിലൂടെ വിധേയനായി. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയായി രംഗത്തെത്തിയിരിക്കുകയാണ് താരം. യുവപ്രേക്ഷകർ പരസ്യം ശ്രദ്ധിച്ചതിൽ സന്തോഷമുണ്ടെന്നും ഒരു മുത്തച്ഛൻ കൊച്ചുമക്കൾക്ക് നൽകുന്ന ഉപദേശമായി മാത്രം ഇതിനെ കണ്ടാൽമതിയെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പുതിയ പരസ്യത്തേക്കുറിച്ച് ഇന്റർനെറ്റിൽ വരുന്ന പ്രതികരണങ്ങളേക്കുറിച്ച് കേട്ടിരുന്നുവെന്ന് അന്നു കപൂർ പറഞ്ഞു. താൻ ന്യൂസ് ചാനലുകൾ കാണുകയോ പത്രം വായിക്കുകയോ ചെയ്യാറില്ല. ഓഫീസിലെ ജീവനക്കാർ വഴിയാണ് ഈ ചർച്ചയേക്കുറിച്ച് അറിഞ്ഞത്. കുറച്ച് തമാശ കലർന്ന രീതിയിൽ ആളുകൾ വളരെ അനുകൂല മനോഭാവത്തോടെയാണ് ആ പരസ്യത്തെ കണ്ടത്. പക്ഷേ അവർ അതിനെ പരിഹസിക്കുകയായിരുന്നില്ല. ആ പരസ്യനിർമാതാക്കൾ ഉദ്ദേശിച്ചതെന്തോ അതുതന്നെയാണിപ്പോൾ സംഭവിച്ചിരിക്കുന്നതെന്നും അന്നു പറഞ്ഞു.
"ഇപ്പോഴത്തെ കുട്ടികൾക്ക് ക്ലാസെടുത്തുകൊടുക്കാനൊന്നും ഞാനില്ല. ജീവിതപാഠങ്ങളോ മോട്ടിവേഷണൽ സ്പീച്ച് കൊടുക്കാനോ ഞാൻ ആളല്ല. പക്ഷേ ജീവിതത്തിൽ ഞാൻ പഠിച്ച പാഠങ്ങൾ യുക്തിസഹമായി പറയുന്നുവെന്നുമാത്രം. ആളുകൾക്ക് എന്നെ വിശ്വസിക്കുകയോ എന്റെ വാക്കുകൾ ചെവിക്കൊള്ളുകയോ ചെയ്യാതിരിക്കാം. പക്ഷേ അത്രയേറെ വിനയത്തോടെ ഞാനിക്കാര്യം തുറന്നുസംസാരിക്കും. ലൈംഗികതയും അക്രമവുമായി ബന്ധപ്പെട്ട എന്തുകാര്യവും മനുഷ്യരെ ആകർഷിക്കും.
മുൻകരുതലെടുക്കുകയും ശ്രദ്ധയോടെയിരിക്കുകയും വേണമെന്നാണ് ഈ പ്രായമുള്ളയാൾ പറയുന്നത്. ഒരു മുത്തച്ഛൻ തന്റെ കൊച്ചുമക്കൾക്ക് നൽകുന്ന നിർദേശമായി ഇതിനെ കണ്ടാൽ മതി. എന്നിരുന്നാലും അവർ എന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നതിൽ ഞാൻ സന്തുഷ്ടനാണ്. എഴുപത് വയസാകാൻ പോകുന്ന ഞാൻ ഈ പ്രായത്തിൽ എന്തുചെയ്യാനാണ്? മനുഷ്യജീവിതത്തിലെ ഏറ്റവും പവിത്രവും പ്രധാനപ്പെട്ടതുമായ ശാരീരിക വശങ്ങളിലൊന്നാണ് ലൈംഗികത. സ്റ്റാൻഡ്-അപ്പ് കോമഡിക്കുള്ള ഒരു വിഷയമായി ഇതിനെ കണക്കാക്കാനാവില്ല." അന്നു കപൂർ കൂട്ടിച്ചേർത്തു.