'അച്ഛനെ ഏറ്റവും ഇമോഷണലാക്കിയ സിനിമ അതായിരിക്കും'; അനശ്വര രാജൻ പറയുന്നു
ബാലതാരമായി സിനിമയിലെത്തി ഇന്ന് മലയാള സിനിമയിലെ മുൻനിര നായികയായി മാറിയ നടിയാണ് അനശ്വര രാജൻ. പോയവർഷം പുറത്തിറങ്ങിയ നേരം, ഈ വർഷം ആദ്യം ഇറങ്ങിയ ഓസ്ലർ എന്നീ ചിത്രങ്ങളിലൂടെ മോഹൻലാലിനും മമ്മൂട്ടിയ്ക്കുമെപ്പം അഭിനയിക്കാനും അനശ്വരയ്ക്ക് സാധിച്ചു.
ഇരു ചിത്രങ്ങളും ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. അനശ്വരയുടെ പ്രകടനങ്ങളും കയ്യടി നേടി. നേരിലെ അനശ്വരയുടെ പ്രകടനം കരിയർ ബെസ്റ്റാണെന്നായിരുന്നു പ്രേക്ഷകർ വിലയിരുത്തിയത്. ഇപ്പോഴിതാ നേരിന്റെ ചിത്രീകരണ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അനശ്വര. സഹോദരി ഐശ്വര്യയ്ക്കൊപ്പം ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനശ്വര മനസ് തുറന്നത്.
ഓസ്ലറിന്റെ ലൊക്കേഷനിൽ നിന്നാണ് നേരിന്റെ ലൊക്കേഷനിലേക്ക് പോകുന്നത്. ഓസ്ലറിൽ പൊട്ടുതൊട്ട്, കണ്ണെഴുതി, പൂവ് ചൂടി എൺപതുകളിലെ കഥാപാത്രമായിരുന്നു. നേരിൽ മേക്കപ്പില്ല, ഹെയർസ്‌റ്റൈലിങ്ങില്ല. ചിരിക്കുന്ന ഒരു സീൻ പോലുമില്ല. ഒരാൾ എന്നെ ഉപദ്രവിക്കുകയാണെന്നും ഞാനൊരു റേപ്പ് വിക്ടിമാണെന്നും മനസിലുറപ്പിച്ചു. സിദ്ദിക്കയുമായുള്ള കോമ്പിനേഷൻ സീനുകൾക്ക് ഒരുപാട് അഭിനന്ദനം കിട്ടിയിരുന്നുവെന്നാണ് അനശ്വര പറയുന്നത്.
ആ സീനിൽ ഞാൻ കരയുന്നത് ഗ്ലിസറിൻ ഉപയോഗിക്കാതെയാണ്. സാധാരണ എല്ലാ സെറ്റിലും ഞാൻ നല്ല ആക്ടീവാണ്. പക്ഷെ നേരിന്റെ ലൊക്കേഷനിൽ ആരോടും അധികം സംസാരിച്ചിട്ടില്ലെന്നും അനശ്വര പറയുന്നു. എവിടെയെങ്കിലും പാളിപ്പോയാലോ എന്ന ടെൻഷനുണ്ടായിരുന്നുവെന്നാണ് അനശ്വര പറയുന്നത്. പിന്നാലെ സഹോദരി ഐശ്വര്യ നേരിന്റെ ലൊക്കേഷനിൽ നിന്നും അമ്മ വിളിച്ച് പറയുന്നതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്.
നേരിന്റെ ലൊക്കേഷനിൽ നിന്നും അമ്മ എന്നും വിളിച്ച് അനു മിണ്ടുന്നില്ല, അവൾക്കെന്തോ പറ്റി എന്ന് സങ്കടം പറയുമെന്നാണ് ഐശ്വര്യ പറയുന്നത്. അങ്ങനെ ഓണത്തിന് താൻ കൂട്ടുകാരേയും കൊണ്ട് ഇവളെ കാണാൻ സെറ്റിൽ പോയി. ഞങ്ങളെ കണ്ടിട്ടും അവൾ ഓക്കെയായില്ലെന്നാണ് ഐശ്വര്യ പറയുന്നത്. നേര് കണ്ട അച്ഛന്റെ അനുഭവവും അനശ്വര പങ്കുവെക്കുന്നുണ്ട്.
മോഹൻലാൽ-ജീത്തു ജോസഫ് സിനിമയായതു കൊണ്ടാണ് നേര് തിരഞ്ഞെടുത്തത്. അച്ഛൻ കടുത്ത ലാലേട്ടൻ ഫാനാണ്. സൂപ്പർ ശരണ്യയും തണ്ണീർ മത്തൻ ദിനങ്ങളുമെല്ലാം കണ്ടെങ്കിലും കൊള്ളാമെന്നു മാത്രമേ പറഞ്ഞുള്ളൂ. പക്ഷെ നേര് കണ്ട് അച്ഛൻ കരഞ്ഞു. നിന്റെ സീൻ വരല്ലേ എന്നായിരുന്നു പ്രാർത്ഥനയെന്ന് പറഞ്ഞു. അച്ഛനെ ഏറ്റവും ഇമോഷണലാക്കിയ സിനിമ നേരായിരിക്കുമെന്നും അനശ്വര പറയുന്നുണ്ട്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് നേര്. മോഹൻലാലും അനശ്വരയുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. അതേസമയം ഗുരുവായൂർ അമ്പലനടയിൽ ആണ് അനശ്വരയുടെ പുതിയ സിനിമ. പെരുങ്കളിയാട്ടം, മലയാളി ഫ്രം ഇന്ത്യ, എന്റെ സ്വന്തം പുണ്യാളൻ എന്നീ സിനിമകളും റിലീസിനൊരുങ്ങുന്നുണ്ട്.