രജനികാന്തിന്റെ സഹോദരിയായി അഭിനയിച്ചിട്ടുണ്ടല്ലേ എന്നു ചോദിച്ചു- അഞ്ജു അരവിന്ദ്
അഞ്ജു അരവിന്ദ് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ്. നായികയായും സഹനടിയായും അമ്മയായുമെല്ലാം അവര്‍ വെള്ളിത്തിരയില്‍ തിളങ്ങി. ചലച്ചിത്രലോകത്തെ തന്റെ ചില അനുഭവങ്ങള്‍ തുറന്നുപറയുകയാണ് താരം.
ഇതുവരെ ഒരാളോടും അവസരം ചോദിച്ചു ചെന്നിട്ടില്ലെന്ന് അഞ്ജു അരവിന്ദ്. പക്ഷേ അത് ചെയ്യണം. അതാണ് താന്‍ അനുഭവങ്ങളില്‍ നിന്ന് മനസിലാക്കിയിട്ടുള്ളത്. എന്നാല്‍ അപ്രോച്ച് ചെയ്യണ്ടത് എങ്ങനെയാണെന്ന് അറിയില്ല. അക്കാര്യത്തില്‍ താന്‍ ഇപ്പോഴും കുട്ടിയാണ്. അവിചാരിതമായാണ് ഞാന്‍ തമിഴ് സിനിമയിലേക്ക് എത്തിയത്. ഗുരുവായൂരില്‍ ഞാന്‍ പാര്‍വതി പരിണയം സിനിമയുടെ ഷൂട്ടില്‍ ആയിരിക്കുമ്പോള്‍ അവിടെ മറ്റൊരു ഫോട്ടോഷൂട്ടിന് വന്നതാണ് പൂവേ ഉനക്കാഗ എന്ന ആ സിനിമയുടെ നിര്‍മ്മാതാക്കള്‍. അപ്പോള്‍ എന്നെ കണ്ടു, എന്റെയൊരു ഫോട്ടോ എടുത്തുകൊണ്ട് പോയി.
പിന്നീടാണ് സംവിധായകന്‍ വിക്രമന്‍ സാര്‍ സെലക്ട് ചെയ്തു എന്ന് പറഞ്ഞ് എന്നെ വിളിക്കുന്നത്. അങ്ങനെയാണ് ആദ്യ തമിഴ് സിനിമ ചെയ്യുന്നത്. കുറച്ചു പേര്‍ക്ക് ഒക്കെ ഞാന്‍ അതില്‍ അഭിനയിച്ചത് അറിയാം. ഒരു കോളേജില്‍ ഷൂട്ടിന് പോയപ്പോള്‍ ഇളയദളപതി വിജയുടെ നായികയാണെന്ന് പറഞ്ഞ് ഒരുപാട് പേര്‍ ഫോട്ടോ എടുക്കാന്‍ വന്നു. രജനീകാന്തിന്റെ സഹോദരി ആയി അഭിനയിച്ചിട്ടുണ്ടല്ലേ എന്നൊക്കെ ചോദിച്ചു. അതെല്ലാം സിനിമ തന്ന സന്തോഷങ്ങളാണ് - അഞ്ജു പറഞ്ഞു.